മണ്ണിന്റെ മണമുള്ള മനുഷ്യന്‍

Wait 5 sec.

ചില മനുഷ്യർ ചരിത്രത്തിന്റെ ഭാഗമാകുന്നത് അവർ നേടിയ സമ്പത്തിന്റെ വലുപ്പംകൊണ്ടല്ല; അവർ ജീവിച്ച മൂല്യങ്ങളുടെ ആഴംകൊണ്ടാണ്. ചിലർ ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്നത് അധികാരത്തിന്റെ പടവുകൾ കയറിയല്ല, മറിച്ച് മണ്ണിനോട് ചേർന്നുനിന്നുകൊണ്ടാണ്. അങ്ങനെയൊരാളായിരുന്നു വയനാടിന്റെ സ്വന്തം ചെറുവയൽ രാമേട്ടൻ. അദ്ദേഹത്തിന്റെ വിയോഗം ഒരു വ്യക്തിയുടെ വേർപാടു മാത്രമല്ല, മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും ഒരേ ഹൃദയത്താൽ സ്നേഹിച്ച ഒരു ജീവിതദർശനത്തിന്റെ നിശബ്ദമായ വിടവാങ്ങൽ കൂടിയാണ്.രാമേട്ടനെക്കുറിച്ച് എഴുതുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് അദ്ദേഹത്തിന്റെ കൃഷിയിടമോ പൈതൃക നെൽവിത്തുകളോ മാത്രമല്ല. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും അദ്ദേഹം പകർന്നുതന്ന ജീവിതപാഠങ്ങളുമാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിൽ എനിക്ക് വഴികാട്ടിയായ മനുഷ്യരിൽ ഒരാളായിരുന്നു ചെറുവയൽ രാമേട്ടൻ.2020 മുതൽ 2025 വരെ വയനാട് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധിയായും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച കാലയളവിൽ രാമേട്ടനുമായി അടുത്തിടപഴകാനും അദ്ദേഹത്തിന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും കൂടുതൽ അടുത്തറിയാനും അവസരമുണ്ടായി. ആ ബന്ധം കേവലം ഒരു പൊതുപ്രവർത്തകനും കൃഷിക്കാരനും തമ്മിലുള്ള പരിചയമായിരുന്നില്ല. പ്രകൃതിയോടും സമൂഹത്തോടും മനുഷ്യനോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമിപ്പിച്ച ഗുരുതുല്യ ബന്ധമായിരുന്നു അത്.രാമേട്ടനിൽനിന്ന് ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ പാഠം ഇതായിരുന്നു: നമ്മൾ എത്രത്തോളം നേടി എന്നതിലല്ല, നമുക്കുശേഷം ഈ ലോകത്തിന് എന്ത് ബാക്കിവെച്ചു എന്നതിലാണ് ജീവിതത്തിന്റെ യഥാർഥ മൂല്യം.സർക്കാർ ജോലി ഉപേക്ഷിച്ച് മണ്ണിലേക്ക്രാമേട്ടന്റെ ജീവിതകഥ കേൾക്കുമ്പോൾ ഇന്നത്തെ തലമുറക്ക് അതിശയം തോന്നിയേക്കാം. ജീവിതത്തിൽ സുരക്ഷിതമായൊരു ജോലി ലഭിക്കുക എന്നത് എത്രയോ പേരുടെ സ്വപ്നമാണ്. എന്നാൽ യുവാവായിരുന്ന രാമൻ ആ സ്വപ്നത്തെക്കാൾ വലുതായി കണ്ടത് തന്റെ മണ്ണിനോടുള്ള കടമയായിരുന്നു.1969ൽ കണ്ണൂർ ഡി എം ഒ ഓഫീസിൽ വാർഡനായി സർക്കാർ ജോലി ലഭിച്ചിട്ടും അദ്ദേഹം അത് ഉപേക്ഷിച്ച് കൃഷിയിലേക്ക് മടങ്ങിയെന്ന ജീവിതകഥ പ്രസിദ്ധമാണ്. കുടുംബത്തിന്റെ ഭൂമിയും കൃഷിയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തെ ആ തീരുമാനത്തിലേക്ക് നയിച്ചു. അന്ന് രാമേട്ടൻ എടുത്ത തീരുമാനം ഒരു ജോലിയെ നിരസിക്കുക മാത്രമായിരുന്നില്ല. സ്വന്തം ജീവിതത്തിന് എന്താണ് അർഥം നൽകുന്നതെന്ന് തിരിച്ചറിഞ്ഞ ഒരു മനുഷ്യന്റെ ഉറച്ച പ്രഖ്യാപനമായിരുന്നു അത്. ലോകം ഇന്ന് കരിയർ വളർച്ചയെയും സാമ്പത്തിക സുരക്ഷിതത്വത്തെയും വിജയത്തിന്റെ മാനദണ്ഡങ്ങളായി കാണുമ്പോൾ, രാമേട്ടന്റെ ജീവിതം മറ്റൊരു ചോദ്യം ചോദിക്കുന്നു: നമ്മുടെ ജീവിതംകൊണ്ട് നമുക്ക് ചുറ്റുമുള്ള ലോകത്തിന് എന്ത് നന്മ ചെയ്യാൻ കഴിയും? ആ ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞത് വാക്കുകളിലൂടെയല്ല, ജീവിതത്തിലൂടെയായിരുന്നു.