ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കു നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ പാര്‍ലിമെന്റില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് പാര്‍ലിമെന്റിന്റെ മഴക്കാല സമ്മേളനം ഒരു നിര്‍ണായക നിയമ നിര്‍മാണത്തിന് സാക്ഷ്യം വഹിച്ചത്. തെരുവില്‍ പൗരന്മാര്‍ ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ വേണ്ടി പോരാടുമ്പോള്‍, പ്രതിപക്ഷ ബഹളങ്ങളുടെ മറവില്‍ യാതൊരുവിധ അക്കാദമിക്, രാഷ്ട്രീയ ചര്‍ച്ചകളുമില്ലാതെ ഒരു ഒളി അജന്‍ഡ പോലെയാണ് രജിസ്‌ട്രേഷന്‍ ഓഫ് ബര്‍ത്ത്‌സ് ആന്‍ഡ് ഡെത്ത്‌സ് ഭേദഗതി ബില്ല് 2026 പാസാക്കപ്പെട്ടത്. വ്യാജരേഖകള്‍ തടയുക എന്ന ഔദ്യോഗിക ന്യായീകരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോള്‍, സാധാരണക്കാരന്റെ മേല്‍ പുതിയൊരു ഭരണാധികാരത്തിന്റെ വാള്‍ത്തല ഉയര്‍ത്തുന്നതാണ് ഈ ഭേദഗതി. 1969ലെ മൂലനിയമത്തെയും 2023ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളെയും അടിമുടി മാറ്റിമറിക്കുന്ന ഈ പുതിയ നിയമം, ജനന രജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തില്‍ വൈകിയാല്‍ അത് ഭരണഘടനാപരമായ കുറ്റകൃത്യം പോലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വിചാരണക്ക് വിധേയമാക്കുന്നു.ഈ നിയമത്തിന്റെ കറുത്ത വശങ്ങള്‍ പൂര്‍ണമായി തിരിച്ചറിയണമെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് സംഭവിച്ച ഘടനാപരമായ മാറ്റങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. 2023ല്‍ രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന്‍ സംവിധാനത്തെ കേന്ദ്രീകൃത ഡിജിറ്റല്‍ ശൃംഖലയിലേക്ക് മാറ്റിയതോടെ, ജനന സര്‍ട്ടിഫിക്കറ്റ് എന്നത് കേവലം ഒരു വിവരമറിയിക്കല്‍ രേഖയല്ലാതായി മാറി. സ്‌കൂള്‍ പ്രവേശനം, പാസ്സ്പോര്‍ട്ട്, വോട്ടര്‍പ്പട്ടിക, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവക്കൊക്കെ ജനന സര്‍ട്ടിഫിക്കറ്റ് “ഏക പ്രാഥമിക തെളിവ്’ ആയി മാറി. ഈ പശ്ചാത്തലത്തിലാണ് 2026ലെ പുതിയ സെക്്ഷന്‍ 13(3എ) ഭേദഗതി കടന്നുവരുന്നത്. 1969ലെ നിയമപ്രകാരം ഒരു വര്‍ഷത്തിന് ശേഷം വൈകുന്ന രജിസ്‌ട്രേഷനുകള്‍ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അനുമതി മതിയെന്നിരിക്കെ, പുതിയ ബില്ല് അതിനെ രണ്ടായി തിരിക്കുന്നു. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള വൈകലിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അനുമതി മതിയെങ്കിലും, രണ്ട് വര്‍ഷത്തിന് മുകളിലുള്ള വൈകിയ രജിസ്‌ട്രേഷനുകള്‍ക്ക് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ്സിന്റെ നേരിട്ടുള്ള വിചാരണയും ഉത്തരവും നിര്‍ബന്ധമാക്കിയിരിക്കുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 സെക്്ഷന്‍ 14(1) അനുസരിച്ചുള്ള നടപടിക്രമങ്ങളോടെയുള്ള ഈ മാറ്റം സാധാരണക്കാരനായ പൗരനെ സംബന്ധിച്ചിടത്തോളം വലിയ നിയമക്കുരുക്കാണ്.നിയമ നിര്‍മാണത്തിലെ ഭരണകൂടത്തിന്റെ ലക്ഷ്യം വ്യാജരേഖകള്‍ തടയുക എന്നതാണെങ്കിലും, ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെയും സമത്വത്തിന്റെയും ഉരകല്ലില്‍ ഈ പുതിയ ഭേദഗതി പൂര്‍ണമായും പരാജയപ്പെടുന്നു. സുപ്രീം കോടതിയുടെ ചരിത്രപ്രസിദ്ധമായ വിധികളായ “രാം കൃഷ്ണ ഡാല്‍മിയ വേഴ്‌സസ് ജസ്റ്റിസ് തെണ്ടൊല്‍ക്കര്‍’, “സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ വേഴ്‌സസ് അന്‍വര്‍ അലി സര്‍ക്കാര്‍’ എന്നിവ പ്രകാരം നിയമപരമായ ഏത് തരംതിരിവും കൃത്യമായ ഒരടിത്തറയിലുള്ളതായിരിക്കണമെന്നും അത് നിയമത്തിന്റെ ലക്ഷ്യവുമായി യുക്തിസഹമായി ബന്ധപ്പെട്ടിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, രണ്ട് വര്‍ഷം