17കാരന് മര്‍ദ്ദനമേറ്റ സംഭവം;ഓമല്ലൂര്‍ എലോഹീം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരേ അന്വേഷണം തുടങ്ങി

Wait 5 sec.

പത്തനംതിട്ട |  വൃദ്ധസദനത്തില്‍ 17കാരന് മര്‍ദനമേറ്റ സംഭവത്തില്‍ പാസ്റ്റര്‍ ബിനു വാഴമുട്ടം നേതൃത്വം നല്‍കുന്ന ഓമല്ലൂര്‍ എലോഹീം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. ഇടുക്കി കട്ടപ്പന അണക്കര സ്വദേശിയായ 17 കാരന്റെ പരാതിയെ തുടര്‍ന്ന് കട്ടപ്പന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പത്തനംതിട്ട പോലീസിന് കൈമാറുകയായിരുന്നു.കുട്ടിയെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ എത്തിച്ചതിന് പിന്നാലെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പികുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയെ ഉപയോഗിച്ച് കഠിനമായ ജോലി ചെയ്യിക്കുകയും മുതിര്‍ന്നവര്‍ക്കൊപ്പം താമസിപ്പിക്കുകയും ചെയ്തു. ജോലി ചെയ്യാന്‍ വിസമ്മതിച്ച കുട്ടിയെ മോഷണക്കുറ്റം ആരോപിച്ചാണ് മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സ്ഥാപനത്തിലെ ജോലിക്കാരുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. പ്രാഥമിക പരിശോധയില്‍ 17 കാരനെ ഇവിടെ ബാലവേല ചെയ്യിച്ചതായി കണ്ടെത്തി. കോട്ടയം സ്വദേശിയായ മറ്റൊരു 17 കാരനേയും ഇവിടെ നിന്ന് കണ്ടെത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പരാതിക്കാരനായ കുട്ടിയെ വിദ്യാഭ്യാസം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവിടെ എന്തിച്ചത്. എന്നാല്‍ വ്യദ്ധസദനം അധികൃതര്‍ കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു.സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് നിരന്തരം മര്‍ദനമേറ്റിരുന്നതായും ആരോപണമുണ്ട്. പലരുടെയും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. വൃദ്ധസദനത്തിന്റെ മാനേജര്‍ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവര്‍ക്കെതിരെ, ശാരീരിക ഉപദ്രവം, അന്യായമായി തടഞ്ഞുവയ്ക്കല്‍, ബാലവേല തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് രാജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെന്നീര്‍ക്കര, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥാപനത്തില്‍ പരിശോധന നടത്തി.Content Highlights: An investigation has started against the Elohim Global Worship Center in Pathanamthitta after a 17-year-old boy alleged physical abuse and forced labor. Authorities found evidence of child labor during initial inspections at the center. Cases were registered against three staff members following orders from Minister Bindu Krishna.