ഇന്ത്യ എപ്പോഴെങ്കിലും ഫിഫ ലോകകപ്പിൽ കളിക്കുമോ? 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്തെ മനുഷ്യർ ഇങ്ങനെ ചിന്തിക്കുന്നതിലെ ഗതികേടിനെ പറ്റി ഒന്നാലോചിച്ച് നോക്കൂ. ഇതാ മറ്റൊരു ഫുട്ബോൾ ലോകകപ്പിന് കാഹളം കൂടി മുഴങ്ങിയിരിക്കുന്നു. ഇന്ത്യൻ തെരുവോരങ്ങൾ പല രാജ്യങ്ങളുടെ നിറങ്ങളും ആവേശങ്ങളും നെഞ്ചേറ്റിക്കഴിഞ്ഞു. ഇഷ്ടതാരങ്ങളുടെയും ടീമിന്റെയും ഫ്ലെക്സുകളാണ് എങ്ങും.എതിരാളികളേക്കാൾ ഒരിഞ്ചെങ്കിലും കൂടുതൽ വലുപ്പത്തിലുള്ള ഫ്ലെക്സ് വയ്ക്കാനായുള്ള ഫാൻ ഫൈറ്റുകൾ, നെഞ്ചിടിപ്പേറ്റുന്ന കളിക്കളത്തിലെ നീക്കങ്ങൾ… എങ്ങും ആവേശവും ആഘോഷങ്ങളും. നമ്മുടെ നാടിനെയും മനസിനെയും ഫുട്ബൾ ലഹരി കീഴ്പ്പെടുത്തിയിരിക്കുന്നു.അപ്പോഴും ആ ചോദ്യം ബാക്കിയാകുന്നു: ഇന്ത്യ ഫുട്ബോൾ ലോകകപ്പിൽ ഇല്ലാത്തതെന്തേ? ഇന്ത്യൻ താരങ്ങൾ ലോകകപ്പിന്റെ മൈതാനത്തേക്ക് എത്താതെന്തേ? ഇന്ത്യയെ പോലെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഒരു രാജ്യത്ത് കഴിവുള്ള കളിക്കാർ ഇല്ലാഞ്ഞിട്ടാണോ? നല്ല കളിക്കാരെ വാർത്തെടുക്കാൻ, അവർക്ക് വഴിയൊരുക്കാൻ ഇവിടുത്തെ സിസ്റ്റത്തിന് കഴിയാത്തതാണോ? ആർക്കാണ് വീഴ്ച പറ്റിയത്, ക്രിക്കറ്റിൽ ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ നടന്നപ്പോഴും ഫുട്ബോളിൽ കാലിടറിയത് എങ്ങനെയാണ്?ALSO READ: വല നിറച്ച് റെക്കോർഡുകൾ വാരി മെസിഏഷ്യൻ സോൺ യോഗ്യതാ റൗണ്ടുകൾക്ക് അപ്പുറത്തേക്ക് ഇന്ത്യയ്ക്ക് ഒരിക്കലും മുന്നേറാനിട്ടില്ല. ഇന്ത്യ മാത്രമല്ല, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ചൈന ഇത്തവണയും ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. മുൻ ദേശീയ ടീം ക്യാപ്റ്റനും ഇന്ത്യൻ ഫുട്ബോളിന്റെ മുഖവുമായ ബൈച്ചുങ് ബൂട്ടിയ ഒരുനാൾ ഇന്ത്യ ലോകകപ്പിനായി ബൂട്ട് കെട്ടുമെന്ന് പറയുന്നുണ്ട്. ഏഷ്യൻ ടീമുകളുടെ ക്വാട്ട എട്ടായി ഉയർന്നതാണ് അദ്ദേഹത്തിന് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് പ്രതിഭകൾക്ക് ഒരു ക്ഷാമവുമില്ലെന്നും ബൂട്ടിയ കൂട്ടിച്ചേർത്തു.ഇന്ത്യ ക്രിക്കറ്റിന്റെ രാജ്യമാണെന്ന പൊതുബോധം ഇക്കാലം കൊണ്ട് രൂപപ്പെട്ട് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മാതാപിതാക്കളും കുട്ടികളെ ക്രിക്കറ്റിലേക്ക് സേഫായി തെളിച്ചുനടത്തിക്കുന്നു.