ഒരു മനുഷ്യനിൽ ഒതുങ്ങാത്ത വിത്തുകളുടെ ലോകംവയനാട്ടിലെ കമ്മനയിലെ പുല്ലുമേഞ്ഞ പഴയ വീട്ടിൽ രാമേട്ടൻ സൂക്ഷിച്ചുപോന്നത് നെൽവിത്തുകൾ മാത്രമായിരുന്നില്ല. ഒരു ജനതയുടെ കാർഷികചരിത്രവും പാരമ്പര്യവും പ്രകൃതിയുടെ ജൈവവൈവിധ്യവുമായിരുന്നു. നാടൻ നെൽവിത്തുകൾ ശേഖരിക്കാനും സംരക്ഷിക്കാനും അദ്ദേഹം നടത്തിയ പരിശ്രമം അതുല്യമാണ്. തലമുറകളിലൂടെ കൈമാറിവന്ന വിത്തുകൾ അന്യംനിന്നുപോകുന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. ആ വേദനയാണ് വിത്തുകളുടെ കാവൽക്കാരനായി മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.അദ്ദേഹത്തിന്റെ കൈകളിലൂടെ സംരക്ഷിക്കപ്പെട്ട ഓരോ വിത്തിലും ഒരു കാലത്തിന്റെ ഓർമയുണ്ട്.ഒരു പ്രദേശത്തിന്റെ കാലാവസ്ഥയോടും മണ്ണിനോടും മനുഷ്യരുടെ ജീവിതത്തോടും ഇണങ്ങിച്ചേർന്ന കാർഷികജ്ഞാനമുണ്ട്. ലോകം അദ്ദേഹത്തെ “ജീൻ ബാങ്കർ’ എന്നു വിളിച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് പ്രശസ്തിക്കുവേണ്ടിയുള്ള ആഗ്രഹമായിരുന്നില്ല. വരുംതലമുറയ്ക്ക് പ്രകൃതിയുടെ സമ്പത്ത് കൈമാറണമെന്ന നിഷ്കളങ്കമായ ഉത്തരവാദിത്വബോധമായിരുന്നു. രാമേട്ടന്റെ കാഴ്ചപ്പാടിൽ വിത്ത് വെറുമൊരു കാർഷിക ഉത്പന്നമല്ല. അതൊരു ജീവന്റെ തുടർച്ചയാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് വിപണിയുടെ താത്പര്യങ്ങൾക്കുവേണ്ടി മാത്രമല്ല, പ്രകൃതിയുടെ നിലനിൽപ്പിനും മനുഷ്യരാശിയുടെ ഭാവിക്കും വേണ്ടിയാണ്.ഇന്ന് കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യസുരക്ഷയും കാർഷികപ്രതിസന്ധിയും ലോകം ഗൗരവത്തോടെ ചർച്ച ചെയ്യുമ്പോൾ, രാമേട്ടനെപ്പോലുള്ള മനുഷ്യരുടെ ജീവിതാനുഭവങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടാകുന്നു.ഒരു വിത്ത് മണ്ണിൽ വീണ് പുതിയൊരു ജീവൻ മുളപ്പിക്കുന്നതുപോലെ, അദ്ദേഹം പകർന്നുതന്ന ആശയങ്ങൾ പുതിയ തലമുറയുടെ മനസ്സുകളിൽ മുളച്ചുപൊന്തണം. മണ്ണിനെ സ്നേഹിക്കുന്ന കുട്ടികളിലും കൃഷിയെ ഉപജീവനമാർഗമായി കാണുന്ന യുവാക്കളിലും പ്രകൃതിയെ സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന മനുഷ്യരിലും അദ്ദേഹത്തിന്റെ ജീവിതം തുടരണം.Content Highlights:Cheruvayal Raman of Wayanad passed away leaving behind a historic legacy of preserving traditional paddy seeds. He gave up a government job in 1969 to dedicate his entire life to organic farming and seed conservation. His inspiring life serves as a guiding light for future generations to protect nature.