സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയം: ദുരിതാശ്വാസ-പുന:രധിവാസ സഹായങ്ങൾ വർധിപ്പിച്ചു; വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Wait 5 sec.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി  വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളും വിലയിരുത്താനായി ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന അവലോകന യോഗത്തിനു ശേഷം  വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരിതബാധിത പ്രദേശങ്ങളിൽ ഫയർ ഫോഴ്‌സ് സംവിധാനങ്ങളേയും എൻഡിആർഎഫ് സംഘങ്ങളേയും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.  പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം ഇറങ്ങാനുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് 14 ബോട്ടുകൾ ചെങ്ങന്നൂരിലെത്തിച്ചിട്ടുണ്ട്. ഒപ്പം രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമായി മൂന്നു ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എൻഡിആർഎഫ് സംഘങ്ങളെ കൂടി ആരക്കോണത്തുനിന്ന് അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുമ്പോൾ ജനങ്ങൾ മാറിതാമസിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കായി  പതിനായിരം രൂപ അടിയന്തരമായി അനുവദിച്ചു.  ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ്  എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭിക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായും വർധിപ്പിച്ചു.വലിയ അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴെയാണ്. മൂഴിയാറിൽ മാത്രമാണ് നിലവിൽ ചെറിയ പ്രശ്നമുള്ളത്.  ഇടുക്കിയിൽ 38.91 ശതമാനവും ഇടമലയാറിൽ 46.64 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. ചെറിയ അണക്കെട്ടുകൾ തുറക്കുന്നത് ജില്ലാ കളക്ടർമാരുടെ അനുമതിയോടെ മാത്രമായിരിക്കും. ഡാമുകൾ തുറന്നുവിടുന്നു എന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കാലവർഷക്കെടുതിയിലെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് 165 ഹെക്ടറിലെ കൃഷി നശിക്കുകയും 3,596 കർഷകരെ ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്നും വർധന തുക സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത അതിതീവ്ര മഴയാണ് പലയിടത്തും ഉണ്ടായത്. മുന്നൊരുക്ക നിർദേശങ്ങൾ എല്ലാതട്ടിലും ലഭ്യമക്കുന്നുമുണ്ട്. ഭാവിയിൽ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാക്കാൻ കൊച്ചിൻ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുമായി സഹകരിച്ച് ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസിലിയൻസ് പ്രോഗ്രാം ശക്തമാക്കും. കൂടാതെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.