ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ദൂരവ്യാപകമായ ദൂഷ്യഫലങ്ങളുളവാക്കുന്ന നടപടിയാണിത്. മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുകയാണ് ധനപരമായ തീരുമാനമെന്ന വ്യാജേന മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ഇതുവരെ കേരളത്തിലെ വിപണിയിലേക്ക് കടന്നുവന്നിട്ടില്ലാത്ത മദ്യ ഇനങ്ങളുടെയും കമ്പനികളുടെയും കുത്തൊഴുക്കിനാകും ഈ തീരുമാനം വഴിവെക്കുക. കൂടുതല്‍ യുവാക്കളെ മദ്യ ഉപഭോഗത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇത് കാരണമാകും.മദ്യത്തെ വീര്യം കൂടിയത്, കുറഞ്ഞത്, ശുദ്ധം, വ്യാജം എന്നൊക്കെ തരംതിരിക്കുന്നത് തന്നെ എത്ര വിഡ്ഢിത്തമാണ്. എല്ലാ തിന്മകളുടെയും മൂല്യച്യുതിയുടെയും സംഘര്‍ഷത്തിന്റെയും പ്രഭവകേന്ദ്രമായ മദ്യത്തിന്റെ സമ്പൂര്‍ണ നിരോധനമാണ് സ്വബോധമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടത്. മദ്യവര്‍ജനം പരാജയപ്പെട്ട ആശയമാണെന്ന് എന്നേ തെളിഞ്ഞതാണ്. വസ്തുത അതായിരിക്കെ വീര്യം കുറഞ്ഞതെന്ന ലേബലൊട്ടിച്ച് കൂടുതല്‍ മദ്യമൊഴുക്കുന്നത് പുതുതലമുറയോടും വരാനിരിക്കുന്ന തലമുറയോടുമുള്ള കൊടും ക്രൂരതയായിരിക്കും. വാക്കാണ് വലുത്, വാക്കിലുറച്ച് നില്‍ക്കുമെന്ന് ഇടക്കിടെ അവകാശപ്പെടാറുള്ള മുഖ്യമന്ത്രി സതീശന്‍ ആ കസേരയിലിരിക്കുമ്പോള്‍ കേവലം വരുമാനം ലക്ഷ്യമിട്ട് ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്തരം നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ചയാളാണ് വി ഡി സതീശന്‍. യു ഡി എഫ് മന്ത്രിസഭ ഒരു കാരണവശാലും ഈ അപകടകരമായ നയവുമായി മുന്നോട്ടുപോകരുത്. തിരഞ്ഞെടുപ്പിന് മുമ്പെടുത്ത നിലപാടുകളോടും പ്രകടന പത്രികയോടും അദ്ദേഹം നീതി ചെയ്യണം. ഒരു വശത്ത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഓപറേഷന്‍ തൂഫാന്‍ സമഗ്രമായി പുരോഗമിക്കുകയും സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും നേതാക്കളും അതിനെ സര്‍വാത്മനാ പിന്തുണക്കുകയും ചെയ്യുമ്പോഴാണ് മറുവശത്ത് മദ്യവ്യാപനത്തിന് പഴുതൊരുക്കുന്നത്. മദ്യത്തില്‍ നിന്നാണ് രാസലഹരിയിലേക്കടക്കം യുവാക്കള്‍ സഞ്ചരിക്കുന്നതെന്ന വസ്തുത മറന്നുപോകരുത്.വീര്യം എന്നതിന്റെ അര്‍ഥം ആല്‍ക്കഹോള്‍ ഉള്ളടക്കം എന്നാണല്ലോ. കുറഞ്ഞതില്‍ നിന്ന് കൂടിയതിലേക്ക് മാത്രമേ ആസക്തി സഞ്ചരിക്കുകയുള്ളൂ.വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചത് എക്‌സൈസ് വകുപ്പോ മന്ത്രിയോ അറിയാതെയാണെന്നും മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ച ചെയ്യാതെ ധനകാര്യ വകുപ്പാണ് നികുതി നിശ്ചയിച്ചതെന്നുമുള്ള വസ്തുത മുന്നിലുണ്ട്. യു ഡി എഫിന്റെ മദ്യനയം പ്രഖ്യാപിച്ചില്ലെന്നിരിക്കെ നയപരമായ പ്രാധാന്യമുള്ള നികുതി നിര്‍ദേശം എങ്ങനെയാണ് ബജറ്റിലേക്ക് കയറിവന്നത്? നയപരമായ ഒരു തീരുമാനവും എക്‌സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വില്‍ക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് എക്‌സൈസ് മന്ത്രി എം ലിജു പറയുന്നത്. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യത്തിനാണ് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചത്. 