യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപസാധ്യകള്‍ ചർച്ച ചെയ്ത് 10എക്സ് പ്രോപ്പർട്ടീസ് ദുബായിൽ നിക്ഷേപസംഗമം സംഘടിപ്പിച്ചു. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന പ്രൈവറ്റ് ഇൻവെസ്റ്റർ ബിസിനസ് മീറ്റില്‍ നൂറ് ബില്യൺ ദിർഹത്തിലേറെ മൂല്യമുള്ള പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് അവതരിപ്പിച്ചത്. നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുത്തു. ഷെയ്ഖ് ജുമ അൽ മക്തൂമിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡ്വൈസറുമായ യാക്കൂബ് അൽ അലി സംഗമം ഉദ്ഘാടനം ചെയ്തു. ദുബായിലും യു.എ.ഇയിലുടനീളവുമുള്ള വർധിച്ചുവരുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ദുബായിലും മറ്റ് എമിറേറ്റുകളിലുമായുള്ള വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പോർട്ട്‌ഫോളിയോ 10എക്സ് പ്രോപ്പർട്ടീസ് വി.പി ജാസിം അൽ ബലൂഷി വേദിയിൽ അവതരിപ്പിച്ചു. വിപണിയിലെ പുതിയ അവസരങ്ങളെകുറിച്ചും വെല്ലുവിളികളെ കുറിച്ചും സംസാരിച്ച അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിൽ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിൽ നിർമിതബുദ്ധി (എഐ) പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. നവീകരണത്തിലും മികച്ച നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ദുബായ് എന്നും മുൻപന്തിയിലാണെന്നും, പരിപാടിക്ക് ലഭിച്ച വലിയ സ്വീകാര്യത നിക്ഷേപകരുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്നും 10എക്സ് ഗ്രൂപ്പ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗം എച്ച്.ഇ മുഹമ്മദ് അൽ ദഹൂരി, എച്ച്.ഇ ഹൈതം മുഹമ്മദ് അൽ റയീസി തുടങ്ങി വിവിധ സർക്കാർ പ്രതിനിധികളും വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 10എക്സ് പ്രോപ്പർട്ടീസ് റീജിയണൽ സെയ്ല്സ് ഡയറക്ടർ വി.എസ്. ബിജു കുമാർ, ടെൻഎക്സ് സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻസ് സിടിഒ മധുകർ ഗഞ്ചി, വൈറ്റ് എലിഫന്റ് മീഡിയ പ്രൊഡക് ഷൻ ക്രിയേറ്റീവ് ഹെഡ് (എഐ & മീഡിയ) രാകേഷ് ഗോവിന്ദൻ, 10എക്സ് അഡ്വക്കേറ്റ്സ് ആൻഡ് ലീഗൽ കൺസൾട്ടന്‍റ്സ് ഡയറക്ടർ വി.എസ്. ചന്ദ്രശേഖരൻ തുടങ്ങിയ 10എക്സ് ഗ്രൂപ്പ് പ്രതിനിധികളും മീറ്റിൽ പങ്കെടുത്തു.