ഗുവാഹത്തി | പ്രായപൂർത്തിയായവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി അസമിലെ ബി ജെ പി സർക്കാർ. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു. പുതുക്കിയ നയം അനുസരിച്ച് 18നും അതിന് മുകളിലും പ്രായമുള്ളവർക്ക് നിലവിലുള്ള എൻറോൾമെന്റ് പ്രക്രിയയിലൂടെ ഇനി ആധാർ ലഭിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ ആധാർ അനുവദിക്കുന്നതിന് ജില്ലാ കമ്മീഷണർ സംസ്ഥാന സർക്കാറിന് ശിപാർശ അയക്കേണ്ടിവരും. ഇക്കാര്യം പരിശോധിച്ച് സർക്കാർ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.18ന് താഴെ പ്രായമുള്ളവർക്ക് ആധാർ അനുവദിക്കുന്നത് തുടരും. ഇവർക്ക് പ്രായപൂർത്തിയായാൽ ആധാർ സംബന്ധിച്ച സേവനങ്ങൾക്കും അപ്‌ഡേറ്റുകൾക്കും മുമ്പ് അധിക പരിശോധന വേണ്ടിവരും. അടിയന്തര കേസുകൾ പരിശോധിച്ച് അനുമതി നൽകുന്നതിന് ഡെപ്യൂട്ടി കമ്മീഷണർമാരെ ചുമതലപ്പെടുത്തി. നിയന്ത്രണത്തിൽ ചില വിഭാഗങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും തോട്ടം തൊഴിലാളി സമൂഹങ്ങളിൽ നിന്നുള്ളവർക്കും അടുത്ത വർഷം മാർച്ച് വരെ ആധാർ കാർഡിനായി അപേക്ഷിക്കാൻ തടസ്സമുണ്ടാകില്ല. ഇതിന് ശേഷം നിയന്ത്രണം പൂർണതോതിൽ നടപ്പാക്കും.ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് പുതിയ നീക്കം. സംസ്ഥാനത്തെ ചില ജില്ലകളിൽ ആധാർ കാർഡ് അനുവദിച്ചത് നൂറ് ശതമാനത്തിലും അധികമാണെന്നും അനധികൃത കുടിയേറ്റക്കാർക്ക് ആധാർ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.