0.5 മുതല്‍ 10 ശതമാനം വരെ ആല്‍ക്കഹോളുള്ള മദ്യത്തിന് 120 ശതമാനം, 10 മുതല്‍ 20 ശതമാനം വരെയുള്ളവക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022- 23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്‌തെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. അതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വില്‍ക്കുന്ന അതേ നികുതി (251 ശതമാനം) തന്നെ നല്‍കി “വീര്യം കുറഞ്ഞ’ വിഭാഗത്തില്‍ വരുന്ന മദ്യം വില്‍ക്കേണ്ടിയിരുന്നു. ഇത് ലാഭകരമല്ലെന്ന് കണ്ട് കമ്പനികള്‍ വന്നില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയുമില്ല.എന്നാലിപ്പോള്‍ പുതിയ നികുതി ഘടന വന്നതോടെ നേരത്തേ മടിച്ചുനിന്ന കമ്പനികള്‍ കേരളത്തിലേക്ക് കൂട്ടത്തോടെ ഇരച്ചുവരും.മദ്യ ഉപഭോഗം വ്യാപകമാകുന്നതിന്റെ പ്രശ്‌നം മാത്രമല്ല ഈ തീരുമാനത്തിലുള്ളത്. വലിയ അഴിമതിയിലേക്കുള്ള വാതിലാണ് തുറന്നിടുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ മദ്യനയത്തിലെ ദിശാമാറ്റത്തില്‍ അതിരൂക്ഷമായ അഴിമതിയാരോപണം ഉന്നയിച്ചയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി.അന്ന് കാര്‍ഷിക വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതിനെ പൊതുസമൂഹം അന്ന് ശക്തമായി എതിര്‍ത്തതാണ്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ കാര്‍ഷിക ഇളവുകളുടെ പേര് പറഞ്ഞ് വന്‍കിട സ്വകാര്യ മദ്യക്കമ്പനികളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇത് അഴിമതി ഇടപാടുകളിലേക്ക് നീങ്ങാനുള്ള സാധ്യതയേറെയാണ്. അന്താരാഷ്ട്ര വിപണിയില്‍ വലിയ ജനപ്രീതിയുള്ള “റെഡി ടു ഡ്രിങ്ക്’ ബിവറേജുകളും പഴങ്ങളുടെ രുചിയുള്ള ലൈറ്റ് ഡ്രിങ്കുകളും ബെവ്‌കോ വഴി കേരള വിപണിയിലെത്താന്‍ വലിയ ബിസിനസ്സ് സാധ്യതയാണ് തുറക്കുന്നത്. ഈ കമ്പനികളൊന്നും വെറുതെ കയറി വരുന്നതല്ല. വമ്പന്‍ ലാഭം തന്നെയാണ് ലക്ഷ്യം. കേരള ജനതയെ മദ്യത്തില്‍മുക്കി ഇവര്‍ നേടുന്ന കോടികളില്‍ ആര്‍ക്കൊക്കെ പങ്ക് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.മുന്‍കാലങ്ങളില്‍ സംസ്ഥാനത്തെ പിടിച്ചുലച്ച ബാര്‍ കോഴ അടക്കമുള്ള അഴിമതിയാരോപണങ്ങള്‍ ആരും മറക്കാനിടയില്ല. വലിയ പ്രതിച്ഛായ നേടിയെടുത്തുവെന്നും പുതുയുഗത്തിലേക്ക് സംസ്ഥാനത്തെ നയിച്ചു തുടങ്ങിയെന്നും ആത്മവിശ്വാസം കൊള്ളുന്ന യു ഡി എഫ് സര്‍ക്കാര്‍ വഴിവിട്ട നിലയിലേക്ക് നീങ്ങിയാല്‍ ജയിപ്പിച്ച ജനത തന്നെ തിരിഞ്ഞുനില്‍ക്കുമെന്നുറപ്പാണ്. ഏത് വിമര്‍ശം വന്നാലും മുന്‍ സര്‍ക്കാറിനെ പഴിച്ച് രക്ഷപ്പെടാമെന്നത് ശരിയായ സമീപനമല്ല. ബജറ്റ് ചര്‍ച്ചകള്‍ക്കിടെ യു ഡി എഫിലെ ഘടക കക്ഷികള്‍ തന്നെ ശക്തമായ വിമര്‍ശം ഉയര്‍ത്തിക്കൊണ്ടുവരണം. മുന്നണിയുടെ ഉേദ്ദശ്യലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നിര്‍ദേശവുമായി മുന്നോട്ട് പോകരുതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരന്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു. സ്വസ്ഥമായ ജീവിതം ആഗ്രഹിക്കുന്ന മുഴുവന്‍ പേരും പ്രതിരോധവുമായിറങ്ങണം. മുഖ്യമന്ത്രി തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. Content Highlights:Chief Minister and Finance Minister VD Satheesan announced a tax cut for low-alcohol beverages in the Kerala budget. This decision has raised massive concern over potential widespread liquor addiction among youth and corruption allegations. Leaders like VM Sudheeran have strongly urged the UDF government to withdraw this controversial proposal.