14 ഇന്ത്യന്‍ ജീവനക്കാരുമായി പോയ പായ്കപ്പല്‍ ഒമാന്‍ തീരഞ്ഞ് മുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Wait 5 sec.

ന്യൂഡല്‍ഹി | ഒമാന്‍ തീരത്ത് 14 ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച പായ്ക്കപ്പല്‍ കടലില്‍ മുങ്ങി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.14 ഇന്ത്യന്‍ ജീവനക്കാരുമായി ഒമാന്‍ തീരത്ത് സഞ്ചരിച്ചിരുന്ന ‘വിരാട് 1’ എന്ന ഇന്ത്യന്‍ പതാകയേന്തിരയ പായ്ക്കപ്പല്‍ അപകടത്തില്‍പ്പെട്ടതായി ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.കപ്പലിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ജീവനക്കാര്‍ സുരക്ഷിതമായി ലൈഫ് റാഫ്റ്റിലേക്ക് (രക്ഷാബോട്ട്) മാറിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഒമാന്‍ അധികൃതരുടെ ഏകോപനത്തില്‍, സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിക്കുകയാണെന്ന് എംബസി മറ്റൊരു പോസ്റ്റില്‍ കുറിച്ചു.ഞായറാഴ്ച രാവിലെ ഒമാനിലെ റാസ് അല്‍ ഹദ്ദിന് കിഴക്ക് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് വിവരം. പായ്ക്കപ്പലിലെ ജീവനക്കാര്‍ അപകടസന്ദേശം അയച്ചതിനെത്തുടര്‍ന്ന്, യു എസ് നാവികസേന തീരദേശ അധികൃതരെ വിവരമറിയിക്കുകയും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിടുകയും ചെയ്തു.യു എസ് നാവികസേനയുടെ പി-8 മാരിടൈം പട്രോളിംഗ് വിമാനം കപ്പലിന് സമീപം ഒരു ലൈഫ് റാഫ്റ്റ് താഴേക്കിട്ടു കൊടുക്കുകയും കപ്പലിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുന്നത് നിരീക്ഷിക്കുകയും ചെയ്തു. കൂടാതെ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാകയേന്തിയ, സമീപത്തുണ്ടായിരുന്ന ‘എംവി ജബല്‍ അലി 9’എന്ന ചരക്കുകപ്പലില്‍ നിന്നുള്ള സഹായവും യു എസ് നാവികസേന ലഭ്യമാക്കി.അതേ സമയം പായ്ക്കപ്പല്‍ പെട്ടെന്ന് മുങ്ങാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെ യു എസ് നടത്തിയ ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പായ്ക്കപ്പല്‍ മുങ്ങിയിരിക്കുന്നത്.