പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ യുഎസ്-ഇറാൻ യുദ്ധത്തിന് വിരാമം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ചരിത്രപരമായ ‘ശാശ്വത സമാധാന കരാറിൽ’ ഒപ്പുവെക്കാൻ ധാരണയായി.ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുന്നണികളിലും സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പ്രധാന മധ്യസ്ഥനായ പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് അറിയിച്ചു. കരാറിന്റെ ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് ജൂൺ 19-ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് നടക്കും.തന്റെ എൺപതാം ജന്മദിനത്തിൽ പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്ത സ്ഥിരീകരിച്ചു. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാർ പൂർണ്ണമായിരിക്കുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ!” – ട്രംപ് വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കാനും ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. ഇതിന് പിന്നാലെ, യുഎസുമായുള്ള യുദ്ധത്തിന് ‘ഉടനടി അന്ത്യം’ കുറിച്ചതായി ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീബാബാദിയും സ്ഥിരീകരിച്ചു.ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം കരാറിനെ തകിടം മറിക്കുമെന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനെതിരെ ഇറാൻ പ്രത്യാക്രമണത്തിന് മുതിർന്നതോടെ ഞായറാഴ്ച പശ്ചിമേഷ്യ അതീവ നാടകീയമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.കരാർ ഒപ്പിടുന്നത് വൈകിപ്പിച്ചതിന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ട്രംപ് കടുത്ത ഭാഷയിൽ ഫോണിലൂടെ അമർഷം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പാകിസ്താൻ, സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ തീവ്രമായ നയതന്ത്ര ഇടപെടലുകളാണ് ഒടുവിൽ യുദ്ധത്തിന് അന്ത്യം കുറിക്കാൻ സഹായിച്ചത്.കരാർ യാഥാർത്ഥ്യമായതോടെ ഇന്ധനവില ഗണ്യമായി കുറയുമെന്നും ഇത് പശ്ചിമേഷ്യയിൽ വലിയ സാമ്പത്തിക പുരോഗതിക്ക് കാരണമാകുമെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.ജൂൺ 19-ന് ജനീവയിൽ നടക്കുന്ന ഒപ്പുവെക്കൽ ചടങ്ങിൽ താനോ അല്ലെങ്കിൽ പ്രസിഡന്റ് ട്രംപ് നേരിട്ടോ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ലബനനിലെ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള അതിർത്തി യുദ്ധത്തിനും ഇതോടെ താൽക്കാലിക ശമനമുണ്ടാകുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.The post യുഎസ്-ഇറാൻ ശാശ്വത സമാധാന കരാർ; പശ്ചിമേഷ്യയിൽ സൈനിക നടപടികൾക്ക് പൂർണ്ണ അന്ത്യം, എണ്ണവില കുറഞ്ഞു appeared first on Arabian Malayali.