അതിതീവ്ര മഴ: കേരളം കൂടുതല്‍ ദുരന്തസാധ്യതയിലേക്ക്

Wait 5 sec.

പാലക്കാട് | സംസ്ഥാനത്ത് ഇന്നലെയും വ്യാപകമായി ശക്തമായ മഴ ലഭിച്ചു. മധ്യകേരളത്തിലും ഹൈറേഞ്ച് മേഖലയിലുമാണ് മഴയുടെ തീവ്രത കൂടുതലായി അനുഭവപ്പെട്ടത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴ പെയ്തപ്പോള്‍ വടക്കന്‍ ജില്ലകളിലും മഴ ശക്തമായി തുടരുകയായിരുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ ലഭിക്കുന്ന പ്രവണത വീണ്ടും വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ്. ഇവിടെ 149 മി.മീറ്റര്‍ മഴ രേഖപ്പെടുത്തി.വര്‍ധനവില്ല, മാറിയത് സ്വഭാവംഒരു നൂറ്റാണ്ടിലേറെക്കാലത്തെ മഴക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ വാര്‍ഷികമഴയില്‍ കാര്യമായ വര്‍ധനവില്ലെന്നും നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പെയ്യുന്ന മഴയുടെ അളവിലല്ല, രീതിയിലാണ് വലിയ മാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.മുമ്പ് നാല് മാസം നീണ്ടുനിന്നിരുന്ന മണ്‍സൂണ്‍ മഴ ഇടവിട്ടായിരുന്നു ലഭിച്ചിരുന്നത്. വെള്ളം മണ്ണിലേക്കിറങ്ങാനും ഭൂഗര്‍ഭജല ശേഖരം വര്‍ധിക്കാനും അതുവഴി നദികളിലേക്ക് ക്രമേണ ഒഴുകിച്ചേരാനും സമയം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയുകയാണ്. അതേസമയം, മഴ ലഭിക്കുന്ന ദിവസങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. ചിലപ്പോള്‍ ഒരു മാസത്തില്‍ ലഭിക്കേണ്ട മഴയുടെ വലിയൊരു പങ്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ആഗോളതാപനം മൂലം അന്തരീക്ഷത്തില്‍ കൂടുതല്‍ ജലബാഷ്പം സംഭരിക്കപ്പെടുന്നതും അതിതീവ്ര മഴയുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.വെള്ളപ്പൊക്കം തുടങ്ങുന്നത് പശ്ചിമഘട്ടത്തില്‍കേരളത്തിലെ വെള്ളപ്പൊക്കം നദീതീരങ്ങളില്‍ നിന്നല്ല, പശ്ചിമഘട്ടത്തിലെ ജലസംഭരണ മേഖലകളില്‍ നിന്നാണ് ആരംഭിക്കുന്നത്. മലനിരകളില്‍ പെയ്യുന്ന മഴ സ്വാഭാവിക സാഹചര്യത്തില്‍ വനങ്ങളും മണ്ണും ആഗിരണം ചെയ്ത് പതുക്കെ നദികളിലേക്ക് ഒഴുക്കിവിടുന്നതാണ് പ്രകൃതിയുടെ സന്തുലിത സംവിധാനം. എന്നാല്‍ വനനശീകരണം, മലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍, അനിയന്ത്രിത റോഡ് നിര്‍മാണം, പ്രകൃതിദത്ത നീര്‍ച്ചാലുകളുടെ നാശം എന്നിവ ഈ സന്തുലിതാവസ്ഥയെ തകര്‍ത്തിരിക്കുകയാണ്. ഇതുമൂലം മഴവെള്ളം മണ്ണിലേക്കിറങ്ങാതെ അതിവേഗം ചെറുതോടുകളിലേക്കും നദികളിലേക്കും ഒഴുകുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതിനും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുന്നതിനും മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിക്കുന്നതിനും ഇതാണ് പ്രധാന കാരണം.പ്രളയവും ഉരുള്‍പൊട്ടലും വര്‍ധിപ്പിക്കുന്നതില്‍ മനുഷ്യ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ടെന്ന മുന്നറിയിപ്പാണ് സമീപകാല അനുഭവങ്ങള്‍ നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനൊപ്പം പശ്ചിമഘട്ട സംരക്ഷണം, ജലസംഭരണ മേഖലകളുടെ പുനരുദ്ധാരണം, ശാസ്ത്രീയ ഭൂവിനിയോഗം എന്നിവക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ഇനിയും സമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവെക്കുന്നത്.കൂടുതല്‍ മഴ ലഭിച്ച കേന്ദ്രങ്ങള്‍• പീരുമേട് (ഇടുക്കി) – 149 മി. മീറ്റര്‍• ഉദുമ്പന്നൂര്‍ (ഇടുക്കി) – 145 മി. മീറ്റര്‍• വെണ്‍കുറിഞ്ഞി (പത്തനംതിട്ട) – 128.5 മി. മീറ്റര്‍• ചെറുതോണി (ഇടുക്കി) – 125.5 മി. മീറ്റര്‍• ലാഹ (പത്തനംതിട്ട) – 103.5 മി. മീറ്റര്‍• കോട്ടയം – 100.4 മി. മീറ്റര്‍• റാന്നി-ചെത്താക്കല്‍ (പത്തനംതിട്ട) – 94 മി. മീറ്റര്‍• ആര്യങ്കാവ് (കൊല്ലം) – 90.3 മി. മീറ്റര്‍• ആലുവ (എറണാകുളം) – 90 മി. മീറ്റര്‍• കൊടുങ്ങല്ലൂര്‍ (തൃശൂര്‍) – 87 മി. മീറ്റര്‍Content Highlights: Kerala faces severe disaster risks following continuous extremely heavy rainfall across multiple districts. The weather department issued high-level rain alerts, warning of potential landslides and flash floods. Authorities urged residents in vulnerable regions to move to safe relief camps immediately.