ന്യൂയോർക്ക് | എക്സിന്റെ പ്രധാന എതിരാളിയായ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ത്രെഡ്‌സ് പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 50 കോടി (500 മില്യൺ) എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 10 കോടി പുതിയ ഉപയോക്താക്കളെയാണ് ത്രെഡ്‌സ് സ്വന്തമാക്കിയത്. 2025 ഓഗസ്റ്റിൽ 40 കോടി ഉപയോക്താക്കളായിരുന്നു പ്ലാറ്റ്‌ഫോമിനുണ്ടായിരുന്നത്.ഈ നേട്ടത്തോടൊപ്പം ഉപയോക്താക്കൾക്കായി ഒട്ടനവധി പുതിയ ഫീച്ചറുകളും ത്രെഡ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഫീഡിൽ ഏതൊക്കെ തരത്തിലുള്ള ഉള്ളടക്കങ്ങൾ വരണമെന്ന് ഉപയോക്താക്കൾക്ക് സ്വകാര്യമായി നിയന്ത്രിക്കാൻ സാധിക്കുന്ന ‘യുവർ അൽഗോ’ (Your Algo) ഫീച്ചറാണ് ഇതിൽ പ്രധാനപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ‘ഡിയർ അൽഗോ’ എന്ന ടൂളിന്റെ അടുത്ത ഘട്ടമാണിത്. ഡിയർ അൽഗോ ഫീച്ചറിൽ ഉപയോക്താക്കൾക്ക് തങ്ങൾക്ക് കാണേണ്ട വിഷയങ്ങളെക്കുറിച്ച് പബ്ലിക് പോസ്റ്റ് ചെയ്യണമായിരുന്നു. എന്നാൽ പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് താല്പര്യമുള്ളതോ ഇല്ലാത്തതോ ആയ വിഷയങ്ങൾ സ്വകാര്യമായി തന്നെ അൽഗോരിതത്തെ അറിയിക്കാം. ഈ ക്രമീകരണം ഒന്ന്, മൂന്ന്, അല്ലെങ്കിൽ ഏഴ് ദിവസത്തേക്ക് നിലനിർത്താനും സാധിക്കും. ഈ ഫീച്ചർ നിലവിൽ യു എസ്, കാനഡ, യു കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ലഭ്യമായിത്തുടങ്ങി.ഇതോടൊപ്പം ‘കമ്മ്യൂണിറ്റീസ്’ ഫീച്ചർ ബീറ്റാ പതിപ്പിൽ നിന്നും മാറ്റി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ, ടെലിവിഷൻ, കെ പോപ്പ്, പുസ്തകങ്ങൾ തുടങ്ങിയ താല്പര്യമുള്ള വിഷയങ്ങളിൽ ഉപയോക്താക്കൾക്ക് ഗ്രൂപ്പുകളായി ചർച്ച ചെയ്യാനുള്ള സൗകര്യമാണിത്. ഇവ എളുപ്പത്തിൽ കണ്ടെത്താനായി ‘കമ്മ്യൂണിറ്റീസ് ഹബ്’ എന്ന ഫീച്ചറും ഒപ്പം ഓരോ കമ്മ്യൂണിറ്റിക്കും പ്രത്യേക ഐക്കണുകളും നൽകിയിട്ടുണ്ട്.കൂടാതെ ഫിഫ വേൾഡ് കപ്പ് പോലുള്ള തത്സമയ ഇവന്റുകൾക്കിടയിൽ തത്സമയ ചർച്ചകൾ സാധ്യമാക്കുന്ന ‘ലൈവ് ചാറ്റ്‌സ്’ ഫീച്ചർ കൂടുതൽ കമ്മ്യൂണിറ്റികളിലേക്ക് വ്യാപിപ്പിക്കും. ചാറ്റുകൾ കോ ഹോസ്റ്റ് ചെയ്യാനും പ്രധാന നിമിഷങ്ങൾ ഫീഡിലേക്ക് ക്വോട്ട് ചെയ്യാനുമുള്ള സൗകര്യവും ഇതിലുണ്ട്. ജൂലൈ മാസത്തോടെ എല്ലാ കമ്മ്യൂണിറ്റികൾക്കും ലൈവ് ചാറ്റ് ആരംഭിക്കാൻ സാധിക്കുമെന്ന് ഇൻസ്റ്റാഗ്രാം ഹെഡ് കോണർ ഹെയ്‌സ് വ്യക്തമാക്കി. വീഡിയോ കേന്ദ്രീകൃതമായ ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് ത്രെഡ്‌സ് നൽകുന്ന ശാന്തത ഉപയോക്താക്കൾക്ക് മികച്ചൊരു അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡി എം എസ്, ഗോസ്റ്റ് പോസ്റ്റുകൾ, ഡെസ്ക്ടോപ്പ് മെസ്സേജിംഗ് തുടങ്ങിയ ഫീച്ചറുകളും ത്രെഡ്‌സ് അവതരിപ്പിച്ചിരുന്നു.SummaryContent Highlights: Meta’s Threads has officially crossed 500 million monthly active users, gaining 100 million in just ten months. To celebrate, the platform launched the “Your Algo” feature for private feed control, an enhanced “Communities Hub” with custom icons, and expanded “Live Chats” for real-time events.