‘വർഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ്‌ യുഡിഎഫ് സ‌ർക്കാരിന്റേത്’; വിമർശിച്ച് സിപിഐഎം

Wait 5 sec.

വർഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ്‌ യുഡിഎഫ് സ‌ർക്കാരിന്റേതെന്ന് സിപിഐഎം. വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത പത്ത്‌ വർഷത്തിലൂടെയാണ് കേരളം കടന്നുപോയതെന്നും സിപിഐഎം വ്യക്തമാക്കി.സ്വകാര്യവൽക്കരണത്തിന്റെ അജണ്ടയിലേക്ക്‌ കേരളത്തെ കൊണ്ടുപോകുന്നതിനുള്ള നയപരിപാടികളാണ്‌ യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവനയിൽ വ്യക്തമാക്കി.യു.ഡി.എഫിന്റെ ഭരണം കേരളത്തെ പിറകോട്ടേക്ക്‌ നയിക്കുന്നതാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.യു.ഡി.എഫ്‌ സർക്കാർ അധികാരമേറ്റിട്ട്‌ ഒരു മാസം പൂർത്തിയാവുകയാണ്‌. സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ കഴിഞ്ഞ പത്ത്‌ വർഷക്കാലം എൽ.ഡി.എഫ്‌ നടത്തിയ ബദൽ നയങ്ങളെയാകെ തകർക്കുന്നതാണെന്ന്‌ ധവളപത്രം വ്യക്തമാക്കുന്നുണ്ട്‌. കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ആഗോളവൽക്കരണ നയങ്ങൾ അതേപോലെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്‌ അവയ്‌ക്കെതിരായുള്ള വിമർശനങ്ങൾ പോലും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്‌. സ്വകാര്യവൽക്കരണത്തിന്റെ അജണ്ടയിലേക്ക്‌ കേരളത്തെ കൊണ്ടുപോകുന്നതിനുള്ള നയപരിപാടികളാണ്‌ അതിലുള്ളത്‌ എന്ന്‌ വ്യക്തമാകും.also read:ഡോ. കെ .ജെ റീനയെ അധിക്ഷേപിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻവർഗ്ഗീയ സംഘർഷങ്ങളില്ലാത്ത പത്ത്‌ വർഷമാണ്‌ കേരളം കടന്നുപോയത്‌. എന്നാൽ, വർഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. ജനഗണമന ഒഴിവാക്കി വന്ദേമാതരത്തെ പ്രതിഷ്‌ഠിച്ചതിലൂടെ ഇക്കാര്യം വ്യക്തമാണ്‌. മഹാത്മാഗാന്ധിജിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ആർ.എസ്‌.എസ്‌ സംഘടനാ നേതാവിനെ വൈസ്‌ ചാൻസിലറായും, സെനറ്റിൽ 19 ആർ.എസ്‌.എസുകാരെ ഗവർണ്ണർ നോമിനേറ്റ്‌ ചെയ്‌തിട്ടും യു.ഡി.എഫിന്‌ മിണ്ടാട്ടമില്ലാത്തത്‌ തെരഞ്ഞെടുപ്പലുണ്ടാക്കിയ പരസ്‌പര ബന്ധം തുടരുന്നു എന്നതിനാലാണ്‌.വാഗ്‌ദാനങ്ങളുടെ പരമ്പരയായിരുന്നു യു.ഡി.എഫ്‌ മുന്നോട്ടുവെച്ചത്‌. 21,000 രൂപ ആശാ വർക്കർമാർക്ക്‌ എന്നുള്ളത്‌ നടന്നില്ല. എല്ലാ കെ.എസ്‌.ആർ.ടി.സി ബസ്സിലും സ്‌ത്രീകൾക്ക്‌ നൽകുമെന്ന്‌ പറഞ്ഞ സൗജന്യ യാത്ര എന്ന വാഗ്‌ദാനം പാലിച്ചില്ല. കുട്ടികളുടെ കെ.എസ്‌.ആർ.ടി.സി പാസ്സിന്റെ തുക 10-ൽ നിന്നും 110 ആയി വർദ്ധിപ്പിക്കുകയും ചെയ്‌തു. അഞ്ച്‌ വർഷ ശമ്പള പരിഷ്‌ക്കരണമെന്നത്‌ അട്ടിമറിക്കപ്പെടുകയാണ്‌. ലീവ്‌ സറണ്ടർ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. സ്ഥലം മാറ്റത്തിലുള്ള മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയാണ്‌. ക്ഷേമ പെൻഷനുകളും, സ്‌ത്രീ സുരക്ഷാ പെൻഷനുകളും തകിടം മറിഞ്ഞിരിക്കുകയാണ്‌. പവ്വർകട്ടും തിരിച്ചുവരികയാണ്‌.എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ്‌ യു.ഡി.എഫ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ചത്‌. അത്തരം ശക്തികളുടെയെല്ലാം സമ്മർദ്ദത്തിൽ മുന്നോട്ടുപോകേണ്ട സ്ഥിതിയിലാണ്‌ യു.ഡി.എഫ്‌ നിൽക്കുന്നത്‌. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ തന്നെ പ്രത്യക്ഷപ്പെട്ട ഈ പ്രവണത വിവിധ രൂപങ്ങളിൽ തുടരുകയാണ്‌. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ തന്നെ ദേവസ്വം ബോർഡിന്റെ ലീഗൽ അഡൈ്വസറായി നിയമിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്‌. സർക്കാരിന്റെ നിയമനങ്ങൾ പൊതുസമൂഹത്തിൽ എത്തുമ്പോഴേക്കും പിൻവലിക്കേണ്ട സ്ഥിതിയും രൂപപ്പെടുന്നത്‌ ഇതിന്റെ ഫലമായാണ്‌.2016-ൽ തകർന്നുകിടന്ന കേരളത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ്‌ എൽ.ഡി.എഫ്‌ സർക്കാർ ചെയ്‌തത്‌. അതിദാരിദ്ര്യം പരിഹരിക്കപ്പെട്ടത്‌ അതിന്റെ ഫലമായാണ്‌. എന്നാൽ, യു.ഡി.എഫ്‌ സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും, വർഗ്ഗീയ അജണ്ടകളും കേരളത്തെ ഏറെ പിറകോട്ട്‌ നയിക്കുന്നതാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാതെയും, കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ തകർക്കുകയും ചെയ്യുന്ന യു.ഡി.എഫ്‌ സർക്കാരിന്റെ നയങ്ങൾ എന്ന്‌ ഓരു മാസം കൊണ്ട്‌ തന്നെ വ്യക്തമായിരിക്കുകയാണ്‌. ഇതിനെതിരെ ജനാധിപത്യ ശക്തികൾ മുന്നോട്ട്‌ വരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.The post ‘വർഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ്‌ യുഡിഎഫ് സ‌ർക്കാരിന്റേത്’; വിമർശിച്ച് സിപിഐഎം appeared first on Kairali News | Kairali News Live.