മഴക്കുറവ്: കാർഷിക മേഖലയിൽ ഉത്പാദന ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പ്

Wait 5 sec.

ന്യൂഡൽഹി | രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂണിൽ മഴയുടെ അളവ് കുറഞ്ഞതിനാൽ കാർഷിക മേഖലയിൽ ഉത്പാദന ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പ്. നെൽകൃഷി ഉൾപ്പെടെയുള്ള ഖാരിഫ് വിളകളെ മഴക്കുറവ് ബാധിക്കുമെന്നും ആശങ്കയുണ്ട്. ഇത്തവണ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 12.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്തംബർ വരെ 868.6 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ ഇത്തവണ 759.4 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. മഴക്കുറവ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി, കുടിവെള്ള വിതരണം, ജലവൈദ്യുതി ഉത്പാദനം എന്നിവയെ ഇപ്പോൾ തന്നെ ബാധിച്ചതായാണ് റിപോർട്ട്.കാലാവസ്ഥാ നിരീക്ഷണവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയുടെ ലഭ്യതയിൽ കാര്യമായ അസമത്വമുണ്ടായി. ചില പ്രദേശങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ചിലയിടങ്ങളിൽ കടുത്ത മഴക്കുറവും വരൾച്ചയും അനുഭവപ്പെട്ടു. ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് ദക്ഷിണേന്ത്യൻ ഉപദ്വീപ്. മേഖലയിലെ 89 ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തി. കർണാടകയിലെ 31 ജില്ലകളിൽ 26 എണ്ണത്തിലും സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. തമിഴ്നാട്ടിലും മഴയുടെ വിതരണത്തിൽ വലിയ വ്യത്യാസമുണ്ടായി. തൂത്തുക്കുടി ജില്ലയിൽ 65 ശതമാനം മഴ കുറഞ്ഞപ്പോൾ തിരുനെൽവേലിയിൽ 353 ശതമാനം അധികമഴ ലഭിച്ചു. അധികമഴയെ തുടർന്ന് വലിയ വെള്ളപ്പൊക്കവുമുണ്ടായി.അതേസമയം, കർണാടകയിലെ രൂക്ഷമായ മഴക്കുറവ് കൃഷിയെയും ജലലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ജലസംഭരണികളിൽ വെള്ളം കുറഞ്ഞതോടെ ആഴ്ചയിൽ രണ്ട് തവണ ടാങ്കറുകൾ വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. മഹാരാഷ്ട്രയിൽ മഴക്കുറവിനെ തുടർന്ന് 265 താലൂക്കുകളിൽ വരൾച്ച പ്രഖ്യാപിച്ചു. 36 ജില്ലകളിൽ 32 ജില്ലകളിലായാണ് വരൾച്ചാബാധിത താലൂക്കുകൾ. തുടർച്ചയായി 21 ദിവസം കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമാണ് വരൾച്ച പ്രഖ്യാപനത്തിലേക്ക് നയിച്ചത്.മഴക്കുറവ് കാർഷിക മേഖലയെ ബാധിച്ചിട്ടുണ്ട്. നെൽകൃഷിയുടെ വിസ്തൃതി ഖാരിഫ് സീസണിൽ 3.46 ശതമാനം കുറഞ്ഞതായി കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉത്പാദനത്തിലുണ്ടാകാവുന്ന കുറവിനെക്കുറിച്ചുള്ള ആശങ്കക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരിവില ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലും മഴക്കുറവ് രൂക്ഷമായിരുന്നു. ഇവിടെ ആകെ 1,071.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദീർഘകാല ശരാശരിയേക്കാൾ 26 ശതമാനം കുറവാണിത്. മേഘാലയയിൽ 60 ശതമാനവും മണിപ്പൂരിൽ 45 ശതമാനവും ബിഹാറിൽ 32 ശതമാനവും മഴ കുറഞ്ഞു. വടക്കുപടിഞ്ഞാറൻ മേഖലയിലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലും മഴക്കുറവ് രേഖപ്പെടുത്തി. Content Highlights:India experienced a 12.6 percent deficit in southwest monsoon rainfall, leading to widespread agricultural concerns and kharif crop reductions. States like Karnataka and Maharashtra face severe drought conditions, water shortages, and supply disruptions. The rainfall deficit has significantly impacted rice cultivation, reservoir levels, and regional water supply systems.