ലോസ് ആഞ്ചലസ് | ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ പരാഗ്വെയെ തകർത്ത് സഹആതിഥേയരായ യു എസ് എക്ക് തകർപ്പൻ തുടക്കം. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അമേരിക്കൻ പട ലാറ്റിനമേരിക്കൻ കരുത്തരെ തറപറ്റിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ പരാഗ്വെയുടെ ദാമിയൻ ബൊബാദില്ലയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിലൂടെയാണ് യു എസ് എ ഗോൾവേട്ടക്ക് തുടക്കമിട്ടത്. തുടർന്ന് ആക്രമിച്ചു കളിച്ച അമേരിക്കക്കായി ഫോലറിൻ ബാലഗൺ 31ാം മിനുട്ടിലും ആദ്യ പകുതിയുടെ അധിക സമയത്തും (45+5) ഗോളുകൾ നേടി ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച പരാഗ്വെ 73ാം മിനുട്ടിൽ മൗറീഷ്യോയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും കളിയുടെ അവസാന നിമിഷങ്ങളിൽ (90+8) ജിയോവാനി റെയ്‌ന നേടിയ മനോഹരമായ ഗോളിലൂടെ യു എസ് എ ആധികാരിക വിജയം പൂർത്തിയാക്കുകയായിരുന്നു. മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ അമേരിക്കൻ നിര വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സഹആതിഥേയരായ കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും സമനിലയിൽ (1-1) പിരിഞ്ഞു. ഇരുടീമുകളും ശക്തമായ പ്രതിരോധവും ആക്രമണവും അഴിച്ചുവിട്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ മറ്റൊരു ഗോൾ ഇരുവർക്കും സാധിച്ചില്ല.ഗ്രൂപ്പ് ഡിയിൽ ഇന്ന് രാവിലെ 9.30ന് നടക്കുന്ന മത്സരത്തിൽ ആസ്‌ത്രേലിയ തുർക്കിയയെ നേരിടും. രാത്രി 10.30ന് ഗ്രൂപ്പ് ഇയിൽ യൂറോപ്യൻ വമ്പന്മാരായ ജർമനി കുറാസവോയോട് ഏറ്റുമുട്ടും.