രാവിലെ നല്ല തെളിഞ്ഞ വെയിൽ കണ്ട് കുടയെടുക്കാതെ സ്കൂളിൽ പോയ നിങ്ങൾ വൈകുന്നേരത്തെ കനത്ത മഴയിൽ വീട്ടിലെത്താനാകാതെ മണിക്കൂറുകൾ സ്കൂളിൽ കുടുങ്ങിയ അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടാകും അല്ലേ. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ആകാശം തെളിഞ്ഞു കാണുന്നു, നല്ല തെളിഞ്ഞ വെയിലും. ഉച്ചയാകുമ്പോഴേക്കും കാർമേഘം ഉരുണ്ടുകൂടി കനത്ത മഴ, വൈകുന്നേരമാകട്ടെ തണുത്ത കാറ്റ്. ഇങ്ങനെ ഒരൊറ്റ ദിവസത്തിനുള്ളിൽ തന്നെ എത്രയെത്ര ഭാവങ്ങളാണ് പ്രകൃതി കാണിക്കുന്നത്. കർഷകർ വിത്തുപാകുന്നതും വിമാനങ്ങൾ പറന്നുയരുന്നതുമെല്ലാം ഈ പ്രകൃതി പ്രതിഭാസങ്ങളെ ആശ്രയിച്ചാണ്. പലപ്പോഴും നമ്മൾ ഒരേ അർഥത്തിൽ ഉപയോഗിക്കാറുള്ള രണ്ട് പദങ്ങളാണ് ദിനാന്തരീക്ഷ സ്ഥിതിയും (Weather) കാലാവസ്ഥയും (Climate). എന്നാൽ, ശാസ്ത്രീയമായി ഇവ രണ്ടും രണ്ടാണെന്നതാണ് സത്യം. ഒരു പ്രദേശത്തെ വളരെ ചുരുങ്ങിയ സമയത്തെ അന്തരീക്ഷ മാറ്റങ്ങളെയാണ് ദിനാന്തരീക്ഷ സ്ഥിതി എന്ന് വിളിക്കുന്നത്. എന്നാൽ, ഒരു വലിയ പ്രദേശത്ത് മുപ്പതോ അതിലധികമോ വർഷങ്ങളിലെ അന്തരീക്ഷ സ്ഥിതിയുടെ ശരാശരി കണക്കെടുപ്പാണ് കാലാവസ്ഥ.പ്രകൃതിയുടെ ഈ രണ്ട് സുപ്രധാന വശങ്ങളെക്കുറിച്ചും അവ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നുമാണ് ഭൂമി ശാസ്ത്രത്തിലെ ദിനാന്തരീക്ഷവും കാലാവസ്ഥയും എന്ന പാഠഭാഗത്ത് ചർച്ച ചെയ്യുന്നത്.ഘടകങ്ങൾദിനാന്തരീക്ഷ സ്ഥിതിയെയും കാലാവസ്ഥയെയും നിർണയിക്കുന്ന പൊതുവായ ഘടകങ്ങൾ താപനില (അന്തരീക്ഷത്തിലെ ചൂടിന്റെ അളവ്), വായുസമ്മർദം (വായു ഭൂമിക്ക് മേൽ ചെലുത്തുന്ന ബലം), കാറ്റ് ( വായുവിന്റെ ചലനം), ആർദ്രത (അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ്), വർഷണം (മഴ, മഞ്ഞ്, ആലിപ്പഴം) എന്നിവയാണ്.ദിനാന്തരീക്ഷ സ്ഥിതി ഓരോ മണിക്കൂറിലും അല്ലെങ്കിൽ ദിവസംതോറും മാറിക്കൊണ്ടിരിക്കും. ഒരു പ്രദേശത്ത് നല്ല മഴ പെയ്യുമ്പോൾ തൊട്ടടുത്ത പ്രദേശത്ത് ചിലപ്പോൾ നല്ല വെയിലായിരിക്കാം. ഉപഗ്രഹങ്ങളുടെ സഹായത്തോടെ വരും ദിവസങ്ങളിലെ ദിനാന്തരീക്ഷ സ്ഥിതി മുൻകൂട്ടി പ്രവചിക്കാറുണ്ട്.കാരണങ്ങൾഒരു സ്ഥലത്തെ കാലാവസ്ഥ രൂപപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അക്ഷാംശ സ്ഥാനം (ഭൂമധ്യരേഖയിൽ നിന്നുള്ള ദൂരം), സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം (ഉയരം കൂടുന്തോറും തണുപ്പ് കൂടും), സമുദ്ര സാമീപ്യം (കടലിനടുത്തുള്ള സ്ഥലങ്ങളിൽ കടുത്ത ചൂടോ തണുപ്പോ ഉണ്ടാകില്ല), പർവതങ്ങളുടെ സ്ഥാനം (കാറ്റിനെ തടഞ്ഞുനിർത്തി മഴ പെയ്യിക്കാൻ സഹായിക്കുന്നു) എന്നിവയാണ് കാലാവസ്ഥ രൂപപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ.ദിനാന്തരീക്ഷ സ്ഥിതി അളക്കാൻ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങളാണ് തെർമോമീറ്ററും ബാരോമീറ്ററും. അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്.തെർമോ മീറ്റർഅന്തരീക്ഷത്തിലെ താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് തെർമോ മീറ്റർ. താപം തട്ടുമ്പോൾ ദ്രാവകങ്ങൾ വികസിക്കുന്നു എന്ന തത്ത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സാധാരണയായി മെർക്കുറി അല്ലെങ്കിൽ ആൽക്കഹോൾ ആണ് ഇതിൽ ഉപയോഗിക്കുന്നത്. അന്തരീക്ഷ താപനില അളക്കാൻ ഡിഗ്രി സെൽഷ്യസ് (0C) അല്ലെങ്കിൽ ഫാരൻഹീറ്റ് (0F) എന്നീ യൂനിറ്റുകളാണ് ഉപയോഗിക്കുക.ബാരോ മീറ്റർഅന്തരീക്ഷത്തിലെ വായുസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോ മീറ്റർ. 1643ൽ ഇവാഞ്ചലിസ്റ്റ ടോറി സെല്ലി എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്. വായു ചെലുത്തുന്ന സമ്മർദത്തിനനുസരിച്ച് ബാരോമീറ്ററിലെ മെർക്കുറി നിര ഉയരുകയോ താഴുകയോ ചെയ്യും.അന്തരീക്ഷ സമ്മർദം മില്ലിബാർ (mb) അല്ലെങ്കിൽ ഹെക്ടോപാസ്കൽ (hPa) എന്നീ യൂനിറ്റുകളിലാണ് രേഖപ്പെടുത്തുന്നത്. ബാരോമീറ്ററിലെ റീഡിംഗ് പെട്ടെന്ന് താഴുന്നത് വരാനിരിക്കുന്ന കൊടുങ്കാറ്റിനെയോ മഴയെയോ സൂചിപ്പിക്കുന്നു. റീഡിംഗ് ഉയരുന്നത് തെളിഞ്ഞ കാലാവസ്ഥയെ സൂചിപ്പിക്കുന്നു. ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള മാറ്റം ഇപ്പോൾ കുട്ടികൾക്ക് മനസ്സിലായി കാണുമല്ലോ.