അബൂദബി | വിട്ടുമാറാത്ത കഠിനമായ വേദന, ചലന വൈകല്യങ്ങള്‍ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയോ ബാറ്ററിയോ വയറുകളോ ഇല്ലാതെ ചികിത്സ നല്‍കാന്‍ കഴിയുന്ന അത്യാധുനിക മെഡിക്കല്‍ ഉപകരണം അബൂദബിയിലെ ഗവേഷകര്‍ വികസിപ്പിച്ചു. എന്‍ വൈ യു അബൂദബിയിലെ ഗവേഷകര്‍ ക്ലീവ്്‌ലാന്‍ഡ് ക്ലിനിക് അബൂദബിയുമായി സഹകരിച്ചാണ് ഈ ചെറു ഉപകരണം നിര്‍മിച്ചത്. നാഡീരോഗ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ഈ കണ്ടെത്തല്‍.ഒരു ചെറിയ വിത്തിന്റെ വലിപ്പമുള്ള ഈ ഉപകരണം സാധാരണ സൂചി ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെച്ച് ലക്ഷ്യമിടുന്ന നാഡിയുടെ സമീപം സ്ഥാപിക്കാന്‍ സാധിക്കും. ശരീരത്തിന് പുറത്തുനിന്ന് വയര്‍ലെസ് സംവിധാനത്തിലൂടെയാണ് ഇതിലേക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നത്. ഇതിലൂടെ ഡോക്ടര്‍മാര്‍ക്കോ രോഗികള്‍ക്കോ തത്സമയം തന്നെ നാഡിയുടെ ഉത്തേജനം നിയന്ത്രിക്കാനാകും. നിലവിലുള്ള വലിയ ഇംപ്ലാന്റുകള്‍ക്കും മരുന്നുകള്‍ക്കും പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന സുരക്ഷിതമായ മാര്‍ഗമാണിത്.ശസ്ത്രക്രിയ വഴി വലിയ ഉപകരണങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് പകരം സാധാരണ സൂചിയിലൂടെ കുത്തിവെക്കാവുന്ന ഇത്തരം സംവിധാനങ്ങള്‍ ചികിത്സ കൂടുതല്‍ ലളിതവും സുരക്ഷിതവുമാകും. അള്‍ട്രാസൗണ്ട്, സി ടി സ്‌കാന്‍ തുടങ്ങിയ സാധാരണ മെഡിക്കല്‍ ഇമേജിങ് സംവിധാനങ്ങളിലൂടെ ഈ ഉപകരണം ശരീരത്തില്‍ എവിടെയാണെന്ന് കൃത്യമായി നിരീക്ഷിക്കാനും സാധിക്കും.പ്രീ-ക്ലിനിക്കല്‍ ഘട്ടങ്ങളിലും ഈ ഉപകരണം നാഡീ ഉത്തേജനത്തില്‍ മികച്ച ഫലം രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സാച്ചെലവ് ചുരുക്കാനും രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.