ലോകകപ്പ് ടീമിൽ ഇടം നേടിയ മലയാളി താരം തഹ്സിനെ സ്വന്തം നാട്ടുകാരനെന്ന നിലയിൽ എല്ലാവരും അഭിമാനത്തോടെ പിന്തുണയ്ക്കുമ്പോൾ, കേരളത്തിൽ അത്തരം കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ വേണ്ട ശ്രമങ്ങൾ നടക്കാത്തത് എന്തുകൊണ്ടാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്. ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് ശാരീരികക്ഷമത കുറവാണെന്നും നിലവാരം പോരെന്നുമുള്ള വിമർശനങ്ങൾ പതിവായി ഉയരാറുണ്ടെങ്കിലും, തഹ്സിൻ അടക്കമുള്ള താരങ്ങളുടെ മുന്നേറ്റം ആ വാദങ്ങളെ തള്ളിക്കളയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും ലോകകപ്പ് ടീമുകളിൽ ഇന്ത്യൻ വംശജർ ഇടംപിടിച്ചിട്ടുണ്ടെങ്കിലും, ഒരു മലയാളി താരം ലോകകപ്പ് വേദിയിലെത്തുന്നത് ഇത്തവണത്തെ പ്രത്യേകതയാണെന്നും വിനീത് കൂട്ടിച്ചേർത്തു. മെസ്സി കേരളത്തിലെത്തണമെന്നത് എല്ലാവരുടെയും ആഗ്രഹമാണെങ്കിലും, ലോകോത്തര താരങ്ങൾക്ക് കളിക്കാൻ ആവശ്യമായ നിലവാരമുള്ള മൈതാനങ്ങൾ പോലും സംസ്ഥാനത്തില്ലെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം വിമർശിച്ചു. കായിക സംസ്കാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മാറ്റം വരുത്തി പുതിയ തലമുറയിലെ പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അറിവായ കാലം മുതൽ അർജന്റീനയുടെ കടുത്ത ആരാധകനാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് റാഫി പറഞ്ഞു. ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകളിലും മികച്ച താരങ്ങളുണ്ടെങ്കിലും, അർജന്‍റീന യാതൊരു സമ്മർദവുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോകകപ്പിൽ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിടണമെന്ന വലിയ സമ്മർദം ടീമിനുണ്ടായിരുന്നുവെന്നും ആദ്യ മത്സരം തോറ്റപ്പോൾ ആരാധകർ ഏറെ പരിഹാസം നേരിട്ടുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ പിന്നീട് കിരീടം സ്വന്തമാക്കിയപ്പോൾ വിമർശകർ നിശബ്ദരായെന്നും, മെസ്സിക്ക് കപ്പ് സമ്മാനിച്ചതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റാഫി പറഞ്ഞു. അർജന്റീനയുടെ രണ്ട് വിജയങ്ങൾ ടൈബ്രേക്കറിലൂടെയായിരുന്ന സാഹചര്യത്തിൽ, കിരീടം വെറുതെ സമ്മാനിച്ചതാണെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ മിഠായികളുടെയും ചോക്ലേറ്റുകളുടെയും വിപണിയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധനേടിയ സ്വീറ്റ് വേള്‍ഡിന്‍റെ യുഎഇയിലെ ആറാമത് ഔട്ട്ലെറ്റ് ദുബായില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കരാമയിലെ ഓഫീസസ് ലാൻഡ് ബിൽഡിങ് ബ്ലോക്ക് ഒന്നിൽ ഈ മാസം 19 ന് നടക്കുന്ന ഉദ്ഘാടനത്തിന്‍റെ ആഘോഷപരിപാടികളുടെ ഭാഗമായി കായികപ്രേമികൾക്കായി 'സ്വീറ്റ് വേൾഡ് കപ്പ്' എന്ന പേരിൽ സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കും. യുഎഇയിലെ വിവിധ ഫുട്ബോൾ ആരാധക കൂട്ടായ്മകൾ മാറ്റുരയ്ക്കുന്ന മത്സരം ഇൌ മാസം 21 ന് വൈകിട്ട് 6 ന് ദുബായ് അബു ഹായിലിലുള്ള സ്പോർട്സ് ബേയിലാണ് അരങ്ങേറുക.വ്യാപാര രംഗത്തെ വിജയത്തിനൊപ്പം കായിക-സാംസ്കാരിക കൂട്ടായ്മകളിലൂടെ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സ്വീറ്റ് വേൾഡ് മാനേജ്മെന്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇരുവരെയും കൂടാതെ സ്വീറ്റ് വേൾഡ് മാനേജിങ് ഡയറക്ടർ ഫിറോസ് ലത്തീഫ്, മാനേജിങ് പാർട്ണർ ഇസ്മായീൽ മുഹമ്മദ്, ജനറൽ മാനേജർ നിഖിൽ മോഹൻ എന്നിവർ സംബന്ധിച്ചു.