ഇടുക്കി | തെരുവില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചപ്പോള്‍ സഞ്ചിയില്‍ കണ്ടെത്തിയത് ഒരുലക്ഷത്തിലധികം രൂപ. ഇടുക്കിയിലെ രാജാക്കാട് ടൗണില്‍ കഴിഞ്ഞിരുന്ന പുതുശേരിയില്‍ ശശി എന്ന 64കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇദ്ദേഹം ടൗണിലെ ജ്വല്ലറിയോട് ചേര്‍ന്നുള്ള സ്റ്റെയര്‍ കേസിനടിയിലായിരുന്നു തന്റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശശി മരിച്ചതോടെ പഞ്ചായത്ത് അധികൃതരെത്തി പഴയ സഞ്ചി തുറന്നപ്പോഴാണ് 1,15,751 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്.ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും ചില്ലറ പണികളൊക്കെ ചെയ്ത് കടത്തിണ്ണയിലായിരുന്നു ഇദ്ദേഹം കിടന്നുറങ്ങിയിരുന്നത്. നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നുവെങ്കിലും ആരോടും ഒന്നും സംസാരിക്കാതെയായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ തന്റെ നാട്ടില്‍ എവിടെ മരണം നടന്നാലും അത് എത്ര ദൂരത്താണെങ്കിലും ശശി അവിടെ എത്തുമായിരുന്നു. ഫോണ്‍പോലും ഉപയോഗിക്കാത്ത ശശി മരണ വിവരം എങ്ങിനെയാണ് കൃത്യമായി അറിഞ്ഞിരുന്നത് എന്നത് നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു.ആരോഗ്യമുണ്ടായിരുന്നപ്പോള്‍ പണി ചെയ്തു കിട്ടിയതും സുമനസ്സുക്കള്‍ സഹായമായി നല്‍കിയതുമായ പണമൊക്കെ ഇദ്ദേഹം തന്റെ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റെയും നോട്ടുകളുണ്ടെങ്കിലും അമ്പത്,നൂറ്,പത്ത്, ഇരുപത് രൂപയുടെ നോട്ടുകളായിരുന്നു കൂടുതലും. രാജാക്കാട് പൊതു ശ്മശാനത്തില്‍ പഞ്ചായത്ത് അധികൃതരാണ് ശശിയുടെ സംസ്‌കാരം നടത്തിയത്. സഞ്ചിയില്‍ നിന്ന് ലഭിച്ച തുക ശശിയുടെ ബന്ധുക്കള്‍ക്ക് കൈമാറാനാണ് തീരുമാനം.Content Highlights:A 64-year-old homeless man named Shashi passed away due to kidney ailment in Rajakkad, Idukki. Local authorities discovered Rs 1,15,751 in currency notes hidden inside his cloth bag after his demise. The collected money will be officially handed over to his relatives by the panchayat officials.