കേരളത്തിനും കര്‍ണാടകത്തിനും ഇടയില്‍ ബൈരക്കുപ്പ പാലം യാഥാര്‍ഥ്യമാകും

Wait 5 sec.

ബംഗളൂരു | കേരളത്തിനും കര്‍ണാടകയ്ക്കും ഇടയില്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ബൈരക്കുപ്പ അന്തര്‍ സംസ്ഥാന പാലം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. 1994 സെപ്റ്റംബര്‍ 22 ന് കേരള, കര്‍ണാടക മുഖ്യമന്ത്രിമാരായിരുന്ന കെ കരുണാകരനും വീരപ്പ മൊയ്ലിയും സംയുക്തമായി ഈ പാലത്തിന് തറക്കല്ലിട്ടിരുന്നു. തുടര്‍ന്ന് 2002 മാര്‍ച്ച് 15 ന് കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും പദ്ധതി യാഥാര്‍ഥ്യമായില്ല.കര്‍ണാടക അതിര്‍ത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കേരള പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനെ അറിയിച്ചു. ഞായറാഴ്ച ബംഗളൂരുവില്‍ മന്ത്രി ബഷീറുമായി നടത്തിയ ചര്‍ച്ചയിലാണ് പാലം നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ ഉടനെ തന്നെ മന്ത്രി സഭായോഗത്തില്‍ വെക്കുമെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും ശിവകുമാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ചു പ്രിയങ്ക ഗാന്ധി എം പിയും നേരത്തെ കേരള, കര്‍ണാടക സര്‍ക്കാറുകള്‍ക്ക് കത്തെഴുതിയിരുന്നു.വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂര്‍ണമായും പൂര്‍ത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂര്‍ത്തീകരണം ഇപ്പോള്‍ കര്‍ണാടകയിലെ അനുബന്ധ പാതയുടെ നിര്‍മാണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ണാടക ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാന്‍ ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ കര്‍ണാടക സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു.പാലം യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകും. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനം നല്‍കുന്നതാണ് പാലമെന്നു ഡി കെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ബൈരക്കുപ്പയ്ക്ക് സമീപമുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയിലേക്കെത്തിച്ചേരാനും കര്‍ണാടകയിലുടനീളവും പ്രത്യേകിച്ച് കുടക് ജില്ലയിലും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക, ബിസിനസ് അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ പാലം ഗുണകരമാവുമെന്നു മന്ത്രി ബഷീര്‍ പറഞ്ഞു.പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദല്‍ പാതയായി പാലം പ്രവര്‍ത്തിക്കും. ഇത് നിലവില്‍ എന്‍ എച്ച് 766 ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെ നടപ്പിലാക്കുന്ന രാത്രി യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനും ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബംഗളൂരുവിനും സുല്‍ത്താന്‍ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റര്‍ കുറയുകയും യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. കര്‍ണാടക മേഖലയിലെ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും പദ്ധതിക്കായി നിരാക്ഷേപ പത്രം നല്‍കാനും ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശം നല്‍കുമെന്ന് ഡി കെ ശിവകുമാര്‍ അറിയിച്ചു.