ശിവസേന യുബിടിയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പാർലമെന്ററി പാർട്ടി യോഗം ആറ് എംപിമാർ ബഹിഷ്കരിച്ചതോടെ പിളർപ്പിന്റെ സൂചനകൾ കൂടുതൽ ശക്തമായി. കോൺഗ്രസുമായി ലയിക്കുമെന്ന ഭയമാണ് നീക്കത്തിന് പിന്നിലെന്നാണ് വിമതരുടെ വാദം. അതിനിടെ, വിമത എംപിമാർക്ക് വൈ-പ്ലസ് നിലവാരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തിയതും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.ദില്ലിയിൽ ചേർന്ന ശിവസേന യുബിടി പാർലമെന്ററി പാർട്ടി യോഗത്തിൽ ഒമ്പത് ലോക്‌സഭാ എംപിമാരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. ആറ് എംപിമാരുടെ അഭാവം പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി തുറന്നുകാട്ടുന്നതായാണ് വിലയിരുത്തൽ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുമായി ലയിക്കുന്നതിന് മുന്നോടിയായി, പ്രത്യേക ഗ്രൂപ്പായി അംഗീകാരം തേടി വിമതർ കത്തിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, ഉദ്ധവ് താക്കറെയുടെ പാർട്ടി കോൺഗ്രസിലേക്ക് കൂടുതൽ അടുക്കുകയാണെന്നും ഭാവിയിൽ ലയനസാധ്യതയുണ്ടെന്ന ആശങ്കയാണ് തങ്ങളുടെ നിലപാടിന് കാരണമെന്നും വിമതർ വിശദീകരിക്കുന്നു. സഞ്ജയ് റാവത്ത് പാർട്ടിയെ കോൺഗ്രസിന്റെ വഴിയിലേക്ക് നയിക്കുകയാണെന്ന ആരോപണവും വിമത പക്ഷം ഉന്നയിച്ചു.ALSO READ: ആദ്യം തമിഴ് തായ് വാഴ്ത്ത്; പിന്നാലെ ദേശീയഗാനവും; വന്ദേമാതരം ആലപിക്കാതെ വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനംമറുവശത്ത്, വിമത എംപിമാരെ “വിശ്വാസവഞ്ചകർ” എന്ന് വിശേഷിപ്പിച്ച സഞ്ജയ് റാവത്ത്, വിപ്പ് ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. അയോഗ്യതാ ഹർജിക്കുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് റാവത്ത് വ്യക്തമാക്കി. രാഷ്ട്രീയ സംഘർഷം കനക്കുന്നതിനിടെ, ആറ് വിമത എംപിമാർക്ക് മഹാരാഷ്ട്ര സർക്കാർ വൈ-പ്ലസ് നിലവാരത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.ശിവസേനയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും വലിയൊരു പിളർപ്പിലേക്ക് നയിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ഡൽഹിയിൽ വിമതരുടെ നീക്കങ്ങളും മുംബൈയിൽ താക്കറെ പക്ഷത്തിന്റെ പ്രതിരോധ ശ്രമങ്ങളും ഒരേസമയം പുരോഗമിക്കുമ്പോൾ, ശിവസേനയിലെ ഈ പുതിയ രാഷ്ട്രീയ പോരാട്ടം മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതിമാറ്റുമോ എന്നതാണ് രാഷ്ട്രീയ അകത്തളങ്ങളിലെ ചൂടൻ ചർച്ച.The post മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ മാറ്റം? ശിവസേന യുബിടിയിലെ പിളർപ്പ് ചർച്ചയാകുന്നു appeared first on Kairali News | Kairali News Live.