ട്രാം കൊൽക്കത്തക്ക് വെറുമൊരു ഗതാഗതമല്ല, പൈതൃകത്തെ പാളങ്ങളിലൂടെ വലിച്ചുനീക്കുന്ന നഗരത്തിന്റെ അവസാന സ്മൃതികളിലൊന്നാണ്. അതിന്റെ ചക്രങ്ങൾ ഇരുമ്പുപാളത്തിലുരസുമ്പോൾ ഉയരുന്ന ശബ്ദം, പൊടിപിടിച്ച പഴയ ഗ്രാമഫോൺ വീണ്ടും പാടിത്തുടങ്ങുന്നതുപോലെ തോന്നും. കൊൽക്കത്തയുടെ ഫുട്ബോൾ ഓർമകളും അങ്ങനെയാണ്. ഇന്നത്തെ ഹൈഡെഫിനിഷൻ ഫുട്ബോളിന്റെ മിനുക്കമല്ല, മറിച്ച് അൽപ്പം ശബ്ദം മുറിയുന്ന പഴയ റേഡിയോ വിവരണങ്ങൾ പോലെ. മങ്ങിയതെങ്കിലും ഹൃദയത്തെ കൂടുതൽ ആഴത്തിൽ തൊടുന്നവ.ഡൽഹി വിദ്യാർഥി സമരം വിജയം കണ്ട സായാഹ്നം.സാൾട്ട്്ലേക്ക് സ്റ്റേഡിയത്തിലെ വിളക്കുകൾ 135-ാമത് ഡ്യൂറണ്ട് കപ്പിന്റെ ഉദ്ഘാടന മത്സരത്തിനായി തെളിയുന്നു. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ.മഴ നനഞ്ഞ വഴിയിലൂടെ ട്രാം പതുക്കെ നീങ്ങി. ജനാലയിലൂടെ നോക്കുമ്പോൾ ദൂരെ മൈതാനം കാണാം. മോഹൻ ബഗാന്റെ പതാക പാറുന്നു. മറ്റൊരു ദിക്കിൽ ഈസ്റ്റ് ബംഗാളിന്റെ ചുവപ്പും മഞ്ഞയും മാന്തോന്നിപ്പൂ പോലെ ജ്വലിച്ചു.ട്രാമിലെ യാത്രക്കാർ വിവിധ തലമുറക്കാരാണ്. കാളിഘട്ടിൽ നിന്നുള്ള അലോക് സെൻ 1977ൽ പെലെ കൊൽക്കത്തയിൽ കളിച്ചത് നേരിട്ട് കണ്ടിട്ടുണ്ട്. ദോത്തിയും കുർത്തയും ധരിച്ച പ്രദീപ് ചാറ്റർജി ചുനി ഗോസ്വാമിയുടെ ഗോളുകൾ ഇന്നും കണ്ണടച്ചാൽ കാണുന്നവൻ. സഞ്ജയ്ക്ക് ഡെർബി ദിനത്തിലെ ജനക്കൂട്ടത്തിന്റെ നിലവിളിയാണ് ഏറ്റവും മനോഹര സംഗീതം.ഇന്നും മണിയൊച്ച കേൾക്കുന്നതും ഓർമകളിൽ മാത്രം ശേഷിക്കുന്നതുമായ ട്രാം സ്റ്റോപ്പുകളുടെ പേരുകൾ വായിച്ചപ്പോൾ അവ കൊൽക്കത്ത ഫുട്ബോൾ ചരിത്രത്തിലെ ഓരോ അധ്യായങ്ങളായി തോന്നി.എസ്‌പ്ലനേഡ്: ബ്രിട്ടീഷ് കാലത്തിന്റെ ആഢ്യത്വം ഇന്നും ശ്വസിക്കുന്ന നഗരഭാഗം. ഇന്ത്യയിൽ ഫുട്ബോൾ ഒരു കൊളോണിയൽ വിനോദമായി കാലുകുത്തിയ മണ്ണ്.മൈതാൻ: നഗ്നപാദങ്ങളോടെ 1911ൽ മോഹൻ ബഗാൻ ബൂട്ടിട്ട സാമ്രാജ്യത്വത്തെ തോൽപ്പിച്ച ചരിത്രഭൂമി.ഖിദിർപൂർ: തൊഴിലാളികളുടെ മുദ്രാവാക്യങ്ങളും ചുവന്ന കൊടികളും ഇന്നും കാറ്റിൽ പാറുന്ന ഹൂഗ്ലി തീരം. ഫുട്ബോളിനെ കൂട്ടായ സ്വപ്നങ്ങളോട് ചേർത്തുവെച്ച ചുവന്ന തടം.ട്രാം നേരെ ലക്ഷ്യത്തിലേക്കല്ല പോകുന്നത്. നഗരത്തെ ചുറ്റുകയാണ്. ഇവിടത്തെ ഫുട്ബോൾ ഓർമകളും അങ്ങനെ തന്നെ. മത്സരഫലം അത്ര പ്രധാനമല്ല. ഗോൾ നേടുന്നതിന് മുമ്പ് ചായക്കടയിൽ നടന്ന തർക്കം, മത്സരം കഴിഞ്ഞ് മഴയിൽ നനഞ്ഞ ജേഴ്സിയുമായി വീട്ടിലേക്ക് നടന്നുപോയ വഴി, തോറ്റിട്ടും അടുത്ത ഡെർബിയെക്കുറിച്ച് സ്വപ്നം കാണുന്ന കുട്ടി – ഇവയൊക്കെയാണ് കൊൽക്കത്തയുടെ യഥാർഥ സ്കോർബോർഡ്.