അങ്കണ്‍വാടി ജീവനക്കാരിയുടെ കൊലപാതകം; ഓര്‍മിപ്പിക്കുന്നത് 15 വര്‍ഷം മുമ്പ് ഗവിയില്‍ കാണാതായ ഭൂലോക ലക്ഷ്മിയുടെ തിരോധാനം

Wait 5 sec.

പത്തനംതിട്ട | പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ അങ്കണ്‍വാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഓര്‍മിപ്പിക്കുന്നത് 15 വര്‍ഷം മുമ്പുണ്ടായ ഭൂലോക ലക്ഷ്മിയുടെ തിരോധാനം. കേരളാ ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ ഗവി ഏലത്തോട്ടത്തിലെ ക്ലാര്‍ക്കായിരുന്നു ഭൂലോക ലക്ഷ്മി. ഭര്‍ത്താവ് ദാനിയേല്‍ കുട്ടിക്കൊപ്പം കൊച്ചുപമ്പയിലുള്ള കെ എഫ് ഡി സിയുടെ ഏഴാം നമ്പര്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു ഭൂലോക ലക്ഷ്മിയുടെ താമസം. എന്നാല്‍, ഭര്‍ത്താവും കുട്ടികളും സ്ഥലത്തില്ലാതിരുന്ന 2011 ആഗസ്റ്റ് 13ന് രാത്രി ഭൂലോക ലക്ഷ്മി ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായി.സംഭവം നടക്കുന്ന ദിവസം ജോലി കഴിഞ്ഞ് വൈകിട്ട് ആറോടെ അവര്‍ ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയതായി സമീപവാസികള്‍ പറയുന്നു. കുട്ടികളുമൊത്ത് നാട്ടില്‍ പോയിരിക്കുകയായിരുന്ന ഭര്‍ത്താവിനോട് രാത്രി എട്ട് വരെ ഭൂലോക ലക്ഷ്മി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആഗസ്റ്റ് 14 ന് രാവിലെ ഭര്‍ത്താവ് വിളിച്ചിട്ടും ഭൂലോക ലക്ഷ്മി ഫോണ്‍ എടുത്തില്ല. കുളിക്കുകയോ മറ്റോ ആകാം എന്ന് കരുതി കുറച്ച് സമയത്തിനു ശേഷം ദാനിയേല്‍ വീണ്ടും പല തവണ ഭൂലോക ലക്ഷ്മിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെ സമയത്തിന് ശേഷം ദാനിയേല്‍ മടങ്ങിയെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു. ജോലി സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ അവിടെയും ലക്ഷ്മി എത്തിയിട്ടില്ലെന്ന് വ്യക്തമായി.പിന്നീട് ഗവി, മീനാര്‍, കൊച്ചുപമ്പ മേഖലയിലുള്ളവര്‍ കാടും മലയും അരിച്ചു പെറുക്കിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂഴിയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും അതും വിഫലമായി. ഭൂലോക ലക്ഷ്മിയെ കാണാതായ ദിവസം രാത്രി അവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിന് സമീപം ഒരു വാഹനം വന്നിരുന്നതായി സമീപവാസികള്‍ പറയുന്നു. തെളിവായി ടെയറുകളുടെ പാട് മണ്ണില്‍ വ്യക്തമായി കാണാമായിരുന്നു. എന്നാല്‍, കാറാണോ ജീപ്പാണോ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.പുറത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റ് കടക്കാതെ ഗവിയില്‍ എത്താന്‍ കഴിയില്ല. ഇത് സംബന്ധിച്ച് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗവിയിലെ കെ എഫ് ഡി സി ഓഫീസില്‍ ടൈപ്പിസ്റ്റായിരുന്നും ഭൂലോക ലക്ഷ്മി. കാണാതാകുമ്പോള്‍ പ്രായം 44 വയസ്സുണ്ടായിരുന്നു. ആനയും കടവയും കാട്ടുപോത്തും വിഹരിക്കുന്ന കൊടും വനമാണ് ഗവി, മീനാര്‍, കൊച്ചുപമ്പ മേഖല. കെ എസ് എഫ് ഡി സി ഉദ്യോഗസ്ഥരും വനപാലകരും കെ എസ് ഇ ബി ജീവനക്കാരുമാണ് പുറത്തു നിന്നുള്ള താമസക്കാര്‍. ശ്രീലങ്കന്‍ വംശജരാണ് സ്ഥിരതാമസക്കാര്‍. സംഭവം നടന്ന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതി അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പലരുടെയും വിരലടയാളം അടക്കമുള്ളവ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭാര്യയെ ഒറ്റക്കാക്കിയിട്ട് നാട്ടില്‍ പോയ ദാനിയേല്‍ കുട്ടിക്കു നേരെയും സംശയമുന നീളുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവം കൊലപാതകമാണെങ്കില്‍ കൃത്യത്തിനു പിന്നില്‍ ആരാണെന്നത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയായിരുന്നു ദാനിയേല്‍ കുട്ടി. എന്നാല്‍, 2024 സെപ്തംബറില്‍ അദ്ദേഹം മരണപ്പെട്ടു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ തിരോധാന കേസില്‍ ഇപ്പോഴും തിരുവല്ല ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി വരികയാണ്.Content Highlights:The tragic murder of an Anganwadi worker has brought back memories of a 15 year old mystery. Bhuvaloka Lakshmi disappeared from Gavi without a trace under similar haunting circumstances. Authorities are comparing both cases as the old investigation gains renewed public interest.