ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കൂ, എണ്ണ ഒഴുകട്ടെയെന്നാണ് ട്രൂത്ത് സോഷ്യലില്‍ യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്ലാദവാക്യം. യു എസ്- ഇറാന്‍ യുദ്ധവിരാമ ധാരണയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സാധാരണനിലയിലാക്കും; ഇറാനെതിരായ നാവിക ഉപരോധം നീക്കും; ആണവ പരീക്ഷണം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരും. വെള്ളിയാഴ്ച ജനീവയില്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഉള്‍പ്പെടുന്ന നേതൃസംഘം കരാറില്‍ ഒപ്പുവെക്കും. ഇത്രയുമാണ് മുന്നിലുള്ളത്. 14 ഇന എം ഒ യുവാകും ജനീവയിലേക്കുള്ള നയതന്ത്ര വഴിയൊരുക്കുക. പക്ഷേ, ധാരണാപത്രത്തിലെന്തൊക്കെയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.ഇതുവെച്ച് ഈ ധാരണ ആരിലേക്ക് ചായുന്നുവെന്ന് പറയാനാകില്ല. ഇസ്റാഈലിനെ നിലക്കുനിര്‍ത്താതെ ഒരു കരാറും യാഥാര്‍ഥ്യമാകില്ലെന്ന് ഇറാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലബനാനില്‍ ആക്രമണം രൂക്ഷമാക്കി കുളംകലക്കാന്‍ ഇസ്റാഈല്‍ ആവത് ശ്രമിക്കുന്നുമുണ്ട്. ലബനാന്‍ ആക്രമണത്തിന്റെ പേരില്‍ ട്രംപ് നെതന്യാഹുവിനെ തെറിവിളിക്കുക വരെ ചെയ്തുവെന്നാണ് ആക്സിയോസ് റിപോര്‍ട്ട് ചെയ്തത്. പക്ഷേ, അതിനൊന്നും ഒരു ഫലമുണ്ടാക്കാനായിട്ടില്ല. യു എസിന് ഇസ്റാഈലിനെ നിയന്ത്രിക്കാനുള്ള ഇച്ഛാശക്തിയില്ലെന്ന് ചര്‍ച്ചാ വിജയത്തിന്റെ പ്രതീക്ഷാനിര്‍ഭരനിമിഷത്തിലും ഇറാന് ആക്ഷേപിക്കേണ്ടി വന്നു. സമാധാനം കൈയകലത്തില്‍ നില്‍ക്കെ ഇസ്റാഈല്‍ ഈ ചോരക്കളിക്ക് നില്‍ക്കരുതെന്ന ദുര്‍ബല സ്വരം മാത്രമാണ് ട്രംപില്‍ നിന്നുണ്ടായത്. അതുകൊണ്ട് യുദ്ധവിരാമത്തിന്റെ ആശ്വാസംഅല്‍പ്പായുസ്സായിപ്പോകില്ലെന്നോ യു എസ് അതിന്റെ വാക്കില്‍ ഉറച്ചുനില്‍ക്കുമെന്നോ ഇസ്റാഈല്‍ കുത്തിത്തിരിപ്പിന് അവധി കൊടുക്കുമെന്നോ പറയാനാകില്ല. അപ്പോഴും മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും സാമ്പത്തിക ദുരന്തത്തിനും മരണഭീതിക്കും താത്കാലികമായി അറുതിയാകുന്നതില്‍ സമാശ്വസിക്കാം. കനത്ത നഷ്ടങ്ങള്‍ക്കിടയിലും പിടിച്ചുനിന്നുവെന്നും 1979ലെ വിപ്ലവത്തിന് ശേഷം ഇതാദ്യമായി അമേരിക്കയെ നേര്‍ക്കുനേര്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നുവെന്നും ഇറാന് ആത്മവിശ്വാസംകൊള്ളാം. നാറ്റോയടക്കം സഖ്യ ശക്തികളെല്ലാം കൈയൊഴിയുന്നതിന്റെ കയ്പ്പുനീര്‍ ഇത്തിരിയെങ്കിലും ട്രംപ് കുടിച്ചുവെന്ന് സമാധാന സ്നേഹികള്‍ക്ക് ആശ്വസിക്കാം.ഇക്കഴിഞ്ഞ ഏപ്രിലില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രവചിച്ചിടത്താണ് ഇന്ന് ഡൊണാള്‍ഡ് ട്രംപ് എത്തിനില്‍ക്കുന്നത്. ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ട്രംപ് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും നയതന്ത്ര മേശയില്‍ അദ്ദേഹത്തിന് മേല്‍ക്കൈ നഷ്ടമായതിനാല്‍ പറഞ്ഞു നില്‍ക്കാവുന്ന ധാരണയിലേക്കെത്തിക്കാന്‍ സാധിക്കാത്തതാണ് യഥാര്‍ഥ പ്രശ്നമെന്നുമായിരുന്നു ഫ്രെഡറിക് മെര്‍സ് പറഞ്ഞത്. യുദ്ധത്തില്‍ അമേരിക്ക അക്ഷരാര്‍ഥത്തില്‍ നാണംകെട്ടുവെന്നും വന്‍ശക്തിയെ ലോകത്തിന് മുന്നില്‍ ഇറാന്‍ അപമാനിതരാക്കിയെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ഇറാന്‍ നേതൃത്വം വ്യക്തതയോടെയും വളരെ സമര്‍ഥമായുമാണ് ചര്‍ച്ചകളില്‍ ഇടപെടുന്നത്. കരുതിയതിനേക്കാള്‍ ശക്തരായാണ് അവര്‍ കാണപ്പെടുന്നതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആ പ്രസംഗത്തില്‍ തുറന്നടിക്കുന്നു. യു എസുമായി നിരവധി ആക്രമണ പദ്ധതികളില്‍ സഹകരിച്ച ഇ യു രാജ്യമാണ് ജര്‍മനി. നാറ്റോയിലെ പ്രബല അംഗം. ഇസ്റാഈലിന്റെ സൈനിക പങ്കാളി. അത്തരമൊരു രാജ്യത്തിന്റെ തലവന്‍ ട്രംപിന്റെ നിസ്സഹായാവസ്ഥ വിളിച്ചുപറഞ്ഞപ്പോള്‍ സ്വാഭാവികമായും അത് വലിയ വാര്‍ത്തയായി. ട്രംപും ജെ ഡി വാന്‍സുമടക്കമുള്ളവര്‍ ജര്‍മന്‍ ചാന്‍സലറോട് രൂക്ഷമായ ഭാഷയില്‍ കലഹിച്ചു. ജര്‍മനിയില്‍ നിന്ന് യു എസ് സൈനികരെ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തു.സയണിസ്റ്റ് ലോബിയിംഗില്‍ വീണ് ഇറാനെതിരെ ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ എന്തൊരു വ്യക്തതയായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ മിഡില്‍ ഈസ്റ്റ് ഉപദേശകന്‍ സ്റ്റീവ് വിറ്റ്കോഫിനും. ഇറാനെ ആക്രമിക്കാനിറങ്ങുമ്പോള്‍ ട്രംപ് തന്റെ സാമൂഹിക പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വ കുറിപ്പുകള്‍ മുഴുവന്‍ ഇപ്പോഴെടുത്തു നോക്കുന്നത് നല്ലതാണ്. ഇറാനില്‍ എന്തൊക്കെ നടക്കുമെന്നത് ഓരോ പോസ്റ്റിലും അദ്ദേഹം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കും. ഭരണമാറ്റം സാധ്യമാക്കും. എണ്ണ വിപണി പിടിച്ചെടുക്കും. ഇറാന്റെ പ്രോക്സികളെന്ന് ആക്ഷേപിക്കപ്പെടുന്ന ലബനാനിലെ ഹിസ്ബുല്ലയെയും ഗസ്സയിലെ ഹമാസിനെയും യമനിലെ ഹൂതികളെയും മുച്ചൂടും മുടിക്കും. ഇസ്റാഈലിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയക്രമം സാധ്യമാക്കും. ഇതൊക്കെയായിരുന്നു ലക്ഷ്യങ്ങള്‍. ആക്രമണ, പ്രത്യാക്രമണങ്ങള്‍ ഒടുങ്ങുമ്പോള്‍ എന്താണവസ്ഥ?പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയടക്കമുള്ള ഉന്നത നേതൃത്വത്തെ വകവരുത്തിയിട്ടും ഇറാനില്‍ ആഭ്യന്തര കൂട്ടക്കുഴപ്പം സൃഷ്ടിക്കാന്‍ സാധിച്ചില്ല. ആണവ പദ്ധതികളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഇറാന്‍ തയ്യാറായെന്നതിന് ഒരു തെളിവുമില്ല. ലബനാനില്‍ പുതിയ യുദ്ധമുഖം തുറന്നിട്ടും ഇസ്റാഈലിന് ഹിസ്ബുല്ലയെ തകര്‍ക്കാനായില്ല. ഹോര്‍മുസിനെ വെച്ചുള്ള വിലപേശലില്‍ ഇറാന്‍ വിജയിച്ചിരിക്കുന്നു. ലോകത്താകെ ഇന്ധന പ്രതിസന്ധിയുണ്ടാക്കി യുദ്ധവിരാമം എല്ലാവരുടെയും ആവശ്യമാക്കി മാറ്റാന്‍ ഇറാന് സാധിച്ചു.ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താത്കാലികമായി മാറ്റിവെച്ച് അടിയന്തര വെടിനിര്‍ത്തലിനും സമുദ്രപാതകള്‍ തുറന്നുനല്‍കുന്നതിനും മുന്‍ഗണന നല്‍കണമെന്ന ഇറാന്റെ നിഷ്‌കര്‍ഷയാണ് അംഗീകരിക്കപ്പെടുന്നത്. ആദ്യം സമാധാനം ഉറപ്പാക്കുക എന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ മാറ്റാനാണ് ഇറാന്‍ ശ്രമിച്ചത്. ഹോര്‍മുസില്‍ സംയുക്ത സൈനിക നീക്കം നടത്തി ഇറാനെ ഒറ്റപ്പെടുത്താമെന്ന യു എസ് തന്ത്രം പൊളിഞ്ഞതോടെ ഏപ്രില്‍ 13 മുതല്‍ ഇറാന് മേല്‍ യു എസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ചു മാത്രമേ കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ളൂ എന്ന നിലപാടിലാണ് ഇറാന്‍ ഉറച്ച് നിന്നത്. അക്കാര്യത്തിലും തീരുമാനത്തിലെത്തിയെന്നാണ് പുറത്തുവന്ന പരിമിത വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അറബ് രാജ്യങ്ങളെ ആക്രമിക്കുകയെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ഇറാന്‍ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഏറെ എല്ലുറപ്പ് നേടിയെന്നതാണ് ഒടുവില്‍ അവശേഷിക്കുന്നത്.‘കരാര്‍ വരുന്നത് യു എസും ഇറാനും തമ്മിലാണ്. ഞങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനില്ലെ’ന്നാണ് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി ഇസ്റായേല്‍ കാറ്റ്സ് പറയുന്നത്. എന്നുവെച്ചാല്‍ ധാരണയുടെ നട്ടെല്ലിന് തന്നെ തകരാറുണ്ട്. ലബനാനിലെ ഹിസ്ബുല്ലക്കെതിരായ ആക്രമണം നിര്‍ത്താതെ ഒരു ധാരണയും സാധ്യമല്ലെന്ന ഇറാന്റെ നിലപാട് നിലനില്‍ക്കുമ്പോള്‍ ജനീവയില്‍ എങ്ങനെയാണ് കരാര്‍ സാധ്യമാകുക? യു എസ് മുന്‍കൈയില്‍ നിലവില്‍ വന്നുവെന്ന് പറയുന്ന ലബനാന്‍ വെടിനിര്‍ത്തല്‍ എത്രമാത്രം പ്രാബല്യത്തിലാക്കാന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ജനീവാവിജയം. ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിന് വലിയ പ്രഹരമേല്‍പ്പിച്ചുവെന്ന് ഉറപ്പുവരുത്താതെ ട്രംപിന് മുഖം രക്ഷിക്കാനാകില്ല. ഈ ദിശയില്‍ നേരത്തേ നടന്ന ചര്‍ച്ചകളുടെ അതിവേഗ തുടര്‍ച്ച അനിവാര്യമാകും. ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവ കരാറിലേക്കെങ്കിലും ഇറാനെ എത്തിക്കുകയെന്നതാകും യു എസ് സംഘത്തിന് മുന്നിലെ വലിയ വെല്ലുവിളി. ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നാണല്ലോ യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ പ്രഖ്യാപിച്ചത്.ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം നിര്‍ബാധം തുടരുമ്പോഴാണല്ലോ യു എസ് സര്‍വ സന്നാഹവുമായി കടലിലും ആകാശത്തിലും മരണം വിതച്ചതും ഇറാന്റെ ഉന്നത നേതൃത്വത്തെ വകവരുത്തിയതും. അതോടെ ഇറാന്‍ ഹോര്‍മുസ് വെച്ച് കളിതുടങ്ങി. ഇനി ആ കളി പൂര്‍ണമായി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുമോ? ഒരു ചരട് കൈയില്‍ വെക്കാന്‍ അവര്‍ ശ്രമിക്കില്ലേ? മാരിടൈം സര്‍വീസ് ഫീസ് ഈടക്കുമെന്ന വ്യവസ്ഥയെങ്കിലും ഇറാന്‍ മുന്നോട്ടുവെക്കും. വരും ദിവസങ്ങളില്‍ ഈ വിഷയത്തിലാകും മാധ്യസ്ഥ്യര്‍ വല്ലാതെ വിയര്‍ക്കുക. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ അന്ത്യം കുറിച്ചേ താന്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറൂവെന്ന് മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചതാണ്. ഈ പിടിവാശിക്ക് ഇറാന്‍ കീഴൊതുങ്ങില്ലെന്നുറപ്പാണ്. മിസൈല്‍ പദ്ധതി ചര്‍ച്ചാ അജന്‍ഡയിലേയില്ലെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ ഇറാന്‍ നേടുന്ന ഏറ്റവും നിര്‍ണായക മേല്‍ക്കൈ അതായിരിക്കും. ഇറാന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതിലും ഉപരോധത്തിലും എത്രമാത്രം ഇളവുകള്‍ നേടിയെടുക്കാന്‍ ഇറാന് സാധിക്കുമെന്ന ചോദ്യവും നിര്‍ണായകമാണ്. മരവിപ്പിച്ച് കിടക്കുന്ന 24 ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ മുന്നില്‍വെച്ചാകും ഇറാന്‍ ചര്‍ച്ചക്കിരിക്കുക. അപരിഹാര്യമായ നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ഇറാന് ചെറിയ ഇളവുകള്‍ വാങ്ങി ജനീവയില്‍ നിന്ന് മടങ്ങാനാകില്ല.അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയില്ലെങ്കില്‍ 60 ദിവസത്തെ വെടിനിര്‍ത്തലുണ്ടാകും. ആ ദിനങ്ങള്‍ തിരക്കിട്ട ചര്‍ച്ചകളുടേതാകും. തുടങ്ങിക്കുടുങ്ങിയ യുദ്ധത്തില്‍ നിന്ന് തടിയൂരാന്‍ ട്രംപിന് ചില ന്യായങ്ങള്‍ അതിനിടക്ക് കിട്ടണം. അറബ് അയല്‍ക്കാരെ ആക്രമിച്ചും ആയുധപ്പുരകള്‍ ശൂന്യമാക്കിയും പരമോന്നത നേതാവിന്റെ പോലും രക്തസാക്ഷിത്വം അനുഭവിച്ചും പോരടിച്ച ഇറാനും കിട്ടണം വ്യക്തമായ നഷ്ടപരിഹാരങ്ങള്‍. എല്ലാം വരുത്തിവെച്ച ഇസ്റാഈലിന് മാത്രം ഒരു കുറ്റബോധവുമില്ല. ആരോടും െഉത്തരവാദിത്വമില്ലാത്ത അക്രമി രാഷ്ട്രത്തിന് എന്തായാലെന്ത്?