ഗാന്ധിനഗര്‍ | സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാരിയുടെ രണ്ട് മക്കള്‍ക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികള്‍ക്ക് 18 വയസ്സ് വരെ എല്ലാ സംരക്ഷണവും നല്‍കുമെന്നും വനം മന്ത്രി ഷിബു ബേബി ജോണ്‍. കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രക്ഷനെ (11) സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരിയുടെ മക്കളായ രക്ഷന്റെയും രക്ഷിണയുടെയും പഠന ചെലവ് സര്‍ക്കാര്‍ വഹിക്കും. 18 വയസ്സ് വരെ റേഷന്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുക്കും.കുട്ടികള്‍ക്ക് എല്ലാ മാസവും 5,000 രൂപ വീതം നല്‍കും. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ മെന്ററായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ടെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അഞ്ച് പേരാണ് കാട്ടാന് ആക്രമണത്തില്‍ മരിച്ചത്. വയനാട്-രണ്ട്, ആതിരപ്പിള്ളി-ഒന്ന്, ചിന്നക്കനാല്‍-ഒന്ന്, കോതമംഗലം-ഒന്ന് എന്നിങ്ങനെയാണ് കണക്ക്. ആതിരപ്പിള്ളി സന്ദര്‍ശിച്ചിരുന്നു. അവിടെ 18 ഓളം ആനകള്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. നൂറ് പേരടങ്ങുന്ന സ്‌പെഷ്യല്‍ ഫോഴ്‌സിനെ നിയോഗിച്ച് ആനകളെ കാട്ടിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 500 പേരടങ്ങുന്ന സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ റിക്രൂട്ട്‌മെന്റ് നടക്കും. ആദിവാസി മേഖലയില്‍ നിന്ന് ഉള്‍പ്പെടെയുള്ളവരെ ഈ ഫോഴ്‌സില്‍ ഉള്‍പ്പെടുത്തും.കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കണ്ടത് നല്ല കാര്യമാണ്. പിണറായി മുഖ്യമന്തിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജില്ലയില്‍ 22 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. മരണം സംഭവിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് അന്ന് അദ്ദേഹം പോയിരുന്നെങ്കില്‍ കേരളത്തിന്റെ വനാതിര്‍ത്തി ഈ സ്ഥിതിയിലാകുകയില്ലായിരുന്നുവെന്ന് വനംമന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവ് തന്നെ കടപ്പുറത്തുകാരന്‍ വിവരദോഷി എന്ന അര്‍ഥത്തില്‍ അപമാനിച്ചു. കടപ്പുറത്ത് കിടക്കുന്നവന്‍ എന്നും കടപ്പുറത്ത് തന്നെ കിടക്കണം എന്ന മനോഭാവം സി പി എം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് എങ്ങനെയുണ്ടായി. ഞാന്‍ കടപ്പുറത്ത് ജനിച്ചവനാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിനുള്ള ഫണ്ട് വനം വകുപ്പിന് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.Content Highlights:The Kerala Forest Minister announced a financial aid package for the family of Mari, who tragically died in a wild elephant attack in Suryanelli. A fixed deposit of Rs 2.5 lakh each will be created for her children. The government aims to secure their future amid rising wildlife conflicts.