മനാമ: ബഹ്റൈൻ പ്രതിഭയുടെ അന്തർദേശീയ നാടകരചനാ അവാർഡിനുള്ള ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രമുഖ നാടകപ്രവർത്തകനും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഡോ. പ്രമോദ് പയ്യന്നൂർ ചെയർമാനായുള്ള മൂന്നംഗ ജൂറിയെയാണ് പ്രഖ്യാപിച്ചത്.നിലവിൽ കന്യാകുമാരിയിലെ എൻ.ഐ. യൂണിവേഴ്സിറ്റി ഫിലിം അക്കാദമി ഡയറക്ടറായി പ്രവർത്തിക്കുന്ന ഡോ. പ്രമോദ് പയ്യന്നൂർ, കെ.പി.എ.സി.യുടെ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും വിവിധ പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.അഭിനയത്തിലും നാടൻപാട്ട് രംഗത്തും 25 വർഷമായി സജീവമായ ഷൈലജ പി. അംബുവാണ് ജൂറിയിലെ മറ്റൊരംഗം. കാന്തി എന്ന സിനിമയിലെ അഭിനയത്തിന് അമേരിക്കയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ബൂസ്റ്ററിൽ നിന്ന് മികച്ച നടിക്കുള്ള പുരസ്കാരം ഷൈലജ നേടിയിട്ടുണ്ട്.കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മാ ജ്യോതിബ ഫുലെ നാഷണൽ അവാർഡ് ജേതാവും നാടക-ചലച്ചിത്ര പ്രവർത്തകനുമായ പുരുഷൻ കടലുണ്ടിയാണ് മൂന്നാമത്തെ ജൂറി അംഗം. നൂറോളം തെരുവുനാടകങ്ങളും 42 അമച്വർ നാടകങ്ങളും മൂന്ന് തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.ബഹ്റൈൻ പ്രതിഭ എല്ലാ വർഷവും നൽകിവരുന്ന നാടകരചനാ അവാർഡിലെ ജേതാവിന് പ്രശസ്ത നാടകപ്രവർത്തകൻ പപ്പൻ ചിരന്തനയുടെ പേരിലുള്ള ശിൽപ്പവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും സമ്മാനിക്കുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.The post ബഹ്റൈൻ പ്രതിഭ അന്തർദേശീയ നാടകരചനാ അവാർഡ് 2026: ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.