ന്യൂഡൽഹി | കാറുകളിൽ ടച്ച്‌സ്‌ക്രീൻ കൺട്രോളുകൾ അമിതമായി ഉപയോഗിക്കുന്ന രീതിയിൽ നിന്ന് മാറി, കൂടുതൽ ഫിസിക്കൽ കൺട്രോളുകൾ (ബട്ടണുകൾ) തിരികെ കൊണ്ടുവരാൻ ടാറ്റ മോട്ടോഴ്സ് പദ്ധതിയിടുന്നു. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ഈ പുതിയ തീരുമാനം.നേരത്തെ തങ്ങളുടെ നിരവധി മോഡലുകളിൽ ബട്ടണുകൾ പൂർണ്ണമായും ഒഴിവാക്കുന്ന രീതി ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ആളുകൾക്ക് കൃത്യമായ ഫിസിക്കൽ ഇന്റർഫേസ് ആവശ്യമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാണ് പുതിയ മാറ്റത്തിന് തുടക്കമിടുന്നതെന്ന് ടാറ്റ മോട്ടോഴ്സ് ചീഫ് ഡിസൈൻ ഓഫീസർ മാർട്ടിൻ ഉഹ്‌ലാറിക് വ്യക്തമാക്കി.നിലവിൽ ടാറ്റയുടെ പ്രാരംഭ മോഡലുകളായ ടിയാഗോ, ടിഗോർ എന്നിവയ്ക്ക് മുകളിലുള്ള പഞ്ച്, നെക്സോൺ, കർവ്വ്, ഹാരിയർ, സഫാരി, സിയറ തുടങ്ങിയ എല്ലാ മോഡലുകളും വലിയ തോതിൽ ടച്ച് അധിഷ്ഠിത ഇന്റർഫേസുകളെയാണ് ആശ്രയിക്കുന്നത്. ഇവയിലെ എച്ച് വി എ സി (HVAC) കൺട്രോളുകളും സ്റ്റിയറിംഗ് വീലിലെ ഹാപ്റ്റിക് ബട്ടണുകളും ടച്ച് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ ടച്ച്‌സ്‌ക്രീനുകൾ നിലനിർത്തിക്കൊണ്ടുതന്നെ, ചില പ്രത്യേക ഫങ്ഷനുകൾക്കായി ഭൗതിക ബട്ടണുകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു ഹൈബ്രിഡ് രീതിയായിരിക്കും ടാറ്റ പിന്തുടരുക.ഡിജിറ്റൽ സ്ക്രീനുകൾ വർദ്ധിക്കുമ്പോൾ കാറുമായുള്ള ഡ്രൈവറുടെ സമ്പർക്കം കുറയുന്നു എന്നതായിരുന്നു ഉപഭോക്താക്കളുടെ പ്രധാന വിമർശനം. എന്നാൽ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്യുന്ന സ്വിച്ചുകൾ കാറിന്റെ ക്യാബിൻ അനുഭവത്തെ കൂടുതൽ ആകർഷകമാക്കുമെന്നും ഉഹ്‌ലാറിക് അഭിപ്രായപ്പെട്ടു. എല്ലാ ഫങ്ഷനുകൾക്കും ബട്ടണുകൾ തിരികെ കൊണ്ടുവരുന്നതിന് പകരം, ഗുണനിലവാരമുള്ള പരിമിതമായ ബട്ടണുകൾ മികച്ച രീതിയിൽ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഉപഭോക്താക്കളുടെ സുരക്ഷയും എളുപ്പത്തിലുള്ള ഉപയോഗവും കണക്കിലെടുത്ത് വോക്സ്‌വാഗൺ, ഹ്യുണ്ടായ്, മെർസിഡീസ് ബെൻസ് തുടങ്ങിയ ആഗോള കാർ നിർമ്മാതാക്കളും നിലവിൽ ഫിസിക്കൽ ബട്ടണുകൾ നിലനിർത്താനും തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.Content HighlightsTata Motors will reintroduce physical controls in future models based on user feedback. Chief design officer Martin Uhlarik confirmed a hybrid approach combining screens and high-quality physical buttons. This aligns with global trends seen in Volkswagen and Hyundai for safety and usability.