അടൂര്‍ | വൈദ്യുതി കമ്പി പൊട്ടിവീണ് കെട്ടിട നിര്‍മാണ തൊഴിലാളിക്ക് ഷോക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി തേവലക്കര മുള്ളിക്കര നടയില്‍ കിഴക്കേതില്‍ എ ആദിത്യന്‍(22)നാണ് ഷോക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ 9.30ന് പയ്യനല്ലൂരിന് സമീപം വച്ചാണ് സംഭവം. പിക്കപ്പില്‍ കൊണ്ടുവന്ന എം സാന്റ് ഇറക്കുന്നതിനായി സ്ഥലം ഒരുക്കുന്നതിനിടയിലാണ് കമ്പി പൊട്ടിവീണത്. ദേഹത്ത് കമ്പി തട്ടിയതോടെ ആദിത്യന്‍ തെറിച്ചു വീണു. വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതി പ്രവഹിക്കുന്നതിനാല്‍ ഒപ്പം ജോലി ചെയ്തിരുന്നവര്‍ സമീപത്തെ കടയില്‍ നിന്നും പൈപ്പ് എടുത്തുകൊണ്ട് വന്നാണ് ലൈന്‍ കമ്പി മാറ്റിയത്. കമ്പി പൊട്ടിയ ഭാഗത്തെ പൊതുമരാമത്തിന്റെ അധീനതയിലുണ്ടായിരുന്ന അപകടകരമായി നിന്ന മരത്തിന്റെ ശിഖരങ്ങള്‍ അടുത്ത സമയത്താണ് മുറിച്ചുമാറ്റിയത്. പലപ്പോഴായി ഈ മരത്തില്‍ കമ്പി ഉരസിയതുകൊണ്ടോ മറ്റെവിടെയെങ്കിലും ലൈന്‍ ഷോട്ട് ആയപ്പോള്‍ അപകടം ഉണ്ടായ ഭാഗത്തെ കമ്പിക്ക് ഉലച്ചില്‍ ഉണ്ടായതോ ആകാം വൈദ്യുതി കമ്പി പൊട്ടാന്‍ കാരണമെന്നാണ് വൈദ്യുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. പൊട്ടിയ ഭാഗത്തെ വൈദ്യുതി കമ്പിക്ക് കനം കുറവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആദിത്യന്‍ അപകടം നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.Content Highlights: A 22-year-old construction worker named Adithyan was electrocuted after an overhead power line snapped and fell on him in Adoor. Co-workers rescued him using a plastic pipe to move the live wire. He was admitted to Lifeline Hospital in Adoor, where doctors confirmed he is out of danger.