നമ്മുടെ വിളക്കിന് പ്രകാശമുണ്ടാകുന്നത്…

Wait 5 sec.

ചിലരുണ്ട്, ഉപദേശത്തിന്റെ ഫാക്ടറികൾ! വലിയ തത്വങ്ങൾ ആധികാരികമായി തന്നെ വൈകാരികത ചോരാതെ അവതരിപ്പിക്കാൻ നല്ല കഴിവുണ്ട്. ഞാനെന്തായാലും ശരി, ജനങ്ങൾ നന്നാവട്ടെ. എന്ന നിലപാടുകാർ. യമണ്ടൻ ഉപദേശങ്ങൾ നടത്തും, ശ്രോതാക്കൾ കണ്ണീര് വാർക്കും , പുതിയ തീരുമാനങ്ങളെടുക്കും. എന്നാലോ, ഉപദേശിയുടെ ഹൃദയത്തിലേക്കതിന്റെ തരിമ്പ് പ്രവേശിച്ചിട്ടുണ്ടാകില്ല. അയാളുടെ പ്രവൃത്തിയിൽ അക്കാര്യമുണ്ടാകില്ല. വേണ്ടാത്തത് കാണരുതെന്ന, കേൾക്കരുതെന്ന, ആലോചിക്കരുതെന്ന ഉപദേശവും നൽകി അയാൾ കതകടച്ച് വേണ്ടാത്തത് കാണും കേൾക്കും ചിന്തിക്കും. കഷ്‌ടം തന്നെ! വേലി തന്നെ വിള തിന്നുന്നു.കൂട്ടരേ…, ഉപദേശിക്കുക ലളിതമാണ്. കർമപഥത്തിലതുണ്ടാവലാണ് പ്രയാസം. ഹദീസിൽ കാണാം: അന്ത്യനാളിൽ ഒരാളെ കൊണ്ടുവന്ന് നരകത്തിലെറിയും. അയാളുടെ തൊലികളെല്ലാം ഉതിർന്നു വീഴും. കഴുത, ആസുകല്ലിനു ചുറ്റും കറങ്ങുന്നതുപോലെ ഇവൻ നരകത്തിൽ കറങ്ങിക്കൊണ്ടിരിക്കും. അപ്പോൾ നരകത്തിലുള്ളവർ ചോദിക്കും: “താങ്കൾക്കെന്തുപറ്റി? നിങ്ങൾ ഞങ്ങൾക്ക് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയുമായിരുന്നുവല്ലോ?’ അപ്പോളയാൾ പറയും: “ഞാൻ നിങ്ങളോട് നന്മ കൽപ്പിക്കും; പക്ഷേ, സ്വന്തം ജീവിതത്തിൽ അവ കൊണ്ടുവരില്ലായിരുന്നു. തിന്മ വിരോധിക്കാൻ പറയും. പക്ഷേ, ഞാനത് ചെയ്യും.’ (ബുഖാരി, മുസ്‌ലിം) യഥാർഥ വിലയിരുത്തലിന്റെ നേരത്ത് വഷളാക്കപ്പെടുന്ന ദുരവസ്ഥ എത്ര ദയനീയമാണ്. നോക്കൂ…എത്രയെത്ര പ്രഭാഷണങ്ങൾ, എഴുത്തുകൾ, ഉപദേശങ്ങൾ! എല്ലാറ്റിനും പോസിറ്റീവ് പ്രതിഫലനങ്ങളുടെ തോത് കുറഞ്ഞ് വരുന്നു. പ്രാസംഗികരുടെ കീശ വീർത്തു പബ്ലിക്കേഷനുകൾക്ക് കാഷ് കിട്ടി വ്യക്തികൾക്ക് പ്രിവിലേജ് കിട്ടി. ഒരു കോട്ടുവായ പോലെ അതങ്ങവസാനിച്ചു. എന്നല്ലാതെ നന്മകളൊന്നും ശേഷിച്ചില്ല. എന്തേ കാരണം?ജനം അനുഗമിക്കുന്നത് വാക്കിനേക്കാൾ നമ്മുടെ പ്രവൃത്തിയേയാണ്. പ്രവൃത്തിയുടെ ബലമുള്ള വാക്കിന് ഉരുക്കു ശക്തി കൈവരും. സ്വീകാര്യത ലഭിക്കും. അല്ലാത്തതിന് ചിലന്തിവലയുടെ ഉഷിര് പോലുമുണ്ടാകില്ല. വിശുദ്ധ ഖുർആൻ ചോദിക്കുന്നില്ലേ “നിങ്ങൾ പ്രവൃത്തിക്കാത്ത കാര്യം എന്തിനാണ് പറയുന്നത്?’ (സൂറ: സ്വഫ്) എന്ന്. പണ്ഡിതർ, പ്രഭാഷകർ, എഴുത്തുകാർ, നേതാക്കൾ, സാരോപദേശം നടത്തുന്നവർ തുടങ്ങി സമൂഹം വലിയ വില കൽപ്പിക്കുന്നവരേറെയുണ്ട്.