ലഹരി വളര്‍ന്നതും പടര്‍ന്നതും

Wait 5 sec.

ഭൂപ്രകൃതിയെയും അതിലെ മനുഷ്യവാസത്തെയും കേന്ദ്രീകരിച്ച് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം പ്രധാനപ്പെട്ടതാണ്. അതിനപ്പുറം, കേരളം നേടിയെടുത്ത നവോത്ഥാന മൂല്യബോധവും മതേതര ജീവിതവും ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തെ ശക്തിപ്പെടുത്തുന്നതാണ്.എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ് കേരളീയര്‍. അങ്ങനെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ അതിഥി തൊഴിലാളികളായി മാറിയത്. എന്നാല്‍ അവരില്‍ ചെറിയൊരു വിഭാഗം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറിയതിനെ ഗൗരവത്തില്‍ കാണേണ്ടതുണ്ട്.അതിഥി തൊഴിലാളികളുടെ പങ്ക്്കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ പതുക്കെപ്പതുക്കെ തുടങ്ങി, ഇപ്പോള്‍ ഒരു നിയന്ത്രണവും ഇല്ലാത്ത വിധം ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചതില്‍ അതിഥി തൊഴിലാളികളുടെ പങ്ക് ചെറുതല്ല. അവരുടേതടക്കം കുടുംബത്തിലും സമൂഹത്തിലും അതുണ്ടാക്കുന്ന അതിഭീകരമായ ഭവിഷ്യത്തുകള്‍ മനുഷ്യരുടെ സാധാരണ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ അപകടം നേരത്തേ യുവാക്കളില്‍ മാത്രം ആയിരുന്നെങ്കില്‍, ഇന്ന് സ്‌കൂളുകളിലും യുവാക്കളുടെ സാന്നിധ്യം ഏറെയുള്ള ഐ ടി മേഖലയിലെ തൊഴിലിടങ്ങളിലും സര്‍വസാധാരണയായി തീര്‍ന്നു. ഒരു വിഭാഗം ഉപയോഗത്തിലൂടെ കണ്ടെത്തുന്ന ലഹരി മറ്റൊരു വിഭാഗത്തിന് കോടികള്‍ സമ്പാദിക്കാനുള്ള അവിഹിത തൊഴില്‍ മാര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. മലയാളികള്‍ക്കൊപ്പം അതിഥി തൊഴിലാളികളും ഇതൊരു വരുമാനമായി കണ്ടെത്തിക്കഴിഞ്ഞു. മലയാളികള്‍ക്കൊപ്പം ഇവര്‍ക്കിടയിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.ഇത്തരം കേസില്‍ കുടുങ്ങിയാല്‍ ഗൗരവത്തിലുള്ള ശിക്ഷ ലഭിക്കുമെന്ന് അവരെ അറിയിക്കേണ്ടതുണ്ട്.ലഹരിക്കെതിരെയുള്ള ബോധവത്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയമപരമായ പരിശോധന, അറസ്റ്റ്, കോടതിവിധി ഒക്കെ ഉണ്ടായിട്ടും ദിനംപ്രതി ലഹരി വില്‍പ്പനയും അതിന്റെ ഉപഭോഗവും വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് ദേശത്തെ ജനങ്ങള്‍ ഇടപെടേണ്ടതിന്റെ ആവശ്യകത വര്‍ധിക്കുന്നത്.കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നവരാണ് അതിഥി തൊഴിലാളികള്‍. അവരില്‍ ഒരുവിഭാഗം കുടുംബമായി താമസിക്കുന്നവരാണ്. കുട്ടികള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിച്ച് വിദ്യാസമ്പന്നരായി വളര്‍ന്നു വരുന്നു. അതിനിടയിലാണ് മറ്റൊരു വിഭാഗം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുന്നത്. അതിനാല്‍ അതിഥി തൊഴിലാളികള്‍ക്കിടയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയമപരമായി കണ്ടെത്തി ശിക്ഷിക്കണം. അതിന്റെ പേരില്‍ നിരപരാധികളെ ജനങ്ങള്‍ കൈകാര്യം ചെയ്യാനും പാടില്ല.