ട്രാമിലെ യാത്രക്കാരിൽ ചിലർ കിഴക്കൻ ബംഗാളിൽ നിന്നുള്ള പഴയ അഭയാർഥികളാണ്. മുഖത്ത് ഇന്നും വിഭജനത്തിന്റെ മുറിവുണ്ട്. അവരുടെ കൈയിൽ നഷ്ടപ്പെട്ട വീടുകളുടെ വിലാസമില്ല, പക്ഷേ, ഈസ്റ്റ് ബംഗാൾ ക്ലബിന്റെ സുവർണ രക്ത പതാക സഞ്ചരിക്കുന്ന ജന്മദേശം പോലെ കൂടെയുണ്ട്. പഴകിദ്രവിച്ച മരസീറ്റിൽ ഇരിക്കുന്ന ആ മനുഷ്യന് ഫുട്ബോൾ ഒരു കളിയല്ല, തിരികെ പോകാനാകാത്ത സ്വന്തം ഗ്രാമത്തിന്റെ അവസാന ഓർമയാണ്.അപ്പുറത്ത് വിജയങ്ങളെ മടിയിൽ വെച്ച് രാജാവിനെപ്പോലെ ചാരിയിരിക്കുന്നു കിഷോർ മുഖർജി. മോഹൻ ബഗാൻ അയാൾക്ക് കൊൽക്കത്തയുടെ നെഞ്ചിൽ മിടിക്കുന്ന ആത്മാഭിമാനമാണ്. ആ കണ്ണുകളിൽ ശിബ്ദാസ് ഭാദുരിയുടെ നഗ്നപാദങ്ങൾ ഇന്നും ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഓടിക്കൊണ്ടിരിക്കുന്നു. ട്രാമിന്റെ ഓരോ മണിയൊച്ചയും അദ്ദേഹത്തിന് നഗരശബ്ദമല്ല, ചരിത്രം വീണ്ടും കിക്കോഫ് ചെയ്യുന്ന റഫറിയുടെ വിസിലാണ്. സ്റ്റേഡിയത്തിലേക്കുള്ള യാത്രക്കിടയിൽ ട്രാം പതുക്കെ മറ്റൊരു കാലഘട്ടത്തിലേക്ക് കടന്നിരുന്നു.മണിയൊച്ച വീണ്ടും മുഴങ്ങി. ആ ശബ്ദത്തിൽ സുർജിത് സെൻഗുപ്തയുടെ പാസും സുബ്രതോ ബട്ടാചാര്യയുടെ ടാക്കിളും മനോരഞ്ജന്റെ ഹെഡ്ഡറും ഹബീബിന്റെ പാച്ചിലും അക്ബറിന്റെ ഗോളും മലപ്പുറം അസീസിന്റെ നിശ്ശബ്ദ നേതൃത്വവും ഒറ്റയടിക്ക് കലർന്നിരുന്നു. ഒരു നിമിഷം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കല്ല, കൊൽക്കത്തയുടെ ഫുട്ബോൾ ആത്മാവിലൂടെയാണ് ട്രാം സഞ്ചരിക്കുന്നതെന്ന് തോന്നി. വേഗതയാണല്ലോ ഇന്നത്തെ പ്രമാണം.സോഷ്യൽ മീഡിയ ഹൈലൈറ്റുകളും നിമിഷങ്ങൾക്കുള്ളിൽ മറന്നുപോകുന്ന ഗോളുകളും ഒരു സീസൺ കഴിഞ്ഞാൽ മാറുന്ന കളിയിഷ്ടക്കാരുടെ വിശ്വാസങ്ങളും അതിന്റെ തെളിവുകൾ. പക്ഷേ, ട്രാം സമയത്തെ പിടിച്ചുനിർത്തുന്നു. ജനാലയിലൂടെ ഊർന്നുവീഴുന്ന മഴത്തുള്ളികളെപ്പോലും ശ്രദ്ധിക്കാൻ അത് നമ്മെ നിർബന്ധിതമാക്കും. ട്രാമിനുള്ളിൽ പൊടിയും മഴയും ഇരുമ്പും മറന്നുപോയ യാത്രകളുടെ തേങ്ങലുകളും കലർന്ന ഒരു കാലത്തിന്റെ മണമുണ്ട്. കൊൽക്കത്തയുടെ ഫുട്ബോൾ ഓർമകൾക്കും അതേ ഗന്ധമാണ്. നനഞ്ഞ പുല്ലിന്റെ ഈർപ്പം, ഗ്യാലറിയിലെ വിയർപ്പിന്റെ ചൂട്, ചായക്കടയിലെ പുകയും പഴയ പത്രത്തിന്റെ മഷിമണവും.ട്രാമിന്റെ യാത്ര അവസാനിക്കുന്നില്ല. നഗരത്തിന്റെ കൂട്ടായ സ്മൃതിയിലൂടെ, സ്വാതന്ത്ര്യത്തിന്റെ അഭിമാനത്തിലൂടെ, വിഭജനത്തിന്റെ കണ്ണീരിലൂടെ, മഴയിൽ നനഞ്ഞ യുവത്വത്തിന്റെ ചിരിയിലൂടെ അത് നമ്മെ പതുക്കെ യാത്ര ചെയ്യിക്കുകയാണ്.