അന്തരിച്ച സിപിഐഎം മാടായി ഏരിയാ സെക്രട്ടറി സഖാവ് വി വിനോദ് ജനമനസുകളെ കീഴടക്കിയ പ്രാസംഗികനായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കഴിഞ്ഞ കുറച്ച് കാലമായി ചികിത്സയിലായിരുന്ന വിനോദ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അന്തരിച്ചത്. ഗോവിന്ദൻ മാസ്റ്ററിന്റെ വാക്കുകളിലേക്ക്സിപിഐഎം മാടായി ഏരിയാ സെക്രട്ടറിയും പ്രിയപ്പെട്ട സഹപ്രവർത്തകനും സുഹൃത്തും സഹോദര തുല്യനുമായ സഖാവ് വി വിനോദിന്റെ അകാലത്തിലുള്ള വേർപാട് അതീവ ദുഃഖകരവും ഒരിക്കലും നികത്താനാവാത്ത വലിയ നഷ്ടവുമാണ്. ബാലസംഘം പ്രവർത്തകനായ കാലം മുതൽ വിനോദുമായി എനിക്ക് ആത്മബന്ധമുണ്ട്. ബാലസംഘത്തിലൂടെയും എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും ഉയർന്നുവന്ന്, പാർടി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചശേഷം, കഴിഞ്ഞ സമ്മേളനത്തിലാണ് വിനോദ് മാടായി ഏരിയാ സെക്രട്ടറിയാകുന്നത്. ഉജ്വലവാഗ്മിയും മികച്ചസംഘാടകനും സമരമുഖങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു വിനോദ്.also read:സിപിഐഎം മാടായി ഏരിയ സെക്രട്ടറി വി വിനോദ് അന്തരിച്ചുഅതേ കാലയളവിൽ 1994ൽ ജനുവരി 26ന് രാത്രിയാണ് അച്ഛനമ്മാരുടെ മുന്നിൽവച്ച് സഖാവ് കെ വി സുധീഷിനെ ആർഎസ്എസുകാർ വെട്ടിക്കൊല്ലുന്നത്. അതോടെ നടക്കാനിരുന്ന എസ്എഫ്ഐ ജില്ലാ സമ്മേളനം പോലീസ് നിരോധിക്കുകയും, പ്രതിനിധികളെ കസ്റ്റഡിയിൽ എടുക്കുകയുകയും ചെയ്തു. തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലാണ് സമ്മേളനം ചേർന്നത്. അങ്ങനെ പോലീസ് കസ്റ്റഡിയിൽ വച്ച് നടന്ന സമ്മേളനത്തിൽ വി വിനോദ് എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആ സമ്മേളനത്തിൽ പ്രാസംഗികനായി ഞാനും പങ്കെടുക്കുകയുണ്ടായി.അതേ വർഷമാണ് കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ വൽക്കരണത്തിനെതിരെ നടന്ന സമരം. പ്രതിസന്ധി നിറഞ്ഞ സമരതീക്ഷ്ണമായ ആ ദിനങ്ങൾക്ക് തുടർച്ചയായുണ്ടായ കൂത്തുപറമ്പ് വെടിവയ്പ്പ് സൃഷ്ടിച്ച വെല്ലുവിളികളും ചെറുതല്ല. വെടിവെയ്പ്പിൽ അഞ്ച് സഖാക്കൾ കൊല്ലപ്പെട്ടിട്ടും ഭയന്ന് പിന്മാറാതെ, വിദ്യാർഥി സമൂഹത്തെ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടുനയിക്കാൻ വിനോദിന് കഴിഞ്ഞു. ആ കാലത്ത് എസ്എഫ്ഐ കാട്ടിയ ഉജ്ജ്വലമായ സമരക്കരുത്തിൽ വിനോദിന്റെ നേതൃപാടവം പ്രകടമായിരുന്നു. വിദ്യാർഥി സംഘടനാ കാലയളവിൽ നിരവധി തവണ വിനോദിന് പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയാവേണ്ടി വന്നു.പിന്നീട് വിനോദ് യുവജനപ്രസ്ഥാനത്തിലെത്തി. സഖാവ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഞാൻ. അന്നും ജില്ലയിലെ യുവാക്കളെ മുഴുവൻ സമരസജ്ജരാക്കാനും, സംഘടനാബോധത്തിലേക്ക് നയിക്കാനും, രാഷ്ട്രീയ വിദ്യാഭ്യാസം പകരാനും വിനോദ് നേതൃത്വം നൽകി. അതിന്റെ തുടർച്ചയിലാണ് വിനോദ് മാടായി ലോക്കലിലും മാടായി ഏരിയയിലും പാർട്ടി ചുമതലക്കാരനാവുന്നത്. സംഘടനയ്ക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ വിനോദിന് കഴിഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുൻപിൽ നിന്ന് നയിക്കുകയും ബഹുജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്ത വിനോദ്, മികച്ചൊരു സംഘാടകനും ജനമനസ്സുകളെ കീഴടക്കിയ പ്രാസംഗികനുമായിരുന്നു. മാടായി എന്ന പ്രദേശത്തിനുമപ്പുറം കണ്ണൂർ ജില്ലയിലാകെയും അതിനു പുറത്തും സൗഹൃദവലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ഏവരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച ജനകീയ നേതാവ് കൂടിയാണ് വിടവാങ്ങിയത്.രോഗത്തിനു മുന്നിൽ കരുത്തോടെ പൊരുതി നിന്ന സഖാവ്, അതിജീവിച്ച് കരുത്തോടെ തിരിച്ചുവരുമെന്നാണ് ഞങ്ങളെല്ലാം കരുതിയത്. ഒരിക്കൽ പോലും രോഗാവസ്ഥയുടെ മുന്നിൽ തളർന്നിരിക്കാൻ അദ്ദേഹം തയ്യാറായില്ല. ചികിത്സയ്ക്കിടെപോലും പാർടി പ്രവർത്തനത്തിൽ സജീവമാവാൻ സഖാവ് ശ്രമിച്ചു. ജീവിതത്തിൽ ഉടനീളം രാഷ്ട്രീയ ഒ‍ൗന്നത്യം കാത്തുസൂക്ഷിക്കാൻ സഖാവിന് കഴിഞ്ഞു.സഖാവ് വിനോദിന്റെ നഷ്ടം സിപിഐഎമ്മിനും നാടിനും വലിയ നഷ്ടമാണ്. പ്രിയസഖാവിന്റെ വേർപാടിൽ കുടുംബത്തിന്റേയും പാർട്ടി പ്രവർത്തകരുടെയും നാടിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയ സഖാവിന്റെ തീക്ഷ്ണമായ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.The post ‘വി വിനോദ് ജനമനസുകളെ കീഴടക്കിയ പ്രാസംഗികൻ’; അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.