ബാബുക്കയുടെ അനശ്വര രാഗങ്ങളാൽ ധന്യമായി ‘ഓർമ്മകളിൽ ബാബുരാജ്’; സിറോ മലബാർ സൊസൈറ്റിയുടെ ഗസൽ നൈറ്റ് ശ്രദ്ധേയമായി

Wait 5 sec.

മനാമ: മലയാള ചലച്ചിത്ര സംഗീത ലോകത്തെ സുൽത്താൻ എം.എസ്. ബാബുരാജിന്റെ നിത്യഹരിത ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി (സിംസ്) സംഘടിപ്പിച്ച “ഓർമ്മകളിൽ ബാബുരാജ്” ഗസൽ നൈറ്റ് ശ്രദ്ധേയമായി. സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന സംഗീത വിരുന്നിൽ ബാബുക്കയുടെ ഈണങ്ങളെ ഹൃദയത്തിലേറ്റുന്ന സംഗീതപ്രേമികളാൽ സദസ്സ് നിറഞ്ഞു കവിഞ്ഞു. സിംസ് മ്യൂസിക് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.ബാബുരാജിന്റെ മകൻ എം.എസ്. സുൽഫിക്കർ, പ്രമുഖ സംഗീതജ്ഞരായ രാജീവ് വെള്ളിക്കോത്ത്, ശശി, നൗഫൽ എന്നിവർ ചേർന്നാണ് ഓർക്കസ്ട്ര നയിച്ചത്. ബാബുക്ക ഈണം പകർന്ന് മലയാളികളുടെ ചുണ്ടുകളിൽ ഇന്നും തങ്ങിനിൽക്കുന്ന ഇരുപതോളം അനശ്വര ഗാനങ്ങൾ സിംസ് മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പ്രിറ്റി റോയ് പരിപാടിയുടെ അവതാരകയായിരുന്നു.തന്റെ പിതാവിനെ അനുസ്മരിച്ചുകൊണ്ട് എം.എസ്. സുൽഫിക്കർ നടത്തിയ പ്രഭാഷണം സദസ്സിനെ ഈറനണിയിച്ചു. പിതാവിന്റെ സംഗീത ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കൺമുന്നിൽ കണ്ട പത്തുവയസ്സുകാരന്റെ ഓർമ്മകൾ അദ്ദേഹം സദസ്സുമായി പങ്കുവെച്ചപ്പോൾ കാണികളുടെ കണ്ണുകളിൽ അക്ഷരാർത്ഥത്തിൽ നനവുപടർന്നു. 48 വർഷങ്ങൾക്ക് മുൻപ് നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ബാബുക്ക സമ്മാനിച്ച മെലഡികൾ ഇന്നും പുതുമയോടെ നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ അത്യപൂർവ്വ രാഗസമ്മിശ്രണ പാടവം കൊണ്ടാണെന്ന് ചടങ്ങിൽ ഓർമ്മിപ്പിച്ചു.ചടങ്ങിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ‘കുപ്പിവള’ എന്ന സിനിമയിലെ “കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ…” എന്ന ഗാനത്തിന്റെ രാഗം ഏതാണെന്ന് ചാറ്റ് ജിപിറ്റിയിൽ (ChatGPT) തിരഞ്ഞപ്പോൾ ലഭിച്ച മറുപടി അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. “ഈ ഗാനത്തിന്റെ രാഗം കൃത്യമായി പറയുക എളുപ്പമല്ല, എന്നാൽ ഈ ഗാനത്തിൽ കാണുന്നത് എം.എസ്. ബാബുരാജിന്റെ തനതായ സിഗ്നേച്ചർ (Signature) ആണ്” എന്നായിരുന്നു ആ മറുപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പുതിയ കാലവും ബാബുക്കയുടെ സർഗ്ഗാത്മക സൃഷ്ടികൾക്ക് മുന്നിൽ അടിയറവ് പറയുകയാണെന്നും ഒരു കലാകാരന് ഇതിലും വലിയ ബഹുമതി കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടിയുടെ ഭാഗമായി മുഖ്യാതിഥിയായ എം.എസ്. സുൽഫിക്കറെ സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചും, പ്രസിഡന്റ് പി.ടി. ജോസഫ് മെമന്റോ നൽകിയും ആദരിച്ചു. സിംസ് ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പിള്ളി, ജോബിൻ ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ സി. ജോസ് തുടങ്ങിയ ഭാരവാഹികൾ ഗസൽ നൈറ്റിന് വിപുലമായ നേതൃത്വം നൽകി.The post ബാബുക്കയുടെ അനശ്വര രാഗങ്ങളാൽ ധന്യമായി ‘ഓർമ്മകളിൽ ബാബുരാജ്’; സിറോ മലബാർ സൊസൈറ്റിയുടെ ഗസൽ നൈറ്റ് ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.