ലഹരിയും യുവതലമുറയുംകഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ലഹരി ഉപയോഗത്തിന്റെ അളവും പിടിക്കപ്പെടുന്നവരുടെ എണ്ണവും ക്രമാനുഗതമായി കൂടിയിട്ടുണ്ട്. അങ്ങനെ പിടിക്കപ്പെട്ട വ്യക്തികളെ അതിശയത്തോടെ നോക്കുന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു. അതിലുപരി അതിലെ പ്രതികളായവരുടെ കുടുംബം സമൂഹത്തില്‍ ഒറ്റപ്പെടുകയോ സാധാരണ സാമൂഹിക ജീവിതത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് സ്വയം മാറിനില്‍ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ പതുക്കെ പതുക്കെ ലഹരി ഉത്പന്നങ്ങളുടെ വിപണനം വര്‍ധിക്കുകയും ഉപഭോഗം പുകവലിക്ക് സമാനമായ രീതിയില്‍ പൊതുവായി മാറുകയും ചെയ്തു. വളരെ രഹസ്യമായി വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മാറി. രണ്ടും മൂന്നും പേരടങ്ങുന്ന കൂട്ടം പൊതു ഇടങ്ങളില്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്ന ഘട്ടത്തിലേക്ക് കേരളത്തിലെ നഗര ജീവിതങ്ങള്‍ മാറി.അത്തരത്തില്‍ ജീവിതത്തെ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നഗരജീവിതത്തിലെ സിനിമാ മേഖലയിലുള്‍പ്പെടെയുള്ള ഉപഭോഗ സൗകര്യങ്ങള്‍ മാറി. വല്ലപ്പോഴും വീട്ടിലെത്തുന്ന, ലഹരി തൊഴിലാക്കിയ ചെറുപ്പക്കാരിലുണ്ടായിട്ടുള്ള മാറ്റങ്ങളെ വീട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ വന്നു. അങ്ങനെയുള്ള വീടുകള്‍ ലഹരി ഉപയോഗത്തിന്റെ ഇടത്താവളങ്ങളായി മാറി. കോടിക്കണക്കിന് രൂപയുടെ വിപണി മൂല്യമുള്ള ലഹരി വസ്തുക്കള്‍ പല രീതിയിലാണ് ഉപയോഗത്തിന് പാകപ്പെടുന്നത്.തുടക്കത്തില്‍ ഉപയോഗിക്കുക എന്നത് ഒരു സുഖാനുഭവമാണെങ്കില്‍ പിന്നീട് അത് ദൈനംദിന ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാരീരിക ആവശ്യമായിത്തീര്‍ന്നു. ഭക്ഷണത്തേക്കാളും പാനീയത്തേക്കാളും അടിയന്തര ആവശ്യമുള്ളതായി ലഹരി അത് ഉപയോഗിക്കുന്നവരിലേക്ക് ചെന്നിറങ്ങി. ഇതിന്റെ അടിമയാകുന്നതോടു കൂടി വാങ്ങാനുള്ള പണം കണ്ടെത്തുക എന്നത് പല രീതിയിലും ഉപഭോക്താക്കളെ കുഴക്കി. അവിടെ നിന്നാണ് നഗരങ്ങളിലെ സൗഹൃദവലയങ്ങളില്‍ നിന്ന് പുതിയ ഉപയോക്താക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്. അത് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള ഒരു വ്യക്തി ആയിരിക്കാം. അയാളിലേക്ക് ലഹരിയുടെ ചെറിയൊരു സുഖാനുഭൂതി പകര്‍ന്ന്, പിന്നീട് അതിന്റെ അടിമയാക്കുന്നു.ഈ രീതിയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു. ഇതുവഴി വിപണിയെന്ന തന്ത്രത്തെയാണ് ലഹരി ഉപയോഗിക്കുന്ന വ്യക്തി രൂപപ്പെടുത്തുന്നത്. അയാള്‍ തന്റെ അടുത്ത സുഹൃത്തിന് വില്‍പ്പന നടത്തുന്നതോടുകൂടി അതിന്റെ ഒരു ലാഭം അയാള്‍ക്ക് ഉപയോഗിക്കാനും ബാക്കിയുള്ളത് ആഡംബര ജീവിതം നയിക്കാനുമുള്ള വഴിയായി മാറുന്നു. ഇങ്ങനെ ലഹരി വില്‍പ്പന സ്ഥിരം തൊഴിലാക്കിയ യുവാക്കള്‍ സമൂഹത്തില്‍ വളര്‍ന്നുവരാന്‍ തുടങ്ങി. ഇവരുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയില്‍ ആകൃഷ്ടരായത് യുവാക്കള്‍ മാത്രമായിരുന്നില്ല. യുവതികളും അതിന്റെ ഭാഗമായി. അതോടുകൂടി സ്ത്രീകള്‍ക്കിടയില്‍ ലഹരിയുടെ വ്യാപനം എളുപ്പമായി. ആദ്യം ഇത് കോളജുകളെ കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും നഗര കേന്ദ്രീകൃത വില്‍പ്പന ശക്തമായതോടു കൂടി അടുത്ത വിപണനം ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വളരാന്‍ തുടങ്ങി. ഇന്ന് ഗ്രാമങ്ങളാണ് അതിവേഗം ലഹരിക്ക് അടിപ്പെടുന്നത്.