മലയാളി സഹലിന്റെ സ്പർശം ഡെർബിയെ വിധിച്ചു. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ കീഴടക്കി.കളി അവസാനിച്ചപ്പോൾ മഞ്ഞ ടാക്സിയിൽ കയറി. “സിയാൽദാ സ്റ്റേഷൻ,’ എന്ന് പറഞ്ഞ നിമിഷം ഡ്രൈവറുടെ കണ്ണുകളിൽ മറ്റൊരു മൈതാനം തുറന്നു. മഴ നനഞ്ഞ തെരുവുകളിലൂടെ ടാക്സി നീങ്ങുമ്പോൾ, അയാൾ പറഞ്ഞ ഫുട്ബോൾ കഥകൾ സാധാരണ ഓർമകളായിരുന്നില്ല. അവ പുരാതന മന്ത്രങ്ങളെപ്പോലെ തോന്നി.കൊൽക്കത്തയിലെ കാളിയുടെ ഉഗ്രവാശിയും കേരളത്തിലെ കുട്ടിച്ചാത്തന്റെ കളിയൊത്ത മാന്ത്രികതയും ഒരേ കാലിൽ ഒത്തുചേർന്നതുപോലെ. ഒരു വശത്ത് തോൽവിയെ പോലും തീയായി കുടിച്ചുകളയുന്ന ജ്വലനം. മറുവശത്ത് പന്തിനെ കാലിന്റെ അറ്റത്ത് സ്വപ്നമാക്കുന്ന ഭ്രമവും.മനുഷ്യൻ തന്റെ നഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു പ്രതീകം അന്വേഷിക്കാറുണ്ട്. കൊൽക്കത്തയിൽ പലർക്കും അത് ഫുട്ബോളാണ്. ഗ്യാലറിയിൽ ഒരാൾ നഷ്ടപ്പെട്ട യൗവനത്തെ കാണുന്നു, മറ്റൊരാൾ അച്ഛന്റെ പൂർത്തിയാകാത്ത സ്വപ്നത്തെ, വേറൊരാൾ ജീവിതത്തിന്റെ അനിശ്ചിതത്വത്തെ തോൽപ്പിക്കാനുള്ള ചെറുത്തുനിൽപ്പിനെ.അതുകൊണ്ടാണ് ഇവിടെ ഫുട്ബോൾ വെറും കളിയല്ലാതാകുന്നത്. അത് ഓരോ ജന്മവും സ്വന്തം അർഥം എഴുതുന്ന തുറന്ന പുരാണമാണ്. ഒരേ പന്ത് ആയിരം മനസ്സുകളിൽ ആയിരം രൂപങ്ങൾ സ്വീകരിക്കുന്നു. ആരുടെയോ കൈയിൽ അത് പ്രാർഥന, മറ്റൊരാളുടേത് പ്രതികാരം, മറ്റൊരാളുടേത് മോചനം.ടാക്സി സിയാൽദായുടെ തിരക്കിലേക്ക് ചേർന്നുനിന്നു. സ്റ്റേഷനുപുറത്തുള്ള ചെറിയ ചായക്കടയിൽ നിന്ന് പുക ഉയരുന്നു. മൺകപ്പിൽ ഒഴിച്ച ചായയുടെ മണം മഴ നനഞ്ഞ വായുവിൽ കലർന്നു. കടയുടെ ചുവരിൽ പൊടിപിടിച്ച് കിടന്ന മേവാലാലിന്റെ ഫോട്ടോ കണ്ണിൽപ്പെട്ടു. ആ കണ്ണുകളിൽ ഒരു ജ്വാല കെടാതെ കത്തുന്നതുപോലെ തോന്നി. എന്റെ നോട്ടം ശ്രദ്ധിച്ച ചായക്കടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഫോട്ടോ പഴകും സാർ… പക്ഷേ കൊൽക്കത്തയിലെ ഫുട്ബോൾ കഥകൾ പഴകില്ല. ചായ പോലെ അവ വീണ്ടും വീണ്ടും തിളയ്ക്കും.’Content Highlights:The iconic Kolkata tram journey reflects the deeply woven emotional relationship between the city’s heritage and its legendary football culture. Historical rivalries between Mohun Bagan and East Bengal extend far beyond the pitch into personal memories and partition tales. The narrative captures the timeless passion of Kolkata derby fans amidst modern developments.