പത്തനംതിട്ടയിലെ മിന്നല്‍ പ്രളയം; കാരണം മണിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ മാറ്റിവക്കുന്നതിനെടുക്കുന്ന കാലതാമസം

Wait 5 sec.

പത്തനംതിട്ട | ജില്ലയിലുണ്ടായ മിന്നില്‍ പ്രളയത്തിന് കാരണം ഉദ്യോഗസ്ഥ അലംഭാവവും മുന്നൊരുക്കങ്ങള്‍ പാളിയതും. ഇതിന് പ്രധാന കാരണം മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മാറ്റിവെക്കുന്നതിന് കരാറുകാരനെടുക്കുന്ന കാലതാമസം. ഷട്ടറുകള്‍ മാറ്റിവെക്കുന്നതിനായി കഴിഞ്ഞ ജനുവരിയില്‍ അഞ്ച് ഷട്ടറുകളും രണ്ട് സ്ലൂയിസ് വാല്‍വുമടക്കം തുറന്ന് സംഭരണി പൂര്‍ണമായി തുറന്നിട്ടിരിക്കുകയാണ്.തകരാറിലായ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ ആര്‍ എം സിന്‍ഹ ആന്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. ആറുമാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്നു. എന്നാല്‍, പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തീകരിക്കണമെങ്കില്‍ സംഭരണി പൂര്‍ണതോതില്‍ വറ്റിക്കണമെന്നാണ് കരാറുകാര്‍ പറയുന്നത്. ഇതിനിടെ, വരള്‍ച്ച വന്നപ്പോള്‍ ജലസേചന പ്രക്രിയ മുടങ്ങി. വേനല്‍ക്കാലത്തെ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിര്‍ത്തിവച്ചിരുന്നു. മഴ ശക്തമായപ്പോള്‍ പ്രളയും മൂലമുണ്ടായ നഷ്ടം ഇരട്ടിപ്പിച്ചതും മണിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ മാറ്റിവെക്കുന്നതിനെടുക്കുന്ന കാലതാമസമാണ്. മഴ വന്നതോടെ ജലസംഭരണിയില്‍ വെള്ളം തടയപ്പെടുന്നില്ല. ഇതിന്റെ അപകടം മുന്‍കൂട്ടി കണ്ട് നടപടി സ്വീകരിക്കാന്‍ അധികൃതരും ശ്രമിച്ചില്ല.മണിയാറിനു മുകളില്‍ കക്കാട്ടാറില്‍ തന്നെയുള്ള ഇ ഡി സി എല്ലിന്റെ കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളുടെ നിലനില്‍പ്പും മണിയാര്‍ സംഭരണിയില്‍ വെള്ളം തടയപ്പെടുന്നതിനനുസരിച്ചാണ്. മണിയാറില്‍ വെള്ളം തടഞ്ഞ് ജലസേചനം നടത്തുന്നതിനൊപ്പം കാര്‍ബോറാണ്ടം കമ്പനിക്ക് വൈദ്യുതി ഉത്പാദനത്തിനും നല്‍കുന്നുണ്ട്. മഴക്കാല മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മണിയാറിലെ പോരായ്മ ശ്രദ്ധിച്ചില്ല. മഴ ശക്തമായപ്പോള്‍ പമ്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചവരും മണിയാറില്‍ നിന്നുള്ള ഒഴുക്ക് അവഗണിച്ചുവെന്നാണ് ആക്ഷേപം. ഡാമിന്റെ ഷട്ടര്‍ ഭിത്തികള്‍ക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കക്കാട്ടാറില്‍ തന്നെയുള്ള പെരുനാട്ടിലെ കെ എസ് ഇ ബി പവര്‍ ഹൗസും മുങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം പവര്‍ഹൗസിനും ഉണ്ടായിട്ടുണ്ട്. 2018ലും പവര്‍ ഹൗസിലെ ജനറേറ്ററുകള്‍ക്ക് സാരമായ കേടുപാടുകളുണ്ടായതാണ്.മണിയാര്‍ ഡാമിലൂടെ വെള്ളം കുതിച്ചൊഴുകിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കക്കാട്ടാര്‍ തീരത്തെ രണ്ട് വീടുകളാണ് തകര്‍ന്നത്. 15 വീടുകളില്‍ വെള്ളം കയറി. ഡാമിനു താഴെ കൊച്ചുവെളിയില്‍ രമേശന്റെ വീട് പൂര്‍ണമായി തകര്‍ന്നു. ഹൃദ്രോഗിയായ രമേശന്റെ വീട് 2018ലെ പ്രളയത്തിലും തകര്‍ന്നിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് വീട് പുനര്‍നിര്‍മിച്ചത്. രമേശനും ഭാര്യ വിജയമ്മയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ ഏകമകന്‍ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ മൂന്നോടെയാണ് രമേശന്റെ വീടിനെ വെള്ളം കവര്‍ന്നത്. ഇതോടെ, സഹോദരിയുടെ വീട്ടിലേക്ക് രമേശനും വിജയമ്മയും താമസം മാറി. തൊട്ടടുത്തു താമസിക്കുന്ന വാലുപറമ്പില്‍ ശാന്തമ്മയുടെ വീടിന്റെ പകുതിയോളം കക്കാട്ടാര്‍ കവര്‍ന്നു. 72കാരിയായ ശാന്തമ്മ കാന്‍സര്‍ രോഗിയാണ്. ഭര്‍ത്താവും മകനും മരിച്ചു. കൊച്ചുമകനൊപ്പമാണ് താമസം. വെള്ളം കയറിയ മറ്റു വീടുകളിലുള്ളവര്‍ക്ക് ബേങ്ക് രേഖകളടക്കം നഷ്ടപ്പെട്ടു.Content Highlights:A sudden flash flood caused widespread damage in Pathanamthitta district today. Reports indicate that delays in lifting the shutters of the Maniyar reservoir led to the rapid rise in water levels. Local authorities and disaster management teams have initiated emergency measures in the affected areas.