കിടപ്പുമുറിയിൽ പോലും സിസിടിവി ; വിവാഹം കഴിഞ്ഞ് 48-ാം നാൾ യുവതി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ

Wait 5 sec.

വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിലെ ക്രൂരമായ സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി. മുംബൈയ്ക്ക് സമീപമുള്ള അമ്പർനാഥിൽ ഭർത്താവിൽ നിന്നുമുള്ള കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാനാവാതെയാണ് 26-കാരിയായ വിശാഖ തിൽക്കർ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിഞ്ഞ് വെറും 48 ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ ദാരുണ അന്ത്യം. കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു വിശാഖയുടെയും ഡോക്ടർ നിതിന്റെയും വിവാഹം.വിവാഹസമയത്ത് തങ്ങൾ പ്രതീക്ഷിച്ചത്രയും പണവും സ്വർണ്ണവും ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ പീഡനം. എന്നാൽ ശാരീരിക ഉപദ്രവങ്ങൾക്കും അപ്പുറം ഭീതിജനകമായ സാഹചര്യത്തിലാണ് വിശാഖ ജീവിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിശാഖയുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി കിടപ്പുമുറി ഉൾപ്പെടെ വീടിനകത്തും പുറത്തുമായി ഭർത്താവ് നിതിൻ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.വീട്ടിൽ വെച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ ക്യാമറകളിലൂടെ നിതിൻ ഫോണിൽ നിരന്തരം നിരീക്ഷിച്ചു. പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാൽ പോലും വിശാഖയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപും അയൽപക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖയെ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.താൻ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് വിശാഖ സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ അവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കൾ അവളെ ഭർതൃവീട്ടിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വിശാഖയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിശാഖയുടെ കുടുംബത്തിന്റെ പരാതിയിൽ അമ്പർനാഥ് ശിവാജിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി ഭർത്താവ് നിതിൻ തിൽക്കർ, ഇയാളുടെ അമ്മ ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ പ്രധാന പ്രതിയായ ഡോ. നിതിനെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ അമ്മയ്ക്കും സഹോദരനും വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.The post കിടപ്പുമുറിയിൽ പോലും സിസിടിവി ; വിവാഹം കഴിഞ്ഞ് 48-ാം നാൾ യുവതി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.