അവർ വാക്കിലൊന്നും പ്രവൃത്തിയിൽ വേറൊന്നുമായാൽ അവരെ തുടരുന്നവരുടെ സ്ഥിതിയെത്ര അപകടകരമായിരിക്കും?!. പണ്ഡിതന്റെ ഭാഗത്തു നിന്നുള്ള വേണ്ടാ പ്രവൃത്തി മതത്തെ തകർത്തു കളയും. ഉറക്കം അഭിനയിക്കുന്നവനെ ഉണർത്താനോ നേർവഴിക്കു നയിക്കാനോ സാധിക്കില്ലല്ലോ. ഏതു വസ്തുവും പുഴുവരിക്കുന്നത് ഉപ്പ് തടഞ്ഞു നിർത്തും. എന്നാൽ ഉപ്പിനു തന്നെ പുഴുക്കുത്തുബാധിച്ചാൽ എന്തു ചെയ്യാനാണ്! എന്ന് റസ്സാനത്ത് (പ്രസിദ്ധമായ സാരോപദേശഗീതം) നമ്മോട് വേവലാതിപ്പെടുന്നുണ്ട്. മറ്റുള്ളവരെ വഴിനടത്തേണ്ടവർ തെറ്റായ നിലപാടുകാരാവുന്നതിന്റെ ദുരന്തമാണ് ആ കാവ്യം നമ്മെ ഓർമിപ്പിക്കുന്നത്. റസൂൽ (സ )പറയുന്നു. “അറിവ് സ്വന്തം പരലോക ജീവിതത്തിന് ഉപകരിക്കാത്ത പണ്ഡിതനായിരിക്കും പരലോകത്ത് കഠിനശിക്ഷയേൽക്കുന്നവൻ.’ജുനൈദുൽ ബഗ്ദാദിയെ(റ) അവിടുത്തെ മരണാനന്തരം ഒരാൾ സ്വ‌പ്നം കണ്ടു. അയാൾ അദ്ദേഹത്തോട് ചോദിച്ചു: “എന്തൊക്കെയുണ്ട് വിശേഷങ്ങൾ?’ “എന്ത്, പഠിച്ചതൊക്കെ പോയി. ജനങ്ങൾ തന്ന കീർത്തികളും വെറുതെയായി. പാതിരാക്കു നിർവഹിച്ച എളിയ നിസ്‌കാരങ്ങൾ മാത്രമാണ് കണക്കിൽ ബാക്കിയുള്ളത്.’കൂട്ടുകാരേ..അയ്യുഹൽ വലദിന്റെ സ്‌നേഹമൂറുന്ന സംസാരത്തിലേക്ക് നമുക്കൊന്ന് കാത് കൊടുത്താലോ.മോനെ.., കർമങ്ങളില്ലാതെ പാപ്പരാകരുത്. സമയം പാഴാക്കുകയുമരുത്. വിവരം കൊണ്ടുമാത്രം ഒരാളും രക്ഷപ്പെടില്ല. ഒരാൾ വിജനമായ സ്ഥലത്തകപ്പെട്ടുവെന്ന് കരുതുക. കൈയിൽ പത്തോളം ഇന്ത്യൻ നിർമിത വാളുകളുണ്ട്. വേറെയും ആയുധങ്ങളുണ്ട്. യുദ്ധതന്ത്രജ്ഞനും ധീരനുമാണയാൾ. എന്തുണ്ടായിട്ടെന്താ. പെട്ടെന്ന് ഒരു സിംഹം ചീറിയടുത്തപ്പോൾ ആയുധം ഉപയോഗിക്കുന്നതറിയില്ല!. ശതക്കണക്കിനു കാര്യങ്ങൾ പഠിച്ചിട്ടെന്ത് കാര്യം? കർമം കൊണ്ടേ ആർക്കും ഗുണം കിട്ടൂ.നൂറ് വർഷം നീ പഠിച്ചു. ആയിരം പുസ്തകങ്ങൾ ശേഖരിച്ചു. അതുകൊണ്ടു മാത്രം അല്ലാഹുവിന്റെ കാരുണ്യത്തിന് നീ പാത്രമാകുന്നില്ല. കാരണം, അല്ലാഹു പറയുന്നുണ്ട്: “മനുഷ്യൻ ചെയ്തതു മാത്രമാണ് അവനുള്ളത്. അല്ലാഹുവിനെ കാണാനാഗ്രഹിക്കുന്നവർ സത്കർമം അനുഷ്ഠിക്കട്ടെ,’ അവൻ ചെയ്തതിന്റെ പ്രതിഫലമായി, വിശ്വസിക്കുകയും സത്കർമം അനുഷ്ഠിക്കുകയും ചെയ്തവർക്ക് ജന്നാത്തുൽ ഫിർദൗസ് വിരുന്നായിട്ടുണ്ട്. അതിൽ ശാശ്വതരായിരിക്കും അവർ. അതുവിട്ട് അവരെവിടെയും പോകില്ല. പശ്ചാതപിച്ചവരും വിശ്വസിച്ചവരും സത്കർമം അനുഷ്ഠിച്ചവരും ഒഴികെ.’കൂട്ടരേ… പറയുന്നത് പ്രവൃത്തിയിലുണ്ടാവാനുള്ള അതി ജാഗ്രത നമുക്കുണ്ടാകണം. ആ കർമങ്ങളാണ് നമ്മുടെ വിജയത്തെ നിശ്ചയിക്കുന്നത്. നമ്മുടെ കർമങ്ങൾ വാക്കിനേക്കാൾ ആളുകളിൽ സ്വാധീനമുണ്ടാക്കും. അങ്ങനെ നമ്മുടെ വിളക്കു വെളിച്ചം മറ്റുള്ളവരിലേക്കും പടരും. ഇരുള് നീങ്ങും.Content Highlights:True wisdom lies in practicing what you preach rather than offering empty advice to others. Islamic teachings emphasize that actions hold more weight than words and determine ultimate success. Knowledge is only beneficial when it is transformed into sincere deeds and implemented in daily life.