മദ്യനയത്തിലും കരിമണൽ ഖനനത്തിലും സർക്കാരിന് സുധീരന്റെ മുന്നറിയിപ്പ്; ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് കത്ത്

Wait 5 sec.

സംസ്ഥാന ബജറ്റിലെ മദ്യനയവും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് ബജറ്റിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വീര്യം കുറഞ്ഞ മദ്യം എന്ന പേരിൽ മദ്യവ്യാപനം പ്രോത്സാഹിപ്പിക്കുന്ന നീക്കം അംഗീകരിക്കാനാകില്ലെന്ന് സുധീരൻ വ്യക്തമാക്കി. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണ് ഇത്തരം നിർദേശങ്ങളെന്നും ഇത് ജനങ്ങളോടുള്ള വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടന പോലും വീര്യം കുറഞ്ഞ മദ്യത്തിന്റെ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ബജറ്റിലെ ഈ നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതോടൊപ്പം, ആലപ്പുഴ തീരദേശത്ത് കരിമണൽ ഖനനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിർദേശത്തെയും സുധീരൻ ശക്തമായി എതിർത്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്ക തീരദേശ ജനങ്ങൾക്കിടയിൽ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ ജനകീയ സമരങ്ങളുടെ പശ്ചാത്തലത്തിൽ കരിമണൽ ഖനന പദ്ധതികൾ പിൻവലിക്കപ്പെട്ട ചരിത്രം ഓർമ്മിപ്പിച്ച സുധീരൻ, തീരദേശ ജനതയുടെ ആശങ്കകൾ പരിഗണിച്ച് ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു.കുട്ടനാടിന്റെയും ആലപ്പുഴ തീരദേശ മേഖലയുടെയും പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ഖനനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പുനഃപരിശോധിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നേടിയ സർക്കാരിൽ നിന്ന് മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യർഥനയെന്നും സുധീരൻ വ്യക്തമാക്കി.The post മദ്യനയത്തിലും കരിമണൽ ഖനനത്തിലും സർക്കാരിന് സുധീരന്റെ മുന്നറിയിപ്പ്; ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് കത്ത് appeared first on ഇവാർത്ത | Evartha.