ഫിഫ ലോകകപ്പ്: യു എസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സോമാലിയന്‍ റഫറി അര്‍ത്താന് മുഴുവന്‍ മാച്ച് ഫീയും ലഭിക്കും

Wait 5 sec.

സൂറിച്ച് | ലോകകപ്പ് ഫുട്‌ബോള്‍ ഒഫീഷ്യലായി പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട സോമാലിയന്‍ റഫറി ഉമര്‍ അര്‍ത്താന് മുഴുവന്‍ മാച്ച് ഫീയും ലഭിക്കും. അര്‍ത്താന് ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ കഴിയില്ലെങ്കിലും ഫീ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ അറിയിക്കുകയായിരുന്നു.അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് അര്‍ത്താന്റെ യാത്ര പ്രതിസന്ധിയിലായത്. ഭീകര സംഘടനകളില്‍ അംഗങ്ങളാണെന്ന് സംശയിക്കപ്പെടുന്നവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന് യു എസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്.അര്‍ത്താനെ 11 മണിക്കൂറോളമാണ് യു എസ് കുടിയേറ്റ വകുപ്പ് അധികൃതര്‍ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇന്ന് ചോദ്യം ചെയ്തത്. ഇതിനു മുമ്പ് തന്നെ അദ്ദേഹത്തിന് പാസ്‌പോര്‍ട്ടും വിസയും നിഷേധിക്കപ്പെട്ടിരുന്നു.സോമാലി ഭീകര ഗ്രൂപ്പായ അല്‍ ഷബാബുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തതായി അര്‍ത്താന്‍ പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍, ഈ ഗ്രൂപ്പിനെ സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കൃത്യമായ രേഖകളും വിസയും ഉണ്ടായിട്ടും തന്റെ യാത്ര വിലക്കപ്പെടുകയായിരുന്നു. ലോകകപ്പിനെത്തുകയെന്ന ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു റഫറി മാത്രമാണ് താന്‍.’- അര്‍ത്താന്‍ പ്രതികരിച്ചു.തുര്‍ക്കിയിലേക്ക് തിരിച്ചയക്കപ്പെട്ട അര്‍ത്താന്‍ പിന്നീട് സോമാലി തലസ്ഥാനമായ മൊഗദിഷുവിലേക്ക് മടങ്ങി. മടക്കയാത്രക്ക് ഇസ്താന്‍ബൂളിലെ ഫിഫ ഒഫീഷ്യലുകള്‍ സഹായം നല്‍കി.