ഗാര്‍ഹിക തൊഴിലാളി നിയമനം ലൈസന്‍സുള്ള ഏജന്‍സികള്‍ വഴി മാത്രം; മാര്‍ഗനിര്‍ദേശങ്ങളുമായി ദുബൈ പോലീസ്

Wait 5 sec.

ദുബൈ | ദിവസ വേതനാടിസ്ഥാനത്തിലോ മണിക്കൂര്‍ കണക്കിനോ താത്കാലിക ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ലൈസന്‍സുള്ള സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്ന് ദുബൈ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ മാര്‍ഗനിര്‍ദേശങ്ങളും പോലീസ് പുറപ്പെടുവിച്ചു. സുരക്ഷാ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍.താത്കാലികമായി എത്തുന്ന തൊഴിലാളികളെ വീടുകളില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് അവരുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. മോഷണം പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാന രേഖകള്‍, പണം, സ്വര്‍ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളില്‍ ലോക്ക് ചെയ്ത് സൂക്ഷിക്കണം. കുട്ടികളെയും മുതിര്‍ന്ന കുടുംബാംഗങ്ങളെയും യാതൊരു കാരണവശാലും പരിചയമില്ലാത്തവരും വിശ്വസ്തരല്ലാത്തവരുമായ താത്കാലിക തൊഴിലാളികള്‍ക്കൊപ്പം തനിച്ചാക്കരുത്. ഗാര്‍ഹിക ജീവനക്കാരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റമുണ്ടായാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കണം. വീടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നത് ഒരു പങ്കാളിത്ത ഉത്തരവാദിത്തമാണെന്ന് പോലീസ് ഓര്‍മിപ്പിച്ചു.സാമൂഹിക് മാധ്യമത്തിലൂടെയും മറ്റും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന നിരവധി വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ മുമ്പ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 12 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ മന്ത്രാലയം പൂട്ടിക്കുകയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്മാര്‍ട്ട് പരിശോധനാ സംവിധാനങ്ങള്‍ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.