ഉറുഗ്വായെ സമനിലയിൽ തളച്ച് സൗദി അറേബ്യ; രക്ഷകനായി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ്

Wait 5 sec.

2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ ഉറുഗ്വായെ സമനിലയിൽ തളച്ച് സൗദി അറേബ്യ. മിയാമിയിലെ പ്രശസ്തമായ ഹാർഡ് റോക്ക് സ്റ്റേഡീയത്തിൽ നടന്ന ആവേശകരമായ പോരാട്ടം ഇരുടീമുകളും ഓരോ ഗോൾ വീതം (1-1) നേടി സമനിലയിൽ പിരിയുകയായിരുന്നു.മത്സരത്തിൽ ഉറുഗ്വായ് വൻ ആധിപത്യം പുലർത്തിയെങ്കിലും സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ മിന്നും പ്രകടനമാണ് സൗദിക്ക് നിർണ്ണായകമായ ഒരു പോയിന്റ് സമ്മാനിച്ചത്.ഈ സമനിലയോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ ഗ്രൂപ്പിൽ നിന്നുള്ള പ്രീ-ക്വാർട്ടർ സാധ്യതകൾ ഇനിയും പ്രവചനാതീതമായി തുടരുകയാണ്.മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും മധ്യനിരയിൽ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഉറുഗ്വായുടെ ആക്രമണങ്ങളെ പ്രതിരോധിച്ച സൗദി, ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കളിയിൽ പിടിമുറുക്കി. മത്സരത്തിന്റെ 41-ാം മിനിറ്റിൽ അബ്ദുല്ല അൽ അമ്രിയിലൂടെ സൗദി അറേബ്യ മത്സരത്തിൽ ആദ്യ ലീഡ് നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉറുഗ്വായ് തങ്ങളുടെ സൂപ്പർ താരം ഡാർവിൻ നൂനിയസ് ഉൾപ്പെടെയുള്ളവരെ കളത്തിലിറക്കി ആക്രമണം ശക്തമാക്കി. മറുഭാഗത്ത് പ്രതിരോധം ശക്തമാക്കാനും ശാരീരികക്ഷമത നിലനിർത്താനുമായി സൗദി കോച്ചും നിരവധി മാറ്റങ്ങൾ വരുത്തി.ഉറുഗ്വായുടെ കടുത്ത സമ്മർദ്ദത്തിനൊടുവിൽ 80-ാം മിനിറ്റിൽ എം. അറൗഹോയിലൂടെ അവർ സമനില ഗോൾ കണ്ടെത്തി. തുടർന്ന് വിജയഗോളിനായി ഉറുഗ്വായും, പ്രതിരോധം കാക്കാൻ സൗദിയും അവസാന മിനിറ്റുകളിൽ ഒട്ടനവധി തന്ത്രപരമായ മാറ്റങ്ങൾ വരുത്തിയെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല. ഇൻജുറി ടൈമിൽ പ്രതിരോധം പൂർണ്ണമായി ശക്തമാക്കിയാണ് സൗദി കളി സമനിലയിൽ അവസാനിപ്പിച്ചത്.മത്സരത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഉറുഗ്വായ്ക്കായിരുന്നു പൂർണ്ണ മേധാവിത്വം. 65% പന്തടക്കവുമായി ഉറുഗ്വായ് മുന്നിട്ടു നിന്നപ്പോൾ സൗദിക്ക് 35% മാത്രമാണ് പന്ത് കൈവശം വെക്കാനായത്. ഉറുഗ്വായ് ആകെ 24 ഷോട്ടുകൾ ഉതിർത്തതിൽ 9 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ സൗദി വെറും 7 ഷോട്ടുകൾ ഉതിർത്തത്.ഈ കടുത്ത ആക്രമണങ്ങൾക്കിടയിലും സൗദിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത് ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ അവിശ്വസനീയമായ പ്രകടനമാണ്. ഉറുഗ്വായുടെ 8 മാരകമായ ഷോട്ടുകളാണ് ഒവൈസ് തട്ടിയകറ്റിയത്. ഈ തകർപ്പൻ പ്രകടനത്തോടെ 7.9 റേറ്റിങ്ങുമായി മത്സരത്തിലെ മികച്ച കളിക്കാരനായി ഒവൈസ് തിരഞ്ഞെടുക്കപ്പെട്ടു.എക്സ്പെക്റ്റഡ് ഗോൾസ് നിരക്കിൽ ഉറുഗ്വായ് (1.48) സൗദിയേക്കാൾ (0.99) മുന്നിലായിരുന്നുവെങ്കിലും, പോരാട്ടവീര്യം കൊണ്ട് സൗദി അറേബ്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി.The post ഉറുഗ്വായെ സമനിലയിൽ തളച്ച് സൗദി അറേബ്യ; രക്ഷകനായി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് appeared first on Arabian Malayali.