വൈകിയെന്ന ഒറ്റക്കാരണത്താല്‍ പൗരനെ മുഴുവന്‍ വ്യാജരേഖാ നിര്‍മാതാവായി മുദ്രകുത്തി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നിലേക്ക് തള്ളിവിടുന്നത് ഭരണഘടനാ അനുഛേദം 14 നല്‍കുന്ന സമത്വത്തിന് മേലുള്ള നേരിട്ടുള്ള പ്രഹരമാണ്. വ്യാജരേഖ തടയുക എന്നത് ന്യായമായ ലക്ഷ്യമാണെങ്കിലും, രണ്ട് വര്‍ഷത്തിനു ശേഷമുള്ള എല്ലാ വൈകിയ രജിസ്‌ട്രേഷനുകളെയും ക്രിമിനല്‍ സ്വഭാവമുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണയിലേക്ക് മാറ്റുന്നത് ക്ഷന്തവ്യമല്ല.ഇന്ത്യയില്‍ ദേശീയ പൗരത്വ രജിസ്റ്ററും പോപ്പുലേഷന്‍ രജിസ്റ്ററും നടപ്പാക്കുമെന്ന ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ നിയമം വന്നത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നാടോടി സമൂഹങ്ങള്‍, ആദിവാസികള്‍, ഗ്രാമീണ മേഖലകളില്‍ വീടുകളില്‍ പ്രസവിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യര്‍, കുടിയേറ്റ തൊഴിലാളികള്‍, ഔദ്യോഗിക രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ അറിയാത്ത പാവപ്പെട്ടവര്‍ എന്നിവരാണ് ഈ നിയമത്തിന്റെ ആദ്യ ഇരകള്‍. വോട്ട് ചെയ്യാനും റേഷന്‍ വാങ്ങാനും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കുന്ന കാലത്ത്, അത് വൈകിയതിന്റെ പേരില്‍ കോടതി കയറി ഇറങ്ങേണ്ടി വരുന്നത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളില്‍ വലിയൊരു പൗരത്വ ഭീതിയാണ് സൃഷ്ടിക്കുന്നത്. കോടിക്കണക്കിന് സിവില്‍- ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന ഇന്ത്യയിലെ കീഴ്‌ക്കോടതികളിലേക്ക്, ജനന സര്‍ട്ടിഫിക്കറ്റ് തേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ കൂടി എത്തുമ്പോള്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭനാവസ്ഥയിലാകും.പൗരന്റെ അവകാശങ്ങളും ഭരണകൂടത്തിന്റെ സുരക്ഷാ താത്പര്യങ്ങളും ഒരുപോലെ സംരക്ഷിക്കുന്നതിനായി ഈ നിയമത്തില്‍ അടിയന്തരമായ തിരുത്തലുകള്‍ ആവശ്യമാണ്. വൈകിയ എല്ലാ അപേക്ഷകളെയും കോടതിയിലേക്ക് അയക്കാതെ, തര്‍ക്കമില്ലാത്ത അപേക്ഷകളില്‍ റവന്യൂ അഡ്മിനിസ്‌ട്രേഷന് അന്തിമ അധികാരം നല്‍കുകയും കൃത്യമായ തര്‍ക്കങ്ങളും സംശയങ്ങളുമുള്ള കേസുകള്‍ മാത്രം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് വിടുകയും ചെയ്യുന്ന റിസ്‌ക് അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ രീതിയാണ് നടപ്പിലാക്കേണ്ടത്. കോടതി കയറേണ്ടി വരുന്ന അപേക്ഷകര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി സൗജന്യ അഭിഭാഷക സേവനം ഉറപ്പാക്കാനും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തുന്ന നടപടികള്‍ ക്രിമിനല്‍ വിചാരണ പോലെയാക്കാതെ സാക്ഷി വിസ്താരങ്ങളില്ലാത്ത ലളിതമായ സംക്ഷിപ്ത അന്വേഷണമാക്കി മാറ്റാനും നിയമഭേദഗതി ഉണ്ടാകേണ്ടതുണ്ട്. സ്വന്തം ജന്മനാടുകളിലെ കോടതികളില്‍ നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് അടക്കമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.അപേക്ഷകന്റെ കൈയില്‍ കൃത്യസമയത്തെ രേഖകളില്ലാത്തത് അവന്‍ പൗരനല്ലാത്തതുകൊണ്ടല്ല, മറിച്ച് അവന്‍ ജീവിച്ച ദുര്‍ഘടമായ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കൊണ്ടാണ്.ജന്തര്‍ മന്തറിലെ പ്രക്ഷോഭങ്ങളും ജനങ്ങളുടെ ആശങ്കകളും അവഗണിച്ചുകൊണ്ട് പാര്‍ലിമെന്റില്‍ തിരക്കിട്ട് പാസാക്കിയ ഈ ഭേദഗതി പൗരനെ സ്വന്തം രാജ്യത്ത് അഭയാര്‍ഥിയാക്കാനുള്ള നീക്കമായി മാറരുത്.സാങ്കേതിക തിട്ടൂരങ്ങള്‍ കൊണ്ട് സാധാരണക്കാരന്റെ സിവിലിയന്‍ അസ്തിത്വം റദ്ദാക്കപ്പെടാതിരിക്കാന്‍ ഭരണകൂടവും നീതിപീഠവും ഒരുപോലെ ജാഗ്രത പാലിച്ചേ മതിയാകൂ.