പാറ്റകൾ പിന്നോട്ടില്ല; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപിയുടെ അനിശ്ചിതകാല സമരം

Wait 5 sec.

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധം ജന്തർ മന്ദറിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പ്രതിഷേധത്തിന് വൈകിട്ട് 5 മണി വരെയാണ് അനുമതി ഉണ്ടായിരുന്നതെങ്കിലും വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരാൻ സിജെപി തീരുമാനിക്കുകയായിരുന്നു. വൈകിട്ടോടെ പാറ്റകളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ പോലീസ് നീക്കം ആരംഭിച്ചെങ്കിലും പിന്നീട് പിന്മാറി. വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സി ജെ പി സ്ഥാപകൻ അഭിജിത് ദീപ് കെ പ്രഖ്യാപിച്ചിട്ടുള്ളത്. സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ വിഷയാധിഷ്ഠിതമായ പിന്തുണ നൽകുന്നുണ്ട്.ദേശീയ പതാകയേന്തിയും പ്രതീകാത്മകമായി പാത്രം കൊട്ടിയും വലിയ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രവർത്തകർ ഇന്നലെ രാത്രി പ്രതിഷേധിച്ചത്. ധർമേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന ഒരൊറ്റ ആവശ്യമാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്. തുടക്കത്തിൽ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള കേന്ദ്രസേനയും വലിയ തോതിൽ വിന്യസിക്കപ്പെട്ടിരുന്നു. സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.ALSO READ: ഇനി ഒരു വീഴ്ച ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷാ നിയന്ത്രണങ്ങൾ; നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കുംവിദ്യാർത്ഥികൾക്കിടയിലുള്ള പ്രതിഷേധം രാജ്യവ്യാപകമായി പടരാതിരിക്കാൻ പോലീസ് നിലവിൽ സംയമനം പാലിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രതിഷേധമല്ല ഇതെന്നും, സിസ്റ്റത്തോടുള്ള വിദ്യാർത്ഥികളുടെ ഫ്രസ്ട്രേഷനിൽ നിന്ന് ഉണ്ടായ സമരമായതിനാലും ബലപ്രയോഗം നടത്തിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അധികൃതർ ഭയപ്പെടുന്നു. മുൻപ് നേപ്പാളിൽ ഉണ്ടായതുപോലെയുള്ള ജനറേഷൻ സെഡ് പ്രതിഷേധങ്ങൾ ഇന്ത്യയിലും ആവർത്തിക്കാതിരിക്കാനാണ് പോലീസ് ശ്രദ്ധിക്കുന്നത്. മന്ത്രി രാജി വെക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും വരും ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ യുവാക്കളെ കൂടി അണിനിരത്തി സമരം വ്യാപിപ്പിക്കുമെന്നുമാണ് സിജെപി അറിയിച്ചിരിക്കുന്നത്.The post പാറ്റകൾ പിന്നോട്ടില്ല; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപിയുടെ അനിശ്ചിതകാല സമരം appeared first on Kairali News | Kairali News Live.