സ്പെയിനെ വിറപ്പിച്ച 40-കാരൻ ഗോൾകീപ്പർ; ലോകകപ്പിൽ വരവറിയിച്ച് കേപ് വെർഡെ

Wait 5 sec.

അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകൾ തഴുകുന്ന പത്ത് കൊച്ചു ദ്വീപുകൾ. വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർഡെ എന്ന ആ കൊച്ചു രാജ്യം ഇന്ന് ഫുട്ബോൾ ലോകത്തിന്റെ നെറുകയിലാണ്. ലോകകപ്പ് എന്ന സ്വപ്ന വേദിയിലേക്ക് ആദ്യമായി ചുവടുവെച്ച അവർ, കരുത്തരായ സ്പെയിനിനെ വിറപ്പിച്ചത് ഒരു നാൽപ്പതുകാരന്റെ കൈക്കരുത്തിലാണ്. ആ 40-കാരൻ ആ ഗോൾപോസ്റ്റിന് മുന്നിൽ ഒരു വന്മതിലായി നിന്നപ്പോൾ, ലോകം അമ്പരന്നു പോയി.ഒരു വശത്ത് കിരീടം സ്വപ്നം കാണുന്ന സ്പെയിൻ. മറുവശത്ത് ആദ്യമായി എത്തിയ കേപ് വെർഡെ. സ്‌പെയിനിന്റെ 27 ഷോട്ടുകളെയും സൂപ്പർ താരം ലാമിൻ യമാലിന്റെ തീപാറുന്ന ആക്രമണങ്ങളെയും വോസിഞ്ഞ എന്ന ആ ചുരുളൻ മുടിക്കാരൻ ഒറ്റയ്ക്ക് ചെറുത്തുനിന്നു. ആകെ ഏഴ് തകർപ്പൻ സേവുകളുമായി അദ്ദേഹം കളം നിറഞ്ഞപ്പോൾ, സ്പെയിനിന്റെ ഓരോ ഗോളെന്നുറപ്പിച്ച ഷോട്ടുകളുടെ വരവും വൊസിഞ്ഞോയുടെ കൈകളിൽ ഭദ്രമായി അവസാനിച്ചു. കേപ് വെർഡെയുടെ ലോകകപ്പ് അരങ്ങേറ്റം സുവർണ്ണ അക്ഷരങ്ങളിൽ രേഖപ്പെടുത്താൻ ആ ഏഴ് സേവുകൾ മതിയായിരുന്നു.ALSO READ: വൈഭവ് സൂര്യവംശിയോട് “വീട്ടിലേക്ക് പോകാൻ” പറഞ്ഞ് ശ്രീലങ്കൻ താരം, സൂപ്പർ ഓവറിലെ നാടകീയ തോൽവിക്ക് പിന്നാലെ കൈയാങ്കളിഅത്ര മിന്നിത്തിളങ്ങുന്ന ഗ്ലാമർ കരിയറൊന്നുമായിരുന്നില്ല കഴിഞ്ഞ രാത്രി വരെ വൊസിഞ്ഞോയ്ക്കുണ്ടായിരുന്നത്. ലോകത്തെ വമ്പൻ ലീഗുകളിലോ ടീമുകളിലോ ഒന്നും അയാൾ കളിച്ചിട്ടില്ല. പോർച്ചുഗീസ് സെക്കൻറ് ഡിവിഷൻ ലീഗിലും മോൾഡോവൻ ലീഗിലുമൊക്കെ കളിച്ച അദ്ദേഹത്തെ നാളെ യൂറോപ്യൻ ലീഗുകളിൽ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല, കാരണം ആ നേട്ടങ്ങൾക്ക് അദ്ദേഹം അ‌ർഹനാണെന്ന് ഒറ്റ രാത്രികൊണ്ട് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.