ലഹരി പടരുന്നഗ്രാമീണ ജീവിതംഅതിവേഗത്തില്‍ ഗ്രാമങ്ങള്‍ നഗരവത്കരിക്കപ്പെടുന്ന ഒരു ദേശമാണ് കേരളം. നേരത്തേ നമുക്കുണ്ടായിരുന്ന ഗ്രാമീണ ജീവിത സാഹചര്യങ്ങളല്ല ഇന്നുള്ളത്. കേരളം നേടിയ ഭൗതിക ജീവിത സാഹചര്യങ്ങളും അടിസ്ഥാന മേഖലയില്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളും നഗര ജീവിതത്തിന് സമാനമായ മറ്റൊരു ജീവിതത്തെ ഗ്രാമങ്ങളിലും രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. സഞ്ചാര സൗകര്യങ്ങളും അതിനൊപ്പം നില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളും നഗര ജീവിതത്തിന്റെ സ്വഭാവ ഗുണങ്ങളുള്ള ജീവിത പ്രതിച്ഛായ ഗ്രാമങ്ങളില്‍ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നു.ഒറ്റനോട്ടത്തില്‍ ഒരു നാടിന്റെ, ദേശത്തിന്റെ പുരോഗമനത്തിന്റെ അടയാളമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ പുരോഗമനവും വികസനവും മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും ഭൗതിക ജീവിത നിലവാരത്തിലും എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നത് കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നേരത്തേ കിലോമീറ്ററുകള്‍ നടന്ന് എത്തുന്ന വിദ്യാലയങ്ങളിലേക്ക് ഇന്ന് വാഹന സൗകര്യങ്ങള്‍ വന്നുകഴിഞ്ഞു. ഇത് കുട്ടികളില്‍ നടന്നു പോകുന്ന വഴികളിലെ സൗഹൃദങ്ങളെ ഇല്ലാതാക്കുകയും സ്‌കൂളിലേക്കുള്ള വരവും പോക്കും പഠനത്തോടൊപ്പം ക്രമീകരിക്കപ്പെടുകയും ചെയ്തു. ഈ ക്രമീകരണങ്ങള്‍ ഏതൊക്കെ തരത്തിലാണ് സാമൂഹിക ബന്ധങ്ങളെ സ്വാധീനിച്ചത് എന്നത് കൂടി ഗൗരവപ്പെട്ട പഠനം നടത്തണം.ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും വ്യക്തികള്‍ ഗ്രാമീണ ജീവിതാന്തരീക്ഷത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഈ മാറ്റത്തെ സൃഷ്ടിച്ചത് സമ്പത്താണ്. സമ്പത്തിന്റെ വിനിയോഗം നഗരജീവിതത്തിന്റെ പൊള്ളയായ ബൗദ്ധിക ആസക്തിയിലേക്ക് ഗ്രാമജീവിതത്തെയും അതിവേഗത്തില്‍ എത്തിച്ചു. ഇതിന്റെ പരിണതഫലം എന്നോണം യുവതലമുറ വീട്ടില്‍ നിന്നിറങ്ങി ഗ്രാമത്തിലേക്ക് അലിഞ്ഞുചേരേണ്ടതിനുപകരം അവര്‍ നഗര ജീവിതത്തിന്റെ ഭാഗമായി.ഇതുണ്ടാക്കിയ നിരവധി സാമൂഹിക പ്രതിസന്ധികളില്‍ പ്രധാനപ്പെട്ട ഒന്ന്, പ്രായഭേദമന്യേ നേരത്തേ നിലനിന്ന സൗഹൃദ ചര്‍ച്ചകളും വിനോദ വേളകളും അന്യംനിന്നു എന്നതാണ്. അതിനു പകരം ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതയിലേക്ക് യുവതലമുറയുടെ കണ്ണുകള്‍ ചെന്നുപതിച്ചു. അത് അവരുടെ നോട്ടത്തെ പോലും ബാധിച്ചു. മുഖത്തോട് മുഖം നോക്കുന്നതിനു പകരം മുഖം കുനിഞ്ഞുള്ള നോട്ടം മുന്നിലെ യഥാര്‍ഥ കാഴ്ചയില്‍ നിന്ന് അവരെ അകറ്റാന്‍ തുടങ്ങി. അതുവഴി രൂപപ്പെട്ട പുതിയ കാഴ്ചയും അനുഭവവും വ്യക്തിപരമായ സുഖാനുഭവത്തിന്റെ ആഴങ്ങളിലേക്ക് അവരെ കൈപിടിച്ചു കൊണ്ടുപോയി. ആ സുഖാനുഭവത്തിന്റെ ആത്യന്തികമായ അവകാശി പല രീതിയിലുള്ള ലഹരിയാണെന്ന് ഏറെക്കുറെ നഗരജീവിതത്തെ പോലെ ഗ്രാമ ജീവിതത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു.