പകര്‍ച്ചവ്യാധികളും വകുപ്പുതല ആശയക്കുഴപ്പങ്ങളും

Wait 5 sec.

രാജ്യത്തിന് മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പ് മാറിമാറി വന്ന നിപ്പായും വകഭേദം വന്ന വൈറല്‍ പനികളും ഷിഗെല്ലയും കേരളീയരുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ ശുചിത്വമില്ലായ്മയും ഭരണപരമായ വീഴ്ചയും കാരണം കോളറയും തലപൊക്കിയിരിക്കുകയാണ്. ചില ജില്ലകളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.2018 മേയില്‍ കോഴിക്കോട് പേരാമ്പ്രയിലാണ് കേരളത്തില്‍ നിപ്പാ ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് മലബാറില്‍ നിരവധി പേര്‍ക്ക് രോഗം ബാധിക്കുകയും 17 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ മൂലം താമസിയാതെ തന്നെ രോഗം നിയന്ത്രിക്കാനായി. പിന്നീട് 2021ല്‍ കൊച്ചിയിലും 2023ല്‍ കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ്പാ റിപോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും കാര്യമായ വ്യാപനമുണ്ടായില്ല. ഇത്തവണ ഫാറൂഖ് കോളജ് സ്വദേശിയായ 43കാരനാണ് നിപ്പാ ബാധിച്ചത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന്‌പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടുമില്ല.ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമായ ഷിഗെല്ല സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗബാധിതരായ മൂന്ന് പേര്‍ ഇതിനകം മരിച്ചു. രോഗം നിയന്ത്രണവിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ അവകാശവാദത്തിനിടെ പുതിയ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്തും തൃശൂരിലും രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോളറ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പോലെ ശുചിത്വമില്ലായ്മയും മാലിന്യസംസ്‌കരണത്തിലെ പാളിച്ചകളുമാണ് ഷിഗെല്ല ബാധക്കും വ്യാപനത്തിനും കാരണം. കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണമാണ് പ്രധാന വില്ലന്‍. ഹോട്ടലുകളിലും തട്ടുകടകളിലും വിതരണം ചെയ്യുന്ന വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലാരം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പരാജയമാണ്. മാലിന്യ സംസ്‌കരണ പദ്ധതികളും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും പലയിടത്തും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയും പ്രഹസനമായി മാറുകയും ചെയ്തു.രോഗവ്യാപനത്തെ പോലെ തന്നെ ആശങ്കാജനകമാണ് ആരോഗ്യവകുപ്പിലെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും തമ്മിലുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തതയും. കഴിഞ്ഞ ദിവസം പാലക്കാട്ട് രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍, ജില്ലാ മെഡിക്കല്‍ അതോറിറ്റി അത് തിരുത്തുകയും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വരികയുമുണ്ടായി. നിപ്പായുടെ കാര്യത്തിലും മന്ത്രിയുടെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും പ്രസ്താവനകളില്‍ വൈരുധ്യമുണ്ടായി. ആരോഗ്യ വകുപ്പിന്റെ വിവിധ തലങ്ങളില്‍ നിന്ന് വ്യത്യസ്ത വിവരങ്ങള്‍ പുറത്തുവരുന്നത് സമൂഹത്തില്‍ ആശയക്കുഴപ്പത്തിനിടയാക്കുകയും ആരോഗ്യ മേഖലയെക്കുറിച്ചുള്ള ജനവിശ്വാസം നഷ്ടമാകുകയും ചെയ്യും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതിനേക്കാള്‍ ഉത്തരവാദപ്പെട്ടവര്‍ രോഗമുണ്ടോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഖേദകരമാണ്.പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ സുതാര്യവും സത്യസന്ധവുമായ ആശയവിനിമയത്തിന്റെ പ്രാധാന്യം മഹാമാരി നമ്മെ പഠിപ്പിച്ചതാണ്. രോഗബാധയും വ്യാപനവും സംബന്ധിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ കൃത്യവും വസ്തുതാപരവുമായിരിക്കണം. രോഗവ്യാപനം മറച്ചുവെക്കാനോ ലഘൂകരിക്കാനോ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ അലംഭാവം കാണിക്കാനും ഇടയാകും. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായ ഇന്നത്തെ കാലത്ത് വിവരങ്ങളില്‍ വ്യക്തതയും കൃത്യതയുമില്ലെങ്കില്‍ തെറ്റായ സന്ദേശങ്ങള്‍ അതിവേഗം പ്രചരിക്കുകയും ചെയ്യും.പുതിയ രോഗങ്ങളും രോഗാണുക്കളും എപ്പോഴും ഏത് ഘട്ടത്തിലും കടന്നുവരികയും പോകുകയും ചെയ്യാം. ആരുടെ ഭരണത്തിലും അത് സംഭവിക്കാം. അവയെ നേരിടാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കുകയാണ് ഇത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ ബാധ്യത. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട് ഈ രംഗത്ത്. മാലിന്യനിര്‍മാര്‍ജനം, കൊതുകുനശീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, പൊതുസ്ഥലങ്ങളുടെ ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. കുടുംബശ്രീ, റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ശുചീകരണ – ജനകീയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കേണ്ടതുണ്ട്.പകര്‍ച്ചവ്യാധി കാലത്ത് ആശുപത്രികളുടെ പ്രവര്‍ത്തനം മറ്റു ഘട്ടത്തേക്കാള്‍ കാര്യക്ഷമമാക്കുകയും വേണം. രോഗികളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളില്‍ വരെ ആവശ്യമായ മരുന്നുകള്‍, പരിശോധനാ സംവിധാനങ്ങള്‍, ഐസൊലേഷന്‍ സംവിധാനങ്ങള്‍, പ്രത്യേക പനി ക്ലിനിക്കുകള്‍, പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവ സജ്ജമാക്കണം. അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ടാകരുത്. രോഗലക്ഷണങ്ങള്‍ അവഗണിച്ച് വീട്ടില്‍ കഴിയുന്നവരാണ് പലപ്പോഴും രോഗവ്യാപനം വര്‍ധിപ്പിക്കുന്നതെന്നതിനാല്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ആശുപത്രികളില്‍ ഒതുങ്ങാതെ വീടുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഫീല്‍ഡ് പ്രവര്‍ത്തനം സജീവമാക്കേണ്ടതുമാണ്.