വാഷിംഗ്ടൺ |യു എസ് ഇറാൻ സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കേ, ലെബനനിലെ ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി വിമർശിച്ചു. ഇറാനുമായി സമാധാന കരാറിന് തൊട്ടടുത്ത് നിൽക്കുന്ന ഒരു പ്രത്യേക ദിവസം ബെയ്റൂട്ടിൽ ഇസ്റാഈൽ ആക്രമണം നടത്തരുതായിരുന്നുവെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ലെബനൻ ഉൾപ്പെടെ മേഖലയിൽ സമാധാനം കൊണ്ടുവരുന്ന കരാറിനോട് നാം വളരെ അടുത്തിരിക്കുകയാണെന്നും എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലെബനനിൽ ഇസ്റാഈൽ ഇനി ആക്രമണം നടത്തരുതെന്നും അതോടൊപ്പം ഹിസ്ബുല്ല ഉൾപ്പെടെ ഒരു വിഭാഗവും ഇസ്റാഈലിന് നേരെ ആക്രമണം നടത്തരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇസ്റാഈൽ നടത്തിയ ആക്രമണം യു എസിന്റെ സമാധാനത്തോടുള്ള പ്രതിബദ്ധത കുറയ്ക്കുന്നതാണെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഖർ ഖാലിബാഫ് കുറ്റപ്പെടുത്തി. വാഗ്ദാനങ്ങൾ പാലിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെങ്കിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ സൈനിക കമാൻഡ് ശത്രുക്കൾക്ക് നേരെ ശക്തമായ തിരിച്ചടിക്ക് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.എന്നാൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഈ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ലെബനനിലെ സൈനിക നടപടികൾ പരിമിതപ്പെടുത്തണമെന്ന ട്രംപിന്റെ ആവശ്യം തള്ളുകയും ചെയ്തിട്ടുണ്ട്. ലെബനനിൽ തങ്ങൾക്ക് സ്വതന്ത്രമായി സൈനിക നടപടി തുടരാൻ അവകാശമുണ്ടെന്നാണ് ഇസ്റാഈൽ നിലപാട്.ഫെബ്രുവരി 28 ന് ആരംഭിച്ച യു എസ് – ഇസ്റാഈൽ സഖ്യത്തിന്റെ ഇറാൻ ആക്രമണത്തെത്തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ഇറാനിലും ലെബനനിലും കൊല്ലപ്പെട്ടത്. ആഗോള ഊർജ്ജ വിപണിയെയും എണ്ണവിലയെയും ബാധിച്ച ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ പുതിയ കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.കരട് കരാർ അനുസരിച്ച്, മരവിപ്പിച്ച ഇറാന്റെ 25 ബില്യൺ ഡോളറിന്റെ ആസ്തികൾ യു എസ് റിലീസ് ചെയ്യും. കൂടാതെ ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ ഒഴിവാക്കും. പകരമായി ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിക്കുകയും വേണം. അന്തിമ കരാറിൽ എത്തുന്നതുവരെ യുറേനിയം സമ്പുഷ്ടീകരണമോ ആണവ നിലയങ്ങളുടെ വിപുലീകരണമോ നടത്തില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ട്.കരാർ ഒപ്പുവെച്ചാലുടൻ നാവിക ഉപരോധം അവസാനിപ്പിക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യക്തമാക്കി. അതേസമയം ഇറാന്റെ മഷ്ഹദ് പോലുള്ള നഗരങ്ങളിൽ ഈ ചട്ടക്കൂട് കരാറിനെതിരെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.Content HighlightsThe US and Iran are close to signing a framework peace deal to end their war, potentially releasing $25 billion in frozen Iranian assets and waiving oil sanctions. However, timing remains uncertain as Iran questions the schedule following recent Israeli airstrikes on Beirut suburbs.