സ്കോട്ട്‌ലാൻഡിന് 36 വർഷത്തിന് ശേഷമുള്ള ആദ്യ ലോകകപ്പ് ജയം • ഹെയ്തിയെ 1-0ന് തോൽപ്പിച്ചുഫിലാഡൽഫിയ | ഫിഫ ലോകകപ്പിലെ 36 വർഷം നീണ്ട വിജയ വരൾച്ചക്ക് വിരാമമിട്ട് സ്‌കോട്ട്‌ലാൻഡ്. ഗ്രൂപ്പ് സി മത്സരത്തിൽ പൊരുതിക്കളിച്ച ഹെയ്തിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്‌കോട്ടിഷ് പട പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ജോൺ മക്ഗിൻ നേടിയ ഗോളിന്റെ കരുത്തിലായിരുന്നു ജയം. മക്ഗിന്റെ ഷോട്ട് എതിർ കളിക്കാരന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു. 1998 ലോകകപ്പിൽ നോർവേക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ക്രെയ്ഗ് ബേർലിയുടെ ഗോളിനു ശേഷം, കൃത്യമായി പറഞ്ഞാൽ 10,244 ദിവസങ്ങൾക്കു ശേഷം ലോകകപ്പിൽ സ്‌കോട്ട്്ലാൻഡ് നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.ഈ വിജയത്തോടെ ലഭിച്ച മൂന്ന് പോയിന്റുകൾ സ്‌കോട്ട്്ലാൻഡിനെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബ്രസീലും മൊറോക്കോയും 1-1 ന് സമനിലയിൽ പിരിഞ്ഞതാണ് സ്‌കോട്ട്്ലാൻഡിന് തുണയായത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ജയം സ്‌കോട്ടിഷ് പടയ്ക്ക് വലിയ ഊർജം നൽകും.കഴിഞ്ഞ 12 ഫിഫ ലോകകപ്പ് മത്സരങ്ങളിൽ സ്‌കോട്ടുകൾ നേടുന്ന രണ്ടാമത്തെ വിജയമാണിത്. 1990ലെ ഗ്രൂപ്പ് ഘട്ടത്തിൽ സ്വീഡനെ 2-1 ന് തോൽപ്പിച്ചതായിരുന്നു ഇതിനു മുന്പത്തെ വിജയം. 1986ൽ ഉറുഗ്വേക്കെതിരായ മത്സരത്തിനു ശേഷം ഇതാദ്യമായാണ് സ്‌കോട്ട്്ലാൻഡ് ലോകകപ്പിൽ ഒരു ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്നത്.മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് നാപ്പോളിയിൽ ചേക്കേറിയ ശേഷം മികച്ച ഫോമിലുള്ള സ്‌കോട്ട് മക്്ടോമിനെ കളിയുടെ ഏഴാം മിനുട്ടിൽ റോബർട്ട്‌സൺ നൽകിയ ക്രോസ്സ് ഹെഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 12 മിനുട്ടുകൾക്ക് ശേഷം മക്്ടോമിനെ ഉതിർത്ത മനോഹരമായൊരു ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഹെയ്തി കളിക്കാരുടെ വേഗത്തോട് പൊരുതാൻ സ്‌കോട്ട്്ലാൻഡ് പലപ്പോഴും ബുദ്ധിമുട്ടി. ലോക റാങ്കിംഗിൽ 83-ാം സ്ഥാനത്തുള്ള ഈ കരീബിയൻ രാജ്യം പലപ്പോഴും മികച്ച മുന്നേറ്റങ്ങളിലൂടെ സ്‌കോട്ട്്ലാൻഡിന് വലിയ ഭീഷണി ഉയർത്തി.എന്നാൽ, ഫിനിഷിംഗിലെ കൃത്യതയില്ലായ്മ തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഫ്രാന്റ്‌സ്ഡി പിയറോട്ട് തൊടുത്ത ഹെഡ്ഡർ പോസ്റ്റിന് തൊട്ടുരുമ്മി പുറത്തുപോയത് സ്‌കോട്ട്്ലാൻഡിന് രക്ഷയായി. 1974ന് ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പിന് യോഗ്യത നേടിയത്.അതേസമയം, മത്സരത്തിൽ റഫറി സ്‌കോട്ട്്ലാൻഡിന് അനുകൂലമായി നിലപാടെടുത്തെന്ന് ആരോപണമുയർന്നു. 79ാം മിനുട്ടിൽ ഹെയ്തി താരം ജീൻ റിക്‌നർ ബെല്ലെഗാർഡ് ബോക്സിനു പുറത്തുനിന്നുതിർത്ത ഷോട്ട് പെനാൽറ്റി ഏരിയയ്ക്കുള്ളിൽ വെച്ച് സ്‌കോട്ട്്ലാൻഡ് പ്രതിരോധ താരം ഗ്രാന്റ് ഹാൻലിയുടെ കൈയിൽ തട്ടിയിരുന്നു.ഹെയ്തി കളിക്കാർ പെനാൽറ്റിക്കായി ശക്തമായി വാദിച്ചെങ്കിലും റഫറി ഇടപെട്ടില്ല. മത്സരത്തിന്റെ ആദ്യ പകുതിയിലും ഹാൻലിയുടെ കൈയിൽ പന്ത് തട്ടിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കളിയുടെ അവസാന മിനുട്ടുകളിൽ സ്‌കോട്ടിഷ് താരം നടത്തിയ അപകടകരമായ ഒരു ടാക്കിളും റഫറി കണ്ടില്ലെന്ന് നടിച്ചെന്നാണ് ആരോപണം.