ലഹരിയുമായി ബന്ധപ്പെട്ട വിശകലനങ്ങളില്‍ ഗ്രാമജീവിതത്തിന്റെ നേര്‍ത്ത സ്പന്ദനങ്ങള്‍ പോലും പരാമര്‍ശിക്കപ്പെടുന്നതിന് കാരണമുണ്ട്. നേരത്തേ സാധാരണ ജീവിതം അതിവേഗത്തില്‍ ക്രിമിനല്‍വത്കരണത്തിന് പാകപ്പെട്ടത് നഗരത്തിലായിരുന്നു.കുത്തഴിഞ്ഞ ജീവിതവും ഗുണ്ടായിസവും നഗരങ്ങളെ  കേന്ദ്രീകരിച്ചാണ് വളര്‍ന്നുവന്നത്. ഇന്നത് നഗരങ്ങളെ പോലെ ഗ്രാമങ്ങളെയും പിടികൂടിയിരിക്കുന്നു. എങ്ങനെയാണ് ആ സാഹചര്യം രൂപപ്പെട്ടത് എന്ന് പരിശോധിക്കുമ്പോഴാണ് അതില്‍ ഡിജിറ്റല്‍ കാലത്തിനുള്ള സ്വാധീനത്തെ മനസ്സിലാക്കാന്‍ കഴിയുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടക്കം കുറിച്ച തൂഫാന്‍ പദ്ധതി പ്രകാരം അറസ്റ്റിലാകുന്നവര്‍ നഗരത്തില്‍ ഉള്ളവര്‍ മാത്രമല്ല. നേരത്തേ ഗ്രാമ ജീവിതത്തിന്റെ സവിശേഷ ജീവിത ഗന്ധമുള്ള നിരവധി ഇടങ്ങളില്‍ നിന്ന് നിരോധിത ലഹരി ഉത്പന്നങ്ങളും എം ഡി എം പോലെയുള്ള മാരക ലഹരിവസ്തുക്കളും കണ്ടെടുക്കുന്ന ചിത്രങ്ങള്‍  നിമിഷംപ്രതി ലോകം കാണുകയാണ്.വീടുകളിലെ ഉറക്കമുറിക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ച ഇത്തരം ഉത്പന്നങ്ങള്‍ വീട്ടുടമ തന്നെ കച്ചവടത്തിന് വേണ്ടി തയ്യാറാക്കി വെച്ചതാണ്. അത് ഉപയോഗിച്ച് തകരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ തന്റെ വീട്ടിലും ഉണ്ടെന്ന പ്രാഥമിക ബോധം പോലും നഷ്ടപ്പെട്ടവരായി രക്ഷിതാക്കള്‍ മാറിയിരിക്കുന്നു. നേരത്തേ എല്ലാ കുറ്റങ്ങളുടെയും ഉത്ഭവസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെട്ടത് നഗരകേന്ദ്രീകൃത ജീവിതമായിരുന്നു. ഇതിന് കാരണം, നഗരത്തില്‍ ഇത്തരക്കാര്‍ക്ക് കിട്ടുന്ന സൗകര്യങ്ങളായിരുന്നു. നഗരജീവിതം ഇതിനൊക്കെ പാകപ്പെട്ടതാണെന്ന മുന്‍വിധിയുമുണ്ടായിരുന്നു. ഇപ്പോള്‍ ഗ്രാമജീവിതത്തില്‍ ഭീകരമായ രീതിയിലുള്ള ലഹരി ഉപയോക്താക്കളെയും വില്‍പ്പനക്കാരെയും കണ്ടെത്താന്‍ കഴിയുന്നു. അതില്‍ നവമാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ ജീവിതത്തിലുമുള്ള പങ്ക് പരിശോധിക്കേണ്ടതുണ്ട്.      (തുടരും) Content Highlights:Kerala is witnessing a dangerous rise in illicit drug trafficking and consumption expanding rapidly from urban centers into rural villages. The unchecked flow of synthetic drugs like MDMC is heavily influencing the youth, fueled by digital networks and a section of migrant laborers turning to the trade. Despite extensive checks and awareness campaigns, community-level intervention is now critical to saving the generation.