ഒറ്റ രാത്രികൊണ്ട് ചിത്രം മാറി; രാജ്യത്തെ ഞെട്ടിച്ച് ഒരു അജ്ഞാത പാർട്ടി ദേശീയ രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് എത്തിയ കഥ

Wait 5 sec.

ന്യൂഡൽഹി | 2023 ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ യാതൊരുവിധ ചലനവും ഉണ്ടാക്കാൻ സാധിക്കാതിരുന്ന, അധികമാരും അറിയപ്പെടാതിരുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിലെ 20 വിമത എം പിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ സി പി ഐ) എന്ന കടലാസു പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചതോടെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ മാറ്റം സംഭവിച്ചത്. തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ബംഗാൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ ചെറിയ പാർട്ടി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി മാറിയിരിക്കുന്നു. ഇതോടെ പാർട്ടിയുടെ ഉത്ഭവം, ഘടന, നേതൃത്വം, ആഭ്യന്തര പ്രവർത്തനം എന്നിവയെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം 2023 ജനുവരി 20 നാണ് എൻ സി പി ഐ ഒരു രജിസ്റ്റേർഡ് അൺറെക്കഗ്നൈസ്ഡ് പൊളിറ്റിക്കൽ പാർട്ടി (ആർ യു പി പി) ആയി രജിസ്റ്റർ ചെയ്തത്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു ഇത്. ബംഗാളിൽ രജിസ്റ്റർ ചെയ്ത പാർട്ടിയാണെങ്കിലും ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യമായി ജനവിധി തേടാൻ അവർ ത്രിപുര തന്നെ തിരഞ്ഞെടുത്തു. ആ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും നാല് സീറ്റുകളിലെ നാമനിർദ്ദേശ പത്രികകൾ തള്ളിപ്പോയി. ഒടുവിൽ പാർട്ടി ചിഹ്നത്തിൽ രണ്ട് മണ്ഡലങ്ങളിൽ മാത്രം എൻ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിച്ചു. ചൗമാനുവിൽ 536 വോട്ടുകളും കൈലാസഹറിൽ 286 വോട്ടുകളും ഉൾപ്പെടെ ആകെ 822 വോട്ടുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. അംബാസയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച കൃഷ്ണ കുമാർ ദേബ്ബർമയ്ക്ക് 376 വോട്ടുകൾ ലഭിച്ചു. ഇദ്ദേഹത്തെ ഉൾപ്പെടെ എൻ സി പി ഐ പിന്തുണച്ച സ്ഥാനാർത്ഥികൾക്ക് ആകെ ലഭിച്ചത് 1,198 വോട്ടുകൾ മാത്രമാണ്. സ്ഥാനാർത്ഥികളിൽ ആർക്കും തന്നെ വിജയം പോയിട്ട് അതിന് അടുത്തുപോലും എത്താൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം വെറും 1.13 ലക്ഷം രൂപ മാത്രമാണ് പാർട്ടിക്ക് ആകെ സംഭാവനയായി ഇതുവരെ ലഭിച്ചിട്ടുള്ളത്.ഷെവ്ലി കുന്ദുവാണ് പാർട്ടിയുടെ ട്രഷറർ. രാഷ്ട്രീയ പാർട്ടിയുടെ അതേ വിലാസത്തിൽ രജിസ്റ്റർ ചെയ്ത ബിശ്വബസാർ പ്രൈവറ്റ് ലിമിറ്റഡ്, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പശ്ചിമ ബംഗ അസംഗതിത മഹിളാ കർമ്മി അസോസിയേഷൻ എന്നീ രണ്ട് സംഘടനകളുടെ ഡയറക്ടർ കൂടിയാണ് ഇവർ. ബംഗാളിലെ ഹൗറ ജില്ലയിലുള്ള ബാനിപൂർ എന്ന സ്ഥലത്താണ് ഈ മൂന്ന് സ്ഥാപനങ്ങളുടെയും രജിസ്റ്റർ ചെയ്ത വിലാസമുള്ളത്. ഷെവ്ലി കുന്ദുവിന്റെ ഭർത്താവായ ഉത്തിയ കുന്ദുവാണ് പാർട്ടിയുടെ പ്രസിഡന്റ്. ഉത്തിയ കുന്ദു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടൊപ്പമുള്ള ഒരു ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (ടി ടി എ എ ഡി സി) മേഖലയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രവർഗ്ഗ സമൂഹങ്ങളെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി ത്രിപുര രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് എൻ സി പി ഐ നേതാവ് ശന്തനു ഡേ വ്യക്തമാക്കിയിരുന്നു.ത്രിപുര തിരഞ്ഞെടുപ്പിന് ശേഷം ഈ പാർട്ടി അപ്രത്യക്ഷമായി. കൊൽക്കത്തയിൽ നിന്ന് വന്ന ഷെവ്ലി കുന്ദുവാണ് തങ്ങളെ സ്ഥാനാർത്ഥിയാകാൻ സമീപിച്ചതെന്നും എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവർ ഓഫീസ് പൂട്ടി മടങ്ങിയെന്നും പിന്നീട് യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും കൈലാസഹറിലെ സ്ഥാനാർത്ഥിയായിരുന്ന ജഹാംഗീർ അലി വ്യക്തമാക്കി. മറ്റൊരു മുൻ സ്ഥാനാർത്ഥിയായ ബർജെദ ത്രിപുരയും സമാനമായ അനുഭവമാണ് പങ്കുവെച്ചത്. പണം ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും കാര്യമായ പ്രചാരണമൊന്നും ഉണ്ടായിരുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുമായുള്ള ബന്ധം പൂർണ്ണമായി നഷ്ടപ്പെട്ടെന്നും ഇവർ പറഞ്ഞു.2023 ലെ പശ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പദ്ധതിയിട്ടിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്ന് ശന്തനു ഡേ പറഞ്ഞു. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ത്രിപുര തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കുകയും സംഘടനയുടെ പ്രവർത്തനം സ്തംഭിക്കുകയും ചെയ്തു. 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാൻ താൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിഭവങ്ങളുടെ ദൗർലഭ്യം കാരണം അത് മുന്നോട്ട് പോയില്ല.അങ്ങനെയിരിക്കെയാണ് തൃണമൂൽ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ 20 എംപിമാർ എൻസിപിഐയിൽ അംഗത്വമെടുക്കുന്നത്. ഇതോടെ ആരുമറിയാതിരുന്ന പാർട്ടി ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു. പാർലിമെന്റിൽ പ്രത്യേക ബ്ലാക്കായിട്ടാകും പാർട്ടി അംഗങ്ങളായ എംപിമാർ ഇരിക്കുക. ഭരണകക്ഷിയായ എൻഡിഎക്ക് ആകും ഇവരുടെ പിന്തുണ.Content HighlightsThe Nationalist Citizens Party of India (NCPI), a little-known party registered in 2023, has entered national politics after 20 rebel Trinamool Congress MPs merged with it. The party had a poor debut in the 2023 Tripura elections, securing minimal votes. The sudden merger has now granted it significant political prominence.