ഇറാന്റെ ആണവപദ്ധതിയും ലെബനനിലെ അടിയന്തര സാഹചര്യങ്ങളും ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്സർലൻഡിൽ എത്തി. വരാനിരിക്കുന്ന ചർച്ചകളിൽ അനുകൂലമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷ വാൻസ് പങ്കുവെച്ചു.ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘവും സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ട്.നിലവിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച ധാരണാപത്രം (MoU) എല്ലാ കക്ഷികളും പൂർണ്ണമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കി.എന്നാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ സ്വിറ്റ്സർലൻഡിൽ ആരംഭിക്കാനിരിക്കെ, ലെബനനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേലിന്റെ ക്രൂരമായ കൂട്ടക്കൊല.ഹിസ്ബുള്ളയുമായി നിലവിലുള്ള വെടിനിർത്തൽ കരാർ കാറ്റിൽപ്പറത്തി ശനിയാഴ്ച ഇസ്രായേൽ സൈന്യം ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു.ഇസ്രായേലിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളിൽ പ്രതിഷേധിച്ച്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു.എന്നാൽ ഇറാന്റെ പ്രഖ്യാപനം അമേരിക്കൻ സൈന്യം തള്ളി. ഹോർമുസ് കടലിടുക്ക് ഇപ്പോഴും പൂർണ്ണമായും തുറന്നിരിക്കുകയാണെന്നും എല്ലാ അന്താരാഷ്ട്ര കപ്പലുകൾക്കും സുരക്ഷിതമായി ഇതിലൂടെ കടന്നുപോകാൻ സാധിക്കുമെന്നും യുഎസ് സൈനിക വക്താക്കൾ അറിയിച്ചു.ഒരു വശത്ത് സമാധാനത്തിനായുള്ള ഉന്നതതല ചർച്ചകൾക്ക് കളമൊരുങ്ങുമ്പോൾ, മറുവശത്ത് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും ഇറാന്റെ കടലിടുക്ക് അടയ്ക്കൽ പ്രഖ്യാപനവും പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. വരും മണിക്കൂറുകളിൽ സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചർച്ചകൾ ലോകം ഉറ്റുനോക്കുന്നു.The post നിർണായക ചർച്ചകൾക്കായി യുഎസ്-ഇറാൻ നേതാക്കൾ സ്വിറ്റ്സർലൻഡിൽ; വെടിനിർത്തൽ ലംഘിച്ച് ലെബനനിൽ ഇസ്രായേൽ കൂട്ടക്കൊല appeared first on Arabian Malayali.