രാജ്യത്ത് ഫുട്ബോൾ വളരാൻ സുസ്ഥിരമായ അടിസ്ഥാനതല പരിപാടി ആവശ്യമാണ്. അത്തരമൊരു സംവിധാനം നടപ്പിലാക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) എന്താണ് ചെയ്തതെന്നത് കാതലായ ചോദ്യമാണ്. കൂടുതൽ കുട്ടികളെ കളിയിലേക്ക് കൊണ്ടുവരിക എന്നത് പ്രധാനമാണ്. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ അത് സാധ്യമാകൂ.ഈ വർഷത്തെ ലോകകപ്പിന് ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഒമ്പത് ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്. അക്കൂട്ടത്തിലൊരു സ്ഥാനം ഇന്ത്യയും അർഹിക്കുന്നില്ലേ! ജോർദാനും ഉസ്‌ബെക്കിസ്ഥാനുമടക്കം ദീർഘകാലമായി കാത്തിരുന്ന അരങ്ങേറ്റം കുറിക്കുമ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ള ദൗത്യത്തിന്റെ തീവ്രത മനസിലാകും.ലോക റാങ്കിംഗിൽ ഇന്ത്യ 136-ാം സ്ഥാനത്താണ്. ഉസ്ബെക്കിസ്ഥാൻ 52-ാം സ്ഥാനത്തും ജോർദാൻ 63-ാം സ്ഥാനത്തും. ഈ റാങ്കിങ്ങുകൾ തന്നെ ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തി അടിവരയിടുന്നു. ഇന്ത്യയ്ക്ക് ഇനിയുമെത്രയോ മുന്നേറാനുണ്ട്.ALSO READ: ലോകകപ്പ് പൊതുസ്ഥല പ്രദർശനം സീ-5 നിരോധിച്ചത് പ്രതിഷേധാർഹം; മുഴുവൻ യൂണിറ്റുകളിലും പ്രദർശനം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ2022 ൽ അധികാരമേറ്റപ്പോൾ എഐഎഫ്എഫ് പ്രസിഡന്റായ കല്യാൺ ചൗബെ പറഞ്ഞത് താൻ ഇന്ത്യൻ ക്രിക്കറ്റിനെ ഇന്നത്തെ അവസ്ഥയിൽ നിന്ന് മോചിപ്പിക്കുമെന്നാണ്. 2026 ആയി അദ്ദേഹത്തിന്റെ ഭരണകൂടം വാക്ക് പാലിക്കുന്നതിൽ വിജയിച്ചോ ? ഐഎസ്എല്ലിന്റെ ഭാവി പോലും ഇന്ന് അനിശ്ചിതത്വത്തിലാണ്.ഫുട്ബോളിന്റെ ലോകമാമാങ്കത്തിൽ ഇന്ത്യയും വാശിയേറിയ പോരാട്ടം ഒരുനാൾ കാഴ്ചവെയ്ക്കുമെന്ന ഭംഗിവാക്ക് ഇനി വിലപ്പോവില്ല. വാഗ്ദാനങ്ങളുടെയെല്ലാം കാലം അതിക്രമിച്ചിരിക്കുന്നു. ഇനി റിസൾട്ടാണ് വേണ്ടത്. ഇന്ത്യൻ ഫുട്ബോൾ വളരണം. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ താഴേക്കിടയിൽ നിന്ന് ചെയ്തുതുടങ്ങണം.The post 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യം, ഫുട്ബോളിനെ നെഞ്ചേറ്റിയ രാജ്യം; ഇന്ത്യ ഫുട്ബോൾ ലോകകപ്പിൽ ഇല്ലാത്തതെന്തേ? appeared first on Kairali News | Kairali News Live.