ന്യൂഡൽഹി | പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. പ്രതിഷേധം തുടരാൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിദ്യാഭ്യാസ മന്ത്രി രാജി വെക്കാതെ സമരസ്ഥലത്തു നിന്നും മാറില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. തങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുന്നതുവരെ ജന്തർ മന്തറിൽ നിന്ന് മാറില്ലെന്ന് സമരസ്ഥലത്ത് തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് അഭിജീത് ദിപ്കെ വ്യക്തമാക്കി.പ്രതിഷേധക്കാരോട് ഒഴിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെടുകയും ജന്തർ മന്തറിലേക്കുള്ള പ്രവേശന കവാടങ്ങൾ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെങ്കിലും പ്രതിഷേധക്കാർ പിൻമാറിയില്ല. വൈകുന്നേരം 5 മണി വരെ മാത്രമായിരുന്നു പ്രതിഷേധത്തിന് അനുമതി ഉണ്ടായിരുന്നത്. സമരം നാളത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അഭിജീത് ദിപ്കെ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പോലീസ് ഈ ആവശ്യം നിരസിക്കുകയും ദിപ്കെ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയുമാണ്. താൻ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും എന്നാൽ സമാധാനപരമായ രീതിയിൽ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകണമെന്നും ദിപ്കെ അണികളോട് അഭ്യർത്ഥിച്ചു.ദേശീയ തലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയിട്ടുള്ളത്. ജന്തർ മന്തറിലും പരിസര റോഡുകളിലും മൾട്ടി ലെയർ ബാരിക്കേഡുകൾ സ്ഥാപിക്കുകയും നഗരത്തിലേക്കുള്ള പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകളിൽ വാഹനങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. തത്സമയ നിരീക്ഷണത്തിനായി സി സി ടി വി ക്യാമറകളും സുതാര്യത ഉറപ്പാക്കാൻ പോലീസുകാർക്കായി 270 ബോഡി വോൺ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.സമരത്തിനിടെ പ്ലേറ്റുകളും സ്പൂണുകളും അടിച്ച് ‘ഗോ പ്രധാൻ ഗോ’ എന്ന മുദ്രാവാക്യങ്ങളുമായാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ രംഗത്തിറങ്ങിയത്. എൻ ടി എ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ മക്കൾ എല്ലാവരെയും പോലെ ഒരേ സ്കൂളുകളിൽ പഠിക്കുമ്പോൾ മാത്രമേ സിസ്റ്റം മാറുകയുള്ളൂ എന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.അമേരിക്കയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ അഭിജീത് ദിപ്കെ ഒരു തമാശരൂപേണയാണ് കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ചതെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിൽ അണിചേർന്നത്. യുവാക്കളുടെ പ്രതിഷേധ വേദിയായി ഈ കൂട്ടായ്മ അതിവേഗം മാറിക്കഴിഞ്ഞു. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഈ മാസം തുടക്കത്തിലും അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. Content HighlightsThe Cockroach Janta Party (CJP), led by Abhijeet Dipke, staged a massive protest at Jantar Mantar demanding Union Education Minister Dharmendra Pradhan’s resignation over exam leaks. Delhi Police denied permission to extend the stir and deployed heavy security, preparing to detain protestors.