തലമുറകളുടെ വിടവില്ലാത്ത ക്ലാസ്സ് മുറികള്‍

Wait 5 sec.

ദേശീയ വിദ്യാഭ്യാസ നയരേഖ 2020ന്റെ ആമുഖത്തില്‍ ഊന്നിപ്പറയുന്ന കാര്യം, വിദ്യാഭ്യാസം രാജ്യത്തെ എല്ലാവരിലേക്കും തടസ്സമില്ലാതെ എത്തണമെന്നും അതിലൂടെ മാത്രമേ നമ്മുടെ രാജ്യത്തിന് ലോകശക്തിയായി മാറാന്‍ കഴിയൂ എന്നുമാണ്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പറയുന്ന ‘എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുകയും ജീവിതകാലം മുഴുവനും പഠിക്കാനുള്ള അവസരങ്ങള്‍ ഉറപ്പിക്കുകയും ചെയ്യണം’ എന്ന ആഹ്വാനത്തിന്റെ പ്രതിഫലനം ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കാണാം. 2040ഓടെ ജാതി, മത, വര്‍ഗ ഭേദമന്യേ ഇന്ത്യയിലെ എല്ലാ ആളുകളിലേക്കും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കണമെന്ന വലിയൊരു സ്വപ്നമാണ് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം പങ്കുവെക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്നാണ് ‘ജീവിതകാലം മുഴുവന്‍ പഠിക്കുക, നൈപുണികള്‍ നേടുക’ എന്നത്. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഉത്പാദന വ്യവസ്ഥയില്‍ കാലം ആവശ്യപ്പെടുന്ന നൈപുണികള്‍ ആര്‍ജിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് തൊഴില്‍ കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന മുതലാളിത്ത ഞാണിന്മേല്‍ കളിയില്‍ താഴെ വീഴാതിരിക്കാനുള്ള മാര്‍ഗമാണ് കാലാനുസൃതമായി ആളുകള്‍ തങ്ങളുടെ നൈപുണികള്‍ വികസിപ്പിക്കണം എന്നത്. ജീവിതകാലം മുഴുക്കെ നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസമെന്ന ആശയത്തിന് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന് വലിയ പങ്കുവഹിക്കാന്‍ കഴിയും.ആരോഗ്യ രംഗത്ത് കേരളം നേടിയ അഭൂതപൂര്‍വമായ വിജയങ്ങളുടെ അടയാളമായി അറുപതിലും എഴുപതിലും ചുറുചുറുക്കോടെ ജീവിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരില്‍ തന്നെ നല്ലൊരു ശതമാനം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിദേശ ജോലികളില്‍ നിന്നുമൊക്കെ വിരമിച്ചവരാണ്. അവര്‍ക്ക് പുറമേ മുപ്പതിലും നാല്‍പ്പതിലുമുള്ള ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ കേരളത്തിലുണ്ട്. ഇത്തരം ആളുകളെ കേരളത്തിലെ സര്‍ക്കാര്‍ ഏയ്ഡഡ് കോളജുകളില്‍ വര്‍ഷംപ്രതി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് വിദ്യാര്‍ഥികളായി എത്തിക്കാന്‍ കഴിഞ്ഞാല്‍ ‘പഠിക്കാന്‍ ആളില്ലെന്ന’ കോളജുകളുടെ പരാതി തീരും. ഇനിയും ജോലി ചെയ്യാന്‍ പ്രായം ബാക്കി നില്‍ക്കുന്ന ആളുകളെ സംബന്ധിച്ച് അവരുടെ തൊഴില്‍ ശേഷി വര്‍ധിപ്പിക്കാന്‍ നിര്‍ത്തിവെച്ച പഠനം പുനരാരംഭിക്കുന്നതിലൂടെ സാധിക്കും. പ്രായം ചെന്ന പഠനാര്‍ഥികള്‍ക്ക് പഠനം നല്‍കുന്ന ആത്മീയ സന്തോഷവും ആത്മവിശ്വാസവും ആസ്വദിക്കാം. പുതിയ മേഖലകളിലേക്കുള്ള ജ്ഞാനയാത്ര അവരുടെ സര്‍ഗാത്മകതയെ, ഭാവനാശേഷിയെ മറ്റൊരു തലത്തിലേക്ക് വളര്‍ത്തിയേക്കും. സര്‍ഗാത്മകതയും ഭാവനയും ആശയ വൈവിധ്യവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ക്രിയാത്മകമായി ഇടപെടാന്‍ പ്രായഭേദമന്യേ ഇന്ന് ആളുകള്‍ക്ക് കഴിയും എന്നത് പ്രായം ചെന്നവരുടെ വിദ്യാഭ്യാസവും ഒരു നേരംപോക്കല്ല എന്ന് കാണിക്കുന്നു.നമ്മുടെ കലാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് മുതിര്‍ന്നവര്‍ വരുന്നത് ‘പല തലമുറകള്‍ ഒന്നിച്ചിരിക്കുന്ന ക്ലാസ്സ് മുറികളുടെ’ നിര്‍മിതിക്ക് കാരണമാകും. ഒരേ ക്ലാസ്സില്‍ പല പ്രായത്തിലുള്ള ആളുകള്‍ ഒന്നിച്ചിരുന്നു പഠിക്കുന്ന സാഹചര്യം ഉണ്ടാകും. തലമുറകള്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവും ജ്ഞാനപരവുമായ സംവാദങ്ങള്‍ക്കും കൈമാറ്റങ്ങള്‍ക്കും സഹായകമാകും. മുതിര്‍ന്നവര്‍ കൂടിയുള്ള ക്ലാസ്സ് റൂമുകളിലെ അധ്യാപനം കൂടുതല്‍ മെച്ചപ്പെടും. എല്ലാത്തിനുമുപരി ആളൊഴിഞ്ഞു കിടക്കുന്ന വര്‍ത്തമാന ക്യാമ്പസുകള്‍ കൂടുതല്‍ ശബ്ദമുഖരിതമാകും. സ്ത്രീകളെ കലാലയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അതവരുടെ തൊഴില്‍ ശേഷികളെ മെച്ചപ്പെടുത്താനും നൈപുണികളെ മിനുക്കാനും സഹായിക്കും. മെച്ചപ്പെട്ട ഒരു തൊഴില്‍ കിട്ടുന്നതിന് ഈ പഠനം അവരെ സഹായിക്കും.നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന് ചേരുന്ന വിദ്യാര്‍ഥികള്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷം കോളജില്‍ ഉണ്ടാകും. അതായത് ആറ് സെമസ്റ്ററുകള്‍ അവര്‍ കോളജില്‍ ഉണ്ടാകും. ഈ സമയത്ത് കൃത്യമായി ആസൂത്രണം ചെയ്താല്‍ ചുരുങ്ങിയത് നിലവിലുള്ള പഠനത്തിനു പുറമേ തൊഴില്‍ ശേഷി വര്‍ധിപ്പിക്കുന്ന മൂന്ന് നൈപുണി വികസന കോഴ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്നതാണ്. വൈകിട്ടോ രാവിലെയോ സൗകര്യപ്രദമായ സമയം റെഗുലര്‍ ക്ലാസ്സിന് പുറമേ സമയം കണ്ടെത്തി കലാലയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് കോളജിന് പുറത്ത് നിന്നുള്ള അധ്യാപകരെ ഉപയോഗിച്ച് കുട്ടികളുടെ നൈപുണികള്‍ വികസിപ്പിക്കുന്ന കോഴ്സുകള്‍ നല്‍കാവുന്നതാണ്. നാലുവര്‍ഷ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കി പുറത്ത് വരുമ്പോള്‍ ഉടന്‍ ജോലിക്ക് സാധ്യതയുള്ള രണ്ടോ മൂന്നോ നൈപുണി വികസന കോഴ്സുകള്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ കലാലയത്തിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം ലക്ഷക്കണക്കിന് രൂപ മുടക്കി ഇത്തരം കോഴ്സുകള്‍ ചെയ്യുന്നത് ഒഴിവാക്കാനും എത്രയും പെട്ടെന്ന് തൊഴിലില്‍ കയറാനും ഇത് സഹായിക്കും. നിലവിലുള്ള ഇന്ത്യന്‍ തൊഴില്‍ കമ്പോളത്തിന്റെ ആവശ്യകതകളെ തിരിച്ചറിഞ്ഞുകൊണ്ട് നൈപുണി വികസന കോഴ്സുകള്‍ തയ്യാറാക്കുക എന്നതാണ് മുഖ്യം. ഇത്തരം നൈപുണി വികസന കോഴ്സുകള്‍ മതിയായ ഫീസ് വാങ്ങി മാത്രം പഠിപ്പിച്ചാല്‍ അത് കോഴ്സുകളുടെ കൃത്യമായ നടത്തിപ്പിനെ സഹായിക്കും. ഇത്തരം തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുന്ന കോഴ്സുകള്‍ ഉണ്ടെന്നുള്ളത് ഭാവിയില്‍ വിദ്യാര്‍ഥികള്‍ ആ കലാലയത്തെ തിരഞ്ഞെടുക്കാനുള്ള കാരണവുമാകും.മുതിര്‍ന്ന സഹപാഠികളുമായുള്ള സഹവാസം കുട്ടികളില്‍ വൈകാരിക പക്വത വളരാനും മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങള്‍ വളരാനും ഇടയാക്കും. തലമുറകള്‍ക്കിടയില്‍ പരസ്പര സഹകരണവും സൗഹൃദവും പരസ്പര ബഹുമാനവും വളര്‍ത്താന്‍ സഹായിക്കും. ഇത് കലാലയത്തിന് വെളിയിലുള്ള സമൂഹത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. ചെറുപ്പക്കാരില്‍ നേതൃശേഷികള്‍ വളര്‍ത്താനും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനും വിവിധ തലമുറകള്‍ ഇടകലര്‍ന്നിരിക്കുന്ന ക്ലാസ്സ് മുറികള്‍ സഹായിക്കും. ജീവിതകാലം മുഴുവന്‍ തുടരുന്ന ജ്ഞാന സമ്പാദനമെന്ന പുതിയ വിദ്യാഭ്യാസ നയത്തിനകത്തെ ആശയത്തെ ഏറ്റവും ഫലപ്രദമായി നടപ്പാക്കാന്‍ ഇത് സഹായിക്കും. നിലവില്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ല. ആയതിനാല്‍ വരും വര്‍ഷങ്ങളിലെങ്കിലും കൂടുതല്‍ മുതിര്‍ന്ന ആളുകളെ ക്യാമ്പസിലേക്ക് എത്തിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.