2026 ഫിഫ ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുന്നതിനായി കായിക-യുവജനകാര്യവകുപ്പ് സംഘടിപ്പിച്ച ‘TRIONDA 2K26’ പരിപാടി തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്നു. പൊതുസമ്മേളനം കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.ഇന്ത്യ ലോകകപ്പ് കളിക്കുകയെന്നത് വലിയ ആഗ്രഹമാണെന്നും വിദ്യാർത്ഥികൾക്കായി ഇപ്പോൾ മികച്ച പരിശീലന പദ്ധതികൾ ആരംഭിച്ചാൽ പത്തു വർഷത്തിനപ്പുറം ലോകമറിയുന്ന കായികതാരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. കായികവകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് മികച്ച കായിക പ്രതിഭകളെ സൃഷ്ടിക്കുകയെന്നതാണ്.കായിക വകുപ്പിന് കീഴിലുള്ള ഇടങ്ങളിൽ ലോക കപ്പ് മത്സരങ്ങൾ സൗജന്യമായി സ്‌ക്രീൻ ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണ്. ഇതിനുപുറമേ, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി ഒൻപതിനായിരത്തിലധികം ഫുട്‌ബോളുകൾ വിതരണം ചെയ്യാനും പ്രവചന മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ കളിസ്ഥലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.ജീവിതത്തിലെ ഏറ്റവും വലിയ ലഹരി സ്‌പോർട്‌സ് ആണെന്ന് വിളിച്ചുപറയുന്ന പ്രചാരണ പരിപാടികളുടെ തുടക്കം കൂടിയാണ് ഇത്. വിദ്യാർത്ഥികളുടെ ഭൗതിക-കായിക ശേഷികളെ തകർക്കുന്ന ലഹരിമാഫിയ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് കഴുകൻ കണ്ണുകളോടെ കാത്തിരിക്കുകയാണ്. ഇതിനെതിരെ ആഭ്യന്തര വകുപ്പ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. യുവജനങ്ങൾ മൊബൈൽ ഫോണിനും ലഹരിക്കും അടിമപ്പെടാതെ കളിക്കളങ്ങളിൽ സജീവമാകുകയാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.കേരള സംസ്ഥാന സ്‌പോർട്സ് കൗൺസിലിന് ബിപിസിഎൽ (BPCL) നൽകുന്ന ക്രിക്കറ്റ് ബോളിംഗ് മെഷീൻ ചടങ്ങിൽ വെച്ച് മന്ത്രി കൈമാറി. ഫുട്‌ബോൾ താരങ്ങൾ, പരിശീലകർ, കായിക സംഘടനാ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത ഫുട്‌ബോൾ റാലിയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജി. വി. രാജ സ്‌പോർട്സ് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും സാംസ്‌കാരിക പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം. സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്. സ്വാഗതം ആശംസിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വി. പി. ഷാജി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ അനിൽ കുമാർ പി. കെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം. കെ. സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.