'അത് ശ്രീലേഖ മാഡത്തിന്റെ തെറ്റിദ്ധാരണ മാത്രം,ആ ചെറുകഥയുമായി ദൃഢത്തിന് യാതൊരു ബന്ധവുമില്ല'; സംവിധായകൻ

Wait 5 sec.

ദൃഢം സിനിമ തന്റെ ചെറുകഥയിൽ നിന്ന് മോഷ്ടിച്ചതെന്ന ആർ.ശ്രീലേഖയുടെ ആരോപണം തള്ളി സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖ പങ്കുവെച്ച പോസ്റ്റിനൊപ്പമുള്ള യൂട്യൂബ് ലിങ്ക് താൻ കണ്ടുനോക്കിയിരുന്നു. ഒരു പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന കഥ എന്നതിനപ്പുറം ഒരു സാമ്യതയും അതിലില്ല. ശ്രീലേഖയുടെ ആരോപണം തെറ്റിദ്ധാരണയുടെ പുറത്ത് മാത്രമുള്ളതാണെന്നും അതിനെ തങ്ങൾ തീർത്തും നിഷേധിക്കുന്നു എന്നും മാർട്ടിൻ പറഞ്ഞു. ദി ക്യുവിനോട് പ്രതികരിക്കുകയായിരുന്നു മാർട്ടിൻ ജോസഫ്.'ഞങ്ങൾക്ക് അതുമായി യാതൊരു ബന്ധവുമില്ല. ദൃഢവുമായി ബന്ധപ്പെട്ട ശ്രീലേഖ മാഡത്തിന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ച ലിങ്ക് ഞാൻ കണ്ടു നോക്കിയിരുന്നു. ഒരു പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന കഥ എന്നതിനപ്പുറം ഒരു സാമ്യതയും അതിലില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാൻ സംസാരിച്ചിരുന്നു. അവർ ആ വീഡിയോ കണ്ടിട്ടുപോലുമില്ല. അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. ഞങ്ങൾ അത് തീർത്തും നിഷേധിക്കുന്നു,' മാർട്ടിൻ ജോസഫ് പറഞ്ഞു.ദൃഢം, ഭൂതകാലം എന്നീ ഷെയിൻ നിഗം സിനിമകൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതന്നെന്നായിരുന്നു ആർ.ശ്രീലേഖയുടെ ആരോപണം. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു തന്റെ കഥയുടെ പേരെന്നും ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആർ.ശ്രീലേഖ ആരോപണം ഉന്നയിച്ചത്.