ലോക ഫുട്ബോളിൽ ടിക്കി-ടാക്ക ശൈലിയെ ജനപ്രിയമാക്കിയ സ്പെയിൻ ഇത്തവണയും പതിവ് തെറ്റാതെ പന്ത് കൈവശം വെച്ചെങ്കിലും, അപകടകരമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്തത്. എന്നാൽ പ്രതിരോധം കേന്ദ്രീകരിച്ച കേപ് വെർഡെ, ഓരോ മിനിറ്റും പോരാട്ടമാക്കി മാറ്റി. അവസാന വിസിൽ മുഴങ്ങുമ്പോഴും സ്കോർ ബോർഡിൽ ഒരനക്കവും ഉണ്ടാവാതെ കളി അവസാനിക്കുകയും ചെയ്തു.മത്സരം അവസാനിച്ചപ്പോൾ സന്തോഷം കൊണ്ടല്ല, മറിച്ച് തന്റെ കഠിനമായ ജീവിതയാത്രയുടെ ഓർമ്മകൾ കൊണ്ടാണ് വോസിഞ്ഞ മൈതാനത്ത് പൊട്ടിക്കരഞ്ഞത്. തന്റെ 25-ാം വയസ്സിൽ മാത്രം പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ച അദ്ദേഹം, ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഈ നിലയിലെത്തിയത്. ഇന്ന് ലോകം ആദരവോടെ വിളിക്കുന്ന ‘വൊസിഞ്ഞോ’ എന്ന പേര്, കുട്ടിക്കാലത്ത് സഹപാഠികൾ അദ്ദേഹത്തെ അപമാനിക്കാനായി വിളിച്ചിരുന്നതായിരുന്നു. ‘മുത്തശ്ശി’ എന്നർത്ഥമുള്ള ആ പേര് ഇന്ന് കേപ് വെർഡെയുടെ അഭിമാനമാണ്.“ഈ നിമിഷത്തിന് വേണ്ടി ഞാൻ എന്റെ ജീവിതകാലം മുഴുവൻ പ്രയത്നിച്ചു,” എന്ന് പറയുമ്പോഴും ആ കണ്ണുകളിൽ നനവുണ്ടായിരുന്നു. തന്നെ വളർത്തിയ മുത്തശ്ശനും മുത്തശ്ശിയും ആ വിജയം കാണാൻ ഇന്ന് കൂടെയില്ല. അമേരിക്കയിലേക്കുള്ള വിസയ്ക്ക് ആവശ്യമായ വൻതുക നൽകാൻ കഴിയാത്തതിനാൽ സ്വന്തം അമ്മയ്ക്ക് പോലും സ്റ്റേഡിയത്തിൽ വരാൻ കഴിഞ്ഞില്ല എന്ന സത്യം അദ്ദേഹം വിങ്ങലോടെയാണ് ലോകത്തോട് പങ്കുവെച്ചത്.മത്സരത്തിന് മുമ്പ് വെറും 50,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഈ ഹീറോയെ ഒറ്റ രാത്രി കൊണ്ട് 50 ലക്ഷത്തോളം പേരാണ് പിന്തുടർന്നത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും സ്വപ്നങ്ങൾക്ക് വേണ്ടി പോരാടാൻ മനസ്സുണ്ടെങ്കിൽ ലോകം നിങ്ങളുടെ കാൽക്കീഴിൽ വരുമെന്നും വൊസിഞ്ഞോ തെളിയിച്ചിരിക്കുന്നു. കേപ് വെർഡെ എന്ന ചെറിയ രാജ്യത്തിന്റെ ഈ വലിയ പോരാട്ടം 2026 ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയായി മാറുകയാണ്. കാത്തിരിക്കാം വലയ്ക്ക് മുന്നിൽ കാവലായി ആ 40കാരൻ തിളങ്ങുന്ന ഇനിയുള്ള മത്സരങ്ങൾക്കായി..The post സ്പെയിനെ വിറപ്പിച്ച 40-കാരൻ ഗോൾകീപ്പർ; ലോകകപ്പിൽ വരവറിയിച്ച് കേപ് വെർഡെ appeared first on Kairali News | Kairali News Live.