കേരളം വീണ്ടും അതിതീവ്രമഴ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കെടുതികളുടെ നടുവിലാണ്. കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ പേരുടെ ജീവന്‍ നഷ്ടമായി. വീടുകള്‍ തകര്‍ന്നും വെള്ളം കയറിയും നിരവധി കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നു. കൃഷിയിടങ്ങള്‍ നശിച്ചു. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മലയോര മേഖലകളും തീരദേശങ്ങളും അതീവ ദുരിതത്തിലാണ്. ഈ പ്രകൃതി ദുരന്തത്തേക്കാള്‍ ആശങ്കയുണര്‍ത്തുന്നത് ദുരന്തമുഖത്ത് ജനങ്ങള്‍ക്ക് തുണയാകേണ്ട കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ക്ക് സംഭവിച്ച പാളിച്ചയും പരാജയവുമാണ്.പല പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യമുണ്ടായിട്ടും വൈകിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന പരാതി വ്യാപകമാണ്. ഇതുമൂലം പ്രദേശവാസികളെ യഥാസമയം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധിച്ചില്ല. മുമ്പ് ദുരന്തങ്ങള്‍ നേരിട്ട മലയോര മേഖലകളില്‍ പോലും വൈകിയാണ് മുന്നറിയിപ്പ് വന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ സംസ്ഥാനത്തൊരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. ഓറഞ്ച് അലര്‍ട്ട് മാത്രമാണുണ്ടായിരുന്നത്. കൃത്യമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതില്‍ വന്ന വീഴ്ചയാണ് തെക്കന്‍, മധ്യകേരളത്തിലെ ജില്ലകളില്‍ ദുരന്തങ്ങളുടെ ആഴം വര്‍ധിപ്പിച്ചതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.2021ല്‍ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും 2018ലെ പ്രളയത്തില്‍ മുങ്ങിപ്പോയ റാന്നിയിലും മറ്റും തുടര്‍ച്ചയായി തീവ്രമഴ പെയ്തിട്ടും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാനോ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിച്ചില്ല. വടക്കന്‍ ജില്ലകളില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് അന്ന് കാലത്ത് ഏഴ് മണിയോടെയാണ്. അപ്പോഴേക്കും മിക്കപ്രദേശങ്ങളിലും മതപഠന കേന്ദ്രങ്ങളില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അറബിക്കടലിനോട് ചേര്‍ന്ന് കേരള തീരത്ത് മേഘരൂപവത്കരണം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ച് കാലാവസ്ഥാ വിദഗ്ധരും സൈറ്റുകളും മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന കാലാവസ്ഥാ വകുപ്പിന് ഇതനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായില്ലെന്നത് ഗുരുതര വീഴ്ചയാണ്.മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും സമാനവീഴ്ച സംഭവിച്ചു. കടല്‍ക്ഷോഭവും ശക്തമായ കാറ്റും നേരത്തേ മനസ്സിലാക്കി കടലില്‍ ഇറങ്ങുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ നിരീക്ഷണ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും പരാജയപ്പെട്ടതായി പരാതി വ്യാപകമാണ്. തിരുവനന്തപുരത്തെ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കൃത്യമായ മുന്നറിയിപ്പ് നല്‍കാനും ഒറ്റപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനും വൈകിയതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.ശാസ്ത്രവും സാങ്കേതിക സംവിധാനങ്ങളും വന്‍പുരോഗതി ആര്‍ജിച്ചെങ്കിലും കൃത്യമായ കാലാവസ്ഥാ പ്രവചനം ഇന്നും വെല്ലുവിളിയാണ്. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയില്‍ പ്രാദേശികതലത്തില്‍ രൂപപ്പെടുന്ന അതിതീവ്ര മഴയെയും ലഘുമേഘ സ്‌ഫോടനങ്ങളെയും പ്രവചിക്കുന്നത് അതിസങ്കീര്‍ണമാണ്. ഈ സാഹചര്യത്തില്‍ പ്രവചനത്തിലെ ചെറിയ പിഴവ് ചൂണ്ടിക്കാട്ടി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ അടച്ചാക്ഷേപിക്കുന്നത് നീതിയാകില്ല. അതേസമയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിതീവ്രമഴ പതിവു സംഭവമായി മാറുമെന്ന് വര്‍ഷങ്ങളായി ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കി വരുന്നു. ഇത് പരിഗണിച്ച് ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മോശമായ കാലാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇതില്‍ സംഭവിക്കുന്ന വീഴ്ച അത്ര ചെറുതായി കാണാനാകില്ല. കാലാവസ്ഥാ മുന്നറിയിപ്പ് അത്ര കൃത്യമാകണമെന്നില്ലെങ്കിലും ഭരണകൂടത്തിന്റെ ജാഗ്രത എപ്പോഴും സജീവമായിരിക്കണം.ദുരന്തം വന്ന ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ അത് സംഭവിക്കുന്നതിന് മുമ്പുള്ള തയ്യാറെടുപ്പിനാണ് പ്രാധാന്യമെന്ന് 2018ലെ മഹാപ്രളയം പാഠം നല്‍കിയതാണ്. അതിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശേഷിയും സാങ്കേതിക സൗകര്യങ്ങളും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. രക്ഷാപ്രവര്‍ത്തനത്തിലും മുന്നൊരുക്കത്തിലും തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ സജ്ജമാക്കിയതും മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിച്ചതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഓരോ മഴക്കാലത്തും രക്ഷാപ്രവര്‍ത്തനത്തിലെ അപാകതയും വീഴ്ചയും സംബന്ധിച്ച പരാതികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ സംവിധാനങ്ങളുടെ കാര്യക്ഷമത കൂടുതല്‍ ആഴത്തില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. കേന്ദ്ര- സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സുതാര്യവും തത്സമയവുമാക്കണം. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ഒരേ അലര്‍ട്ട് സന്ദേശം നല്‍കുന്ന പരമ്പരാഗത രീതിക്ക് പകരം പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ് തലങ്ങളില്‍ അപകട സാധ്യത തിരിച്ചറിഞ്ഞ് സൂക്ഷ്മമായ ജാഗ്രതാ മുന്നറിയിപ്പ് സാധ്യമാക്കേണ്ടതുണ്ട്. ഉപഗ്രഹ സന്ദേശങ്ങള്‍, ഡോപ്ലര്‍ റഡാര്‍, മണ്ണിലെ ഈര്‍പ്പത്തിന്റെ അളവ് രേഖപ്പെടുത്തുന്ന സെന്‍സറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ സംയോജിപ്പിച്ച് കൂടുതല്‍ കൃത്യമായ പ്രാദേശിക മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്താവുന്നതാണ്. മുന്‍കൂട്ടി ലഭിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങളാണ് മലയോര- തീരദേശ മേഖലകളില്‍ ജീവനും സ്വത്തും രക്ഷിക്കാനുള്ള